Skip to main content

മണ്ണ് ആരോഗ്യ സംരക്ഷണ പ്രചാരണ പരിപാടിയുമായി ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം

മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുക വഴി ഉല്പാദനവ വര്‍ധന കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മണ്ണ് ആരോഗ്യ സംരക്ഷണ പ്രചാരണ പരിപാടി സംഘടിപ്പിക്കും.  വിളവുകുറായതെ മണ്ണിന്റെ ഫലപുഷ്ടി നിലനിര്‍ത്തി കൃഷി ആദായകരമാക്കുന്നതിന് മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയമായ വളപ്രയോഗരീതികള്‍ അനിവാര്യമാണ്.  സസ്യപോഷകങ്ങള്‍ ചെടികള്‍ക്ക് ആവശ്യമായ തോതില്‍ എത്രത്തോളം മണ്ണില്‍ അടങ്ങിയിരിക്കുന്നു എന്ന് നിര്‍ണ്ണയിക്കാന്‍ മണ്ണ് പരിശോധനകൊണ്ട് സാധ്യമാകും.  ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ പ്രദേശത്തിനും അനുയോജ്യമായ വളപ്രയോഗരീതികള്‍ കര്‍ഷകര്‍ അവലംബിക്കണം.  മണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം കര്‍ഷകരിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി വിജ്ഞാന കേന്ദ്രം ജില്ലാതലത്തില്‍ മണ്ണ് ആരോഗ്യ സംരക്ഷണ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്. 

പ്രാരംഭഘട്ടത്തില്‍ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.  റാന്നി ബ്ലോക്കില്‍ ഉള്‍പ്പെടുന്ന വെച്ചൂച്ചിറ പഞ്ചായത്ത്, പുളിക്കഴ് ബ്ലോക്കിലെ നെടുംമ്പ്രം പഞ്ചായത്ത്, പന്തളം ബ്ലോക്കിലെ കുളനട പഞ്ചായത്ത്, മല്ലപ്പള്ളി ബ്ലോക്കിലെ കുന്നന്താനം പഞ്ചായത്ത്, പറക്കോട് ബ്ലോക്കിലെ കൊടുമണ്‍ പഞ്ചായത്ത് എന്നിവയാണ് പ്രാരംഭഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമാകുന്നത്.  ഓരോ പഞ്ചായത്തിലെയും കൃഷിക്ക് പ്രാമുഖ്യമുള്ള മൂന്ന് വാര്‍ഡുകളില്‍ നിന്ന് ഗ്രിഡ് അടിസ്ഥാനത്തില്‍ മണ്ണ് സാമ്പിളുകള്‍ ശേഖരിക്കും.  അതാത് ഗ്രാമപഞ്ചായത്തുകളുടെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെയാണ് കെവികെ ഈ പദ്ധതി നടപ്പിലാക്കുന്നത്.  കെവികെയിലെ മണ്ണ് പരിശോധനാ ലാബില്‍ സാമ്പിളുകള്‍ പരിശോധിച്ചശേഷം അതത് മേഖലകളില്‍ ഉള്‍പ്പെടുന്ന എല്ലാ കര്‍ഷകര്‍ക്കും മണ്ണ് പരിപോഷണ കാര്‍ഡുകള്‍ വിതരണം ചെയ്യും.  ഓരോ വിളകള്‍ക്കും അനുയോജ്യമായ വളപ്രയോഗരീതികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് മണ്ണ് പരിപോഷണ കാര്‍ഡുകള്‍ തയ്യാറാക്കുന്നത്.

വെച്ചൂച്ചിറയില്‍ നടക്കുന്ന കര്‍ഷിക ദിനാഘോഷപരിപാടിയില്‍ ആന്റോ ആന്റണി എം.പി. പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.  അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ കര്‍ഷക ദിനാഘോഷം ഉദ്ഘാടനം ചെയ്യും. വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജെയിംസ് അധ്യക്ഷത വഹിക്കും.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  രാജി പി. രാജപ്പന്‍ മുഖ്യ പ്രഭാഷണം നടത്തും.  കൃഷി വിജ്ഞാന കേന്ദ്രം മേധാവിയും സീനിയര്‍ സയന്റിസ്റ്റുമായ ഡോ. സി.പി. റോബര്‍ട്ട് പദ്ധതി വിശദീകരണം നടത്തും.  വിള ഉല്പാദന വര്‍ധനയും മണ്ണിന്റെ ആരോഗ്യവും എന്ന വിഷയത്തില്‍ കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്റ്റ് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് വിനോദ് മാത്യു പരിശീലനത്തിന് നേതൃത്വം നല്‍കും.    

date