Skip to main content

ജില്ലയിലെ വാക്സിനേഷന്‍ നടപടികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കും- മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ജില്ലയിലെ വാക്സിനേഷന്‍ നടപടികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനും ഇതിനായി കൂടുതല്‍ വാക്സിന്‍ ലഭ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്നും തുറമുഖം, പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി വാക്സിന്‍ അനുവദിക്കും.  വാക്സിന്‍ ഡോസുകളുടെ 50 ശതമാനം  ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴിയും 50 ശതമാനം  ഓഫ് ലൈനായും നല്‍കുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദേശം ജില്ലയില്‍ കര്‍ശനമായി നടപ്പിലാക്കും. ഓരോ ദിവസവും ജില്ലയ്ക്ക് ലഭിക്കുന്ന വാക്സിന്റെ എണ്ണവും ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് അനുവദിക്കുന്ന വാക്സിനുകളുടെ എണ്ണവും ബന്ധപ്പെട്ട തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ക്ക് കൂടി അറിയുന്നതിനായി ഡി.പി.സി വാട്സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യണം. ജില്ലയില്‍ കര്‍ണാടക യിലേക്കുള്ള  യാത്രാപ്രശ്നം സര്‍ക്കാര്‍ തലത്തില്‍ സൗഹാര്‍ദപരമായി ചര്‍ച്ച ചെയ്ത് പ്രശ്ന പരിഹാരം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ ലൈന്‍ പഠനോപകരണങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പു വരുത്താന്‍ ജില്ലാതലത്തില്‍ ജില്ലാകളക്ടറുടെ അദ്ധ്യക്ഷതയില്‍ വ്യവസായ പ്രമുഖരുടെയും മറ്റും യോഗം വിളിച്ചു ചേര്‍ത്ത് സംഭാവനയിലൂടെ ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ കണ്ടെത്താന്‍ നടപടികള്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി.

യോഗത്തില്‍ എം എല്‍ എ മാരായ എം.രാജഗോപാലന്‍, എന്‍ എ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, നഗരസഭാധ്യക്ഷന്മാര്‍ എന്നിവര്‍ ഓണ്‍ലൈനിലും ഡി എം ഒ ഡോ. കെ ആര്‍ രാജന്‍ ജില്ലാ സര്‍വലന്‍സ് ഓഫീസര്‍ ഡോ.എ.ടി. മനോജ് വാക്സിന്‍ നോഡല്‍ ഓഫീസര്‍ ഡോ.മുരളീധരനല്ലൂരായ , ഡി ഡി ഇ  കെ വി പുഷ്പ ഡപ്യുട്ടി കളക്ടര്‍ കെ.രവികുമാര്‍  തുടങ്ങിയവര്‍ നേരിട്ടും യോഗത്തില്‍ സംബന്ധിച്ചു.

date