Skip to main content

ശുചിത്വവും തൊഴിൽ നൈപുണ്യവും മുഖ്യലക്ഷ്യം: ഡി പി സി

 

 

ശുചിത്വത്തിനും തൊഴിൽ നൈപുണ്യവികസനത്തിനും പ്രാധാന്യം നൽകിയുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം. 2021‌ - 2 2 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ ഇതിനുള്ള പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകും. 

 

ഈ സാമ്പത്തിക വർഷത്തിൽ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളിൽ മുൻഗണന വേണ്ടവയെപറ്റിയും യോഗത്തിൽ വിശദീകരണം നടത്തി. പദ്ധതികളിൽ കാലതാമസം വരുത്തരുത്. പദ്ധതി നിർമാണത്തിൽ തടസങ്ങൾ ഉണ്ടെങ്കിൽ അത് ആസൂത്രണ സമിതിയെ അറിയിക്കുകയും വേണം. 

 

ശുചിത്വ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടു പോകുവാൻ തദ്ദേശ സ്ഥാപനങ്ങൾ പരിശ്രമിക്കണം. ഹരിത കർമസേന പോലുള്ളവയെ ഉപയോഗിച്ച് മികച്ച മാലിന്യ ശേഖരണം, സംസ്കരണം എന്നിവ കുറ്റമറ്റ രീതിയിൽ നടത്താനാകണം. അതിലുപരി മികച്ച ബോധവത്ക്കരണ പ്രവർത്തനങ്ങളും അതത് മേഖലകളിൽ ഉപയോഗപ്പെടുത്തണമെന്നും തൊഴിൽ നൈപുണ്യ വികസനം ലക്ഷ്യമിട്ട് താഴെത്തട്ടിൽ നിന്നു പോലും അതിൻ്റെ സാധ്യതകളെ കണ്ടെത്തണമെന്നും യോഗം നിർദ്ദേശിച്ചു. ജലരക്ഷ ജീവ രക്ഷ, ശുചിപൂർണ പദ്ധതികൾ നടപ്പാക്കുന്നതിനും യോഗം മാർഗ നിർദ്ദേശം നൽകി. 

 

ജില്ലാ ആസൂത്രണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ മുഴുവൻ ഉൾപ്പെടുത്തി കൊണ്ടുള്ള ആദ്യത്തെ ആസൂത്രണ സമിതി യോഗമാണ് ആസൂത്രണഭവൻ ഹാളിൽ ഓൺലൈനായി നടത്തിയത്. ഇവർക്ക് ജില്ലാ പദ്ധതികളെകുറിച്ചും മാർഗരേഖയെ പറ്റിയും വിശദീകരിച്ചു കൊടുത്തു.

 

യോഗത്തിൽ ഡി പി സി ചെയർമാനായ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവീസ് അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ ഹരിത വി കുമാർ, ഗവ നോമിനി എം എൻ സുധാകരൻ, ജില്ലാ വികസന കമ്മീഷണർ അരുൺ കെ വിജയൻ, പ്ലാനിങ് ഓഫീസർ എൻ കെ ശ്രീകല, വിവിധ വകുപ്പുമേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

date