Skip to main content

സ്വാതന്ത്ര്യ ദിനാഘോഷം- വിക്രം മൈതാനിയിൽ മന്ത്രി എ.കെ.ശശീന്ദ്രന്‍ പതാകയുയര്‍ത്തും

 

 

 

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്  വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ വനംവകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ രാവിലെ ഒമ്പത് മണിക്ക്  പതാകയുയര്‍ത്തും.   കോവിഡ് മാനദണ്ഡപ്രകാരമാണ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.  രാവിലെ 8.40ന് ചടങ്ങുകള്‍ ആരംഭിക്കും.   പരേഡിനു ശേഷം മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.  സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം 'ആസാദി കാ അമൃത് മഹോത്സവ്' എന്ന പേരില്‍ ആഘോഷിക്കാന്‍ സാംസ്‌കാരിക മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.  

ജില്ലയിലെ ചടങ്ങിലേക്ക് പ്രത്യേക ക്ഷണിതാക്കളായി 12 ആരോഗ്യപ്രവര്‍ത്തകരെ തിരഞ്ഞെടുത്തിട്ടുണ്ട്.  കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ശ്രീജയന്‍, പ്രിന്‍സിപ്പാള്‍ ഡോ.രാജേന്ദ്രന്‍, ഗവ.ജനറല്‍ ആശുപത്രി സീനിയര്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റ് ഡോ.സി.രവീന്ദ്രന്‍, പെരുവണ്ണാമൂഴി പ്രാഥമികാരോഗ്യകേന്ദ്രം അസി.സര്‍ജ്ജന്‍ ഡോ.ഷാരോണ്‍, ഫറോക്ക് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആര്‍.ലുലു ജോണ്‍സ്, വടകര ജില്ലാ ആശുപത്രി നേഴ്‌സിങ് ഓഫീസര്‍ ജി.പി.അനശ്വര, വെള്ളിമാടുകുന്ന് ഗവ.റൂറല്‍ ഡിസ്‌പെന്‍സറി നേഴ്‌സിങ് ഓഫീസര്‍ ബിജി ജോര്‍ജ്ജ്, നരിപ്പറ്റ പ്രാഥമികാരോഗ്യകേന്ദ്രം ഫാര്‍മസിസ്റ്റ് സി.പി.അശോകന്‍, നാദാപുരം താലൂക്ക് ഹോസ്പിറ്റല്‍ ലാബ് ടെക്‌നീഷ്യന്‍ വി.കെ.അജിത് കുമാര്‍, കോഴിക്കോട് ജനറല്‍ ആശുപത്രി നേഴ്‌സിങ് അസിസ്റ്റന്റ് ബി.ധര്‍മ്മരാജന്‍, പേരാമ്പ്ര താലൂക്ക് ആശുപത്രി ജീവനക്കാരി പി.കെ.ഗീത, കൊടുവള്ളി സാമൂഹികാരോഗ്യകേന്ദ്രം ജീവനക്കാരന്‍ എം.ബിജു എന്നിവരെയാണ് ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുള്ളത്.      

 ജില്ലയില്‍ സ്വാന്തന്ത്ര്യ ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് നടത്താന്‍ ജില്ലാ കലക്ടര്‍ ഡോ.എന്‍. തേജ് ലോഹിത് റെഡ്ഡി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.   സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍, കൈകള്‍ അണുവിമുക്തമാക്കല്‍ എന്നിവ പാലിക്കുകയും കൂട്ടം കൂടുന്നത് ഒഴിവാക്കുകയും രോഗം പിടിപെടാന്‍ കൂടുതല്‍ സാധ്യതയുള്ളവരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യണം. 
പരമാവധി 100 പേരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് ചടങ്ങുകള്‍ ആചാരപരമായി മാത്രം നടത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.  പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല.  ദേശഭക്തി ഗാനം ഉള്‍പ്പെടെയുള്ള വിവിധ സാംസ്‌കാരിക പരിപാടികള്‍ ഓണ്‍ലൈനായാണ് അവതരിപ്പിക്കുക.  സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി ലൈവായി സംപ്രേഷണം ചെയ്യും.  ദിനാഘോഷത്തിന്റെ നടത്തിപ്പിനും ക്രമീകരണങ്ങള്‍ക്കുമുള്ള ലെയ്‌സണ്‍ ഓഫീസറായി സബ് കലക്ടര്‍ ചെല്‍സ സിനിയെ നിയോഗിച്ചിട്ടുണ്ട്.

date