Skip to main content

സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം സ്വകാര്യ ആശുപത്രികളും തയ്യാറായിരിക്കണം: ജില്ലാ കളക്ടര്‍ 

കോവിഡ് മൂന്നാം തരംഗം ഉണ്ടായാല്‍ പ്രതിരോധിക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം തന്നെ സ്വകാര്യ ആശുപത്രികളും തയ്യാറായിരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കോവിഡ് 19  പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികളുമായി ഓണ്‍ലൈന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.

മാതൃകവചം പദ്ധതി പ്രകാരം ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്കായി എത്തുന്ന മുഴുവന്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവയ്പ് ലഭിക്കുന്നുണ്ടെന്നു സ്വകാര്യ ആശുപത്രികള്‍ ഉറപ്പുവരുത്തണം. കൂടാതെ മറ്റു വാക്‌സിനേഷനും കൂടുതല്‍ നടത്തണം. സ്വകാര്യ ആശുപത്രികളുടെ പരിധിയില്‍ വരുന്ന കമ്യൂണിറ്റി ലിവിംഗ് സെന്ററുകളില്‍കൂടി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ആശുപത്രികളില്‍ കൂടുതല്‍ ഐ.സി.യു, ഓക്‌സിജന്‍ ബെഡുകള്‍ സജ്ജീകരിക്കണം. പീഡിയാട്രിക് ഫെസിലിറ്റികള്‍ എന്നിവ വര്‍ധിപ്പിക്കുകയും വേണം. ഓക്‌സിജന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിഞ്ഞാല്‍ നല്ലതാണ്. ജില്ലയില്‍ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 60 വയസിന് മുകളിലുള്ള അര്‍ഹരായ എല്ലാവര്‍ക്കും ഓഗസ്റ്റ് 15 നു മുന്‍പ് ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും നല്‍കുക എന്ന ലക്ഷ്യം ജില്ലയില്‍ പൂര്‍ത്തീകരിച്ചെന്നും കളക്ടര്‍ പറഞ്ഞു.

മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍  ജില്ല എന്തെല്ലാം തയ്യാറെടുപ്പുകള്‍ നടത്തിയെന്ന് യോഗം വിലയിരുത്തി. സ്വകാര്യ ആശുപത്രികളുടെ പ്ലാനുകള്‍ അടുത്തതായി ചേരുന്ന യോഗത്തില്‍ അവതരിപ്പിക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ജില്ലാ ഭരണകേന്ദ്രവുമായി തുടര്‍ന്നും മികച്ച രീതിയില്‍ പ്രവര്‍ത്തനം നടത്തുമെന്ന് സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ അറിയിച്ചു.

യോഗത്തില്‍ ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date