Skip to main content

ഗുരുവായൂരിനെ തീർത്ഥാടന ടൂറിസം കേന്ദ്രമാക്കുന്നത് പരിഗണിക്കും - മന്ത്രി മുഹമ്മദ് റിയാസ്

 

 

പര്യവേക്ഷണം ചെയ്യാത്ത നിരവധി ടൂറിസം സ്പോട്ടുകൾ കേരളത്തിൽ ഇനിയുമുണ്ടെന്നും അവ കൂട്ടി യോജിപ്പിച്ച് ലോകത്തെ അറിയിക്കുകയാണ് ലക്ഷ്യമെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. അത്തരത്തിൽ ഇനിയുമേറെ സാധ്യതകൾ ഉപയോഗിക്കാത്ത പത്തു കേന്ദ്രങ്ങളിൽ ഒന്നാണ് ഗുരുവായൂരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുരുവായൂരിലെ നവീകരിച്ച കെടിഡിസി 'ആഹാർ' റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വിനോദസഞ്ചാരത്തിന്റെ അനന്ത സാധ്യതകൾ കണ്ടെത്താനുള്ള പര്യടനം കൂടിയാണിതെന്ന് മന്ത്രി പറഞ്ഞു. 

 

പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ഗുരുവായൂരിലെ റോഡുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കും. എംഎൽഎയും നാട്ടുകാരും തന്ന നിവേദനങ്ങൾ പരിശോധിച്ച് തീർത്ഥാടന ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിന് ഗുരുവായൂരിന്റെയും സമീപ പ്രദേശങ്ങളുടേയും മറ്റ് സാധ്യതകൾ കൂടി പരിശോധിക്കും. ദേവസ്വം മന്ത്രിയുമായി കൂടിയാലോചിച്ച് ടൂറിസത്തിൽ വലിയ പരിഗണന ഗുരുവായൂരിന് ഉറപ്പാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. 

 

നിശ്ചിത സമയത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള ടൂറിസം പദ്ധതികൾക്ക് പുറമെ, ചക്കംകണ്ടം കായൽ, ചാവക്കാട് കടൽ, ആനക്കോട്ട എന്നിങ്ങനെ പിൽഗ്രിം ടൂറിസത്തിനുള്ള അനന്ത സാധ്യതകൾ കൂടി കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു. വൈകാതെ ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനും യാത്രകൾക്കും സഹായകരമാകുന്നതിനായുള്ള സംസ്ഥാന സർക്കാരിന്റെ ആപ്പ് രൂപീകരിക്കും. 

 

ടൂറിസം മേഖലയിലെ പൊതുമേഖലാ സ്ഥാപനമായ കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷന്റെ നേതൃത്വത്തിൽ ഹോട്ടലുകളുടെയും റസ്റ്റോറന്റുകളുടെയും നവീകരണം നടന്നുവരുന്നതിന്റെ ഭാഗമായാണ് കേരള വിനോദസഞ്ചാര വികസന കോർപ്പറേഷന്റെ ഗുരുവായൂരിലെ ആഹാർ റസ്റ്റോറന്റ് നവീകരിച്ചത്. കെടിഡിസിയുടെ ഗുരുവായൂരിലെ 'ടാമറിന്റ്' ഹോട്ടലിലെ റസ്റ്റോറന്റ് തീർത്ഥാടകരുടെ സൗകര്യാർഥം നവീകരണം നടത്തിയാണ് ആഹാർ റസ്റ്റോറന്റ് എന്ന നാമത്തിൽ പ്രവർത്തനം തുടങ്ങിയത്. 

 

വിശ്രമത്തിനും താമസിക്കുന്നതിനും ശീതീകരിച്ചതും അല്ലാത്തതുമായ മുറികൾ, വിവാഹ ഹാൾ, വിശാലമായ പാർക്കിങ് സൗകര്യങ്ങൾ എന്നിവ ആഹാരിൽ ഒരുക്കിയിട്ടുണ്ട്. റസ്റ്റോറന്റ്ലേക്ക് കയറിയിറങ്ങുന്ന വാഹനങ്ങൾ മൂലം അപകടം ഒഴിവാക്കാൻ പരിസരത്ത് വിളക്കുകൾ ഉള്ള ഇന്റർലോക്ക് പേവർ ടൈലുകൾ സജ്ജമാക്കിയിട്ടുണ്ട്. എൻ കെ അക്ബർ എംഎൽഎ, ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, ഡിറ്റിപിസി ഡെപ്യൂട്ടി ഡയറക്ടർ കെ രാധാകൃഷ്ണപിള്ള, സെക്രട്ടറി ഡോ. കവിത, ഗുരുവായൂർ നഗരസഭ കൗൺസിലർമാർ, നഗരസഭ സെക്രട്ടറി പി എസ് ഷിബു തുടങ്ങിയവർ പങ്കെടുത്തു.

date