Skip to main content

സഹകരണ മേഖല കരുത്താർജ്ജിക്കുന്നു: വി.എൻ. വാസവൻ

* സഹകരണ മേഖല നേരിടുന്നത് കടുത്ത വെല്ലുവിളികൾ
* ഇക്കോസിന്റെ ആശ്വാസ് സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു

ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇടപെട്ട് സഹകരണ മേഖല ഇന്ന് കൂടുതൽ കരുത്താർജ്ജിച്ച് വൈവിദ്ധ്യങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയാണെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ. ഈക്കോസ് - കണ്ണൂരിന്റെ കീഴിൽ ആരംഭിച്ച ആശ്വാസ് സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം ഓൺലൈൻ വഴി നിർവഹിക്കുകയായിരുന്നു മന്ത്രി. യുവജനങ്ങൾക്കായുള്ള സഹകരണ സംഘങ്ങൾ രൂപീകരിച്ചു കഴിഞ്ഞു. നെൽകൃഷിക്കാരുടെ സംഘം പ്രവർത്തിക്കുന്നു. കലാകാര•ാരുടെ സംഘം വരുന്നു. ഇങ്ങനെ വിശാലമായ അർത്ഥത്തിൽ സഹകരണ മേഖല വിപുലവും വിശാലവുമായി രംഗത്തു വരുന്ന ഘട്ടത്തിൽ ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരിൽ സഹകരണ മേഖല ആകെ കുഴപ്പത്തിലാണെന്ന പ്രചരണം ചില കേന്ദ്രങ്ങളിലും നിക്ഷിപ്ത താൽപ്പര്യക്കാരിലും നിന്നുയരുന്നുണ്ട്. അത്തരം നീക്കങ്ങൾ തിരിച്ചറിഞ്ഞ് സഹകരണ സംഘങ്ങളുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകണമെന്നും വി.എൻ. വാസവൻ പറഞ്ഞു.
സഹകരണ മേഖല കടുത്ത വെല്ലുവിളികളാണ് നേരിടുന്നതെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കേന്ദ്രസർക്കാർ ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. നേരത്തെ സൃഷ്ടിച്ച ചില നിയമങ്ങളും സഹകരണ മേഖലയക്ക് വെല്ലുവിളിയാകുന്നു. സഹകരണ മേഖല സംസ്ഥാന വിഷയമാണെന്ന വിധി സുപ്രീം കോടതി വിധി ആശ്വാസകരമാണ്. എന്നാൽ ഇനി മൾട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങൾ സംരക്ഷിക്കാൻ കേന്ദ്രം ശ്രമിക്കുന്നതിൽ ആശങ്കയുണ്ട്. ഇത്തരത്തിലൊരു അവസരത്തിൽ സഹകാരികളെല്ലാം ഒരുമിച്ചു നിൽക്കേണ്ടതാണ്.
അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വിവിധ കാര്യങ്ങളിൽ ഇക്കോസ് മാതൃകാപരമായ ഇടപെടലുകളാണ് നടത്തിയിട്ടുള്ളതെന്നും വൈവിദ്ധ്യങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ഇനിയും മുന്നോട്ട് പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഈക്കോസ് പ്രസിഡന്റ് പി.മാധവൻ അദ്ധ്യക്ഷനായ യോഗത്തിൽ കണ്ണൂർ മേയർ ടി.ഒ. മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വിദ്യ, സിപിഐഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, ബിജെപി ജില്ലാ സെക്രട്ടറി കെ.കെ. വിനോദ് കുമാർ, സഹകരണ സംഘം ജോയിന്റ് ഡയറക്ടർ ഇ. രാജേന്ദ്രൻ, അസി. രജിസ്ട്രാർ രതീദേവി എന്നിവരും പങ്കെടുത്തു.
പി.എൻ.എക്സ്. 2842/2021

date