Skip to main content

കരുതലിന്റെ ഓണക്കാലമൊരുക്കി കുടുംബശ്രീ;  ജില്ലാതല ഓണ വിപണന മേളയ്ക്ക് തുടക്കമായി 

53 പഞ്ചായത്തുകളിലും 4 നഗരസഭകളിലും കുടുംബശ്രീയുടെയും 

തദ്ദേശ സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ മേള

 

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലാതല ഓണ വിപണന മേള ആരംഭിച്ചു. പത്തനംതിട്ട ബസ് സ്റ്റാന്‍ഡിന് സമീപം ഓപ്പണ്‍ സ്റ്റേഡിയത്തിലാണ് ഉല്പന്ന വൈവിധ്യത്തില്‍ സമ്പന്നമായ ഓണമേള ആരംഭിച്ചത്. പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ:ടി.സക്കീര്‍ ഹുസൈന്‍ ജില്ലാതല മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.   

കോവിഡിന്റെ വെല്ലുവിളിയെ അതിജീവിച്ചു കരുതലോടെയുള്ള ഓണക്കാലത്തിന് സുരക്ഷിതമായ നാടന്‍ ഉല്പന്നങ്ങളുടെ കലവറയാണ് കുടുംബശ്രീ ഒരുക്കിയിട്ടുള്ളത്. ആഗസ്റ്റ് 19 വരെയാണ് മേള നടക്കുന്നത്. കുടുംബത്തോടൊപ്പം കുടുംബശ്രീയോടൊപ്പം എന്ന സന്ദേശവുമായി സംഘടിപ്പിക്കപ്പെടുന്ന ഓണമേള ജില്ലയിലെ 53 പഞ്ചായത്തുകളിലും നാല് നഗരസഭകളിലും കുടുംബശ്രീ സി.ഡി.എസിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. ഓണം മേളയുടെ സംഘാടനത്തിനായി ഗ്രാമ സി.ഡി.എസുകള്‍ക്ക് 12000 രുപയും നഗരസഭകളില്‍ 15000 രൂപയും  സാമ്പത്തിക സഹായം നല്‍കുന്നു. 

ജില്ലയിലെ വിവിധ കുടുംബശ്രീ സംരംഭക സംഘകൃഷി യൂണിറ്റുകളില്‍ ഉല്പാദിപ്പിച്ചിട്ടുള്ള  കറിപൗഡറുകള്‍, ധാന്യ പൊടികള്‍, പലഹാരങ്ങള്‍, ശുദ്ധമായ വെളിച്ചണ്ണയില്‍ തയ്യാറാക്കിയ ഉപ്പേരി, ശരക്കരവരട്ടി, ജാം, സ്‌ക്വാഷുകള്‍, ചക്ക ഉല്പന്നങ്ങള്‍, വിവിധ തരം അച്ചാറുകള്‍, ചക്കിലാട്ടിയ വെളിച്ചെണ്ണ, ഹോംമെയ്ഡ് ചോക്ലേറ്റുകള്‍, കാപ്പിപൊടി, കുടംപുളി, ചുക്ക് കാപ്പി, പിഴുപുളി, ഇരവിപേരൂര്‍ റൈസ്, സോപ്പ്,ലോഷന്‍, ഹാന്‍ഡ് വാഷ്,  നാടന്‍ പച്ചക്കറികള്‍, നാടന്‍ ഏത്തക്കുല പച്ചക്കറി ഫലവൃക്ഷതൈകള്‍, ഇരുമ്പ് ഉല്പന്നങ്ങള്‍ തുടങ്ങി എല്ലാത്തരം ഉല്പന്നങ്ങലും മേളയില്‍ ലഭ്യമാണ്. 

പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തുന്ന മേളയില്‍ പ്രദേശിക രുചിക്കൂട്ടുകളില്‍ തയ്യാറാക്കിയ ഓണക്കാല വിഭവങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. പത്തനംതിട്ട നഗരസഭയിലെ സംഘകൃഷി ഗ്രൂപ്പുകള്‍ വിളയിച്ചെടുത്ത നീലിമ വഴുതനങ്ങയും, കാശി വെണ്ടയ്ക്കയും മേളയിലെ താരങ്ങളാണ്. നാടന്‍ ഏത്തക്കുലയും സുലഭമാണ്.  

ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അംബികാ വേണുവിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ഉദ്ഘാടന പരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ എസ്. ഷമീര്‍ മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ.മണികണ്ഠന്‍, അസി:ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ എല്‍.ഷീല, കെ. എച്ച് സലീന, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മോനി വര്‍ഗീസ്, ഡിസ്ട്രിക് പ്രോഗ്രാം മാനേജര്‍മാര്‍, എന്‍.യു.എല്‍എം മാനേജര്‍മാര്‍,  ബ്ലോക്ക് കോ-ഓര്‍ഡിറ്റേര്‍മാര്‍, എംഇസി മാര്‍  എന്നിവര്‍ പങ്കെടുത്തു. മേളയില്‍ മുപ്പതോളം സംരംഭകര്‍ പങ്കെടുക്കുന്നു. 

date