Skip to main content

ഗുരുവായൂർ ആനക്കോട്ടയും ചക്കംകണ്ടം കായലും മന്ത്രി മുഹമ്മദ് റിയാസ് സന്ദർശിച്ചു

 

 

വിനോദസഞ്ചാരത്തിന്റെ അനന്ത സാധ്യതകൾ കണ്ടെത്താനുള്ള പര്യടനത്തിന്റെ ഭാഗമായി ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഗുരുവായൂരിൽ സന്ദർശനം നടത്തി. ഗുരുവായൂർ ആനക്കോട്ട, ചക്കംകണ്ടം കായൽ എന്നിവിടങ്ങളാണ് മന്ത്രി സന്ദർശിച്ചത്. കേരളത്തിലെ ടൂറിസം സ്പോട്ടുകൾ ലോകത്തെ അറിയിക്കുകയാണ് ടൂറിസം വകുപ്പിന്റെ മുന്നോട്ടുള്ള ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 

 

ആനക്കോട്ടയിലെ ആനകളുടെ സംരക്ഷണം, ചികിത്സാ രീതികൾ എന്നിവ സംബന്ധിച്ച് ഗുരുവായൂർ ദേവസ്വം വകുപ്പ് ചെയർമാൻ അഡ്വ. കെ ബി മോഹൻദാസുമായി മന്ത്രി ചർച്ച ചെയ്തു. ആനകളുടെ മദപ്പാടിനും ചികിത്സയ്ക്കുമായി ഒരു ചികിത്സാലയം വേണമെന്ന ആവശ്യം എൻ കെ അക്ബർ എം എൽ എ മുന്നോട്ട് വെച്ചു. കാര്യങ്ങൾ വിശദമായി പഠിച്ച് പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു. 

 

ചക്കംകണ്ടം സന്ദർശനത്തിൽ നഗരസഭ നൽകുന്ന കായൽ ടൂറിസം പദ്ധതികൾ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ ചക്കംകണ്ടം കായൽ, ചാവക്കാട് കടൽ, ആനക്കോട്ട എന്നിവയൊക്കെ ഒന്നിച്ചു കിടക്കുന്ന ഭൂപ്രദേശമായതിനാൽ ടൂറിസത്തിനുള്ള അനന്ത സാധ്യതകൾ ഗുരുവായൂരിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. എംഎൽഎമാരായ എൻ കെ അക്ബർ, മുരളി പെരുന്നെല്ലി, ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ടി ബ്രീജാകുമാരി, ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ എം ഷെഫീർ, പി ടി കുഞ്ഞിമുഹമ്മദ് എന്നിവരും മന്ത്രിയ്ക്കൊപ്പം സന്നിഹിതരായിരുന്നു.

date