Skip to main content
കെ.സി.സി.പി.ലിമിറ്റഡ് കരിന്തളം യുണിറ്റില്‍ ആരംഭിച്ച മത്സ്യകുഞ്ഞുങ്ങളുടെ ഉല്‍പ്പാദന കേന്ദ്രം ശിലാസ്ഥാപനം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വ്വഹിക്കുന്നു

മത്സ്യകുഞ്ഞുങ്ങളുടെ ഉല്‍പ്പാദന കേന്ദ്രം ശിലാസ്ഥാപനവും  പച്ചത്തുരുത്തിന്റെയും  മത്സ്യകൃഷി ഇറക്കലിന്റെയും  ഉദ്ഘാടനവും പരിസ്ഥിതി സൗഹൃദമായ പദ്ധതികളുമായി കെ.സി.സി.പി.ലിമിറ്റഡ്

നൂറുദിന പദ്ധതിയുടെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ കേരള ക്ലെയിസ് ആന്റ് സിറാമിക്‌സിന്റെ കരിന്തളം യുണിറ്റില്‍ ആരംഭിച്ച മത്സ്യകുഞ്ഞുങ്ങളുടെ ഉല്‍പ്പാദന കേന്ദ്രം ശിലാസ്ഥാപനവും  പച്ചത്തുരുത്തിന്റെയും  മത്സ്യകൃഷി ഇറക്കലിന്റെയും  ഉദ്ഘാടനവും ഇ ചന്ദ്രശേഖരന്‍ എം. എല്‍. എ. നിര്‍വ്വഹിച്ചു. മണ്ണിനും മനുഷ്യനും ഭാവി തലമുറയ്ക്കും അനുയോജ്യമായി  ശാസ്ത്രീയ രീതിയില്‍  വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുകായെന്ന് എം.എല്‍.എ പറഞ്ഞു. കെ. സി. സി. പി. എല്ലിന്റെ പ്രവര്‍ത്തനത്തില്‍ നിന്നും വ്യത്യസ്തമായി  വ്യക്തമായ ലക്ഷ്യത്തോടെ നാടിന്റെ മുഖച്ഛായ മാറ്റുന്ന പരിസ്ഥിതി സൗഹൃദമായ പദ്ധതികളാണ് കരിന്തളം തലയടുക്കത്തെ  യൂണിറ്റില്‍  നടപ്പാക്കുകായെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി അധ്യക്ഷനായി. കണ്‍സ്യൂമര്‍ഫെഡ് എക്സിക്യൂട്ടീവ് ഡയരക്ടര്‍ വി.കെ.രാജന്‍, കേരള ബാങ്ക് ഡയരക്ടര്‍ സാബു എബ്രഹാം, നീലേശ്വരം ബ്ലോക്ക് അഗ്രിക്കള്‍ച്ചര്‍ ഇപ്രൂവ്മെന്റ് കോ-ഓപ്പ് സൊസൈറ്റി പ്രസിഡന്റ് അഡ്വ. കെ.കെ.നാരായണന്‍, കാംകോ  മുന്‍ ഡയരക്ടര്‍ അഡ്വ.കെ.രാജഗോപാല്‍, കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി.ശാന്ത, ഹരിത കേരള മിഷന്‍ സ്റ്റേറ്റ് കണ്‍സല്‍ട്ടന്റ്, ടി.പി.സുധാകരന്‍, കാഞ്ഞങ്ങാട് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പ്രമീള, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.നാരായണന്‍, കരിന്തളം സര്‍വ്വീസ് ബാങ്ക് പ്രസിഡന്റ് കെ. ലക്ഷ്മണന്‍, റബ്കോ എക്സിക്യൂട്ടീവ് ഡയരക്ടര്‍ പാറക്കോല്‍ രാജന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ടി.എസ് .ബിന്ദു,നീലേശ്വരം പ്രസ്സ് ഫോറം പ്രസിഡന്റ് ഉപേന്ദ്രന്‍ മടിക്കൈ, ജൈവ വൈവിദ്ധ്യ ബോര്‍ഡ് മുന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വി.സി. ബാലകൃഷണന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.രാജന്‍, എന്‍.പുഷ്പരാജ്, താജുദ്ദീന്‍ കമ്മാടത്ത്, വി.സി. പത്മനാഭന്‍, ഒ.എം. ബാലകൃഷ്ണന്‍, ഹിന്ദുസ്ഥാന്‍ ചൈനാക്ലേ ലേബര്‍ യൂണിയന്‍ പ്രിനിധികളായ ഐ.വി ശിവരാമന്‍, എ മാധവന്‍, ഇ മോഹനന്‍ എന്നിവര്‍ പങ്കെടുത്തു. കെസിസിപി എല്‍ മാനേജിങ് ഡയരക്ടര്‍ ആനക്കൈ ബാലകൃഷ്ണന്‍ സ്വാഗതവും  ഡയറക്ടര്‍ പി കെ ഹരിദാസ്  നന്ദിയും പറഞ്ഞു.

മുഖച്ഛായ മാറ്റാനൊരുങ്ങി കെ. സി. സി. പി. എല്‍. കരിന്തളം യൂണിറ്റ്

പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കുക എന്നതിന്റെ അടിസ്ഥാനത്തില്‍ ഓരോ യൂണിറ്റിന്റെയും പ്രദേശികമായ പാരിസ്ഥിതികവും ഭൗതികവുമായ സാഹചര്യങ്ങള്‍ക്ക് അനുസൃതമായ വൈവിദ്ധ്യവല്‍ക്കരണ പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ട് മുന്നേറുകയാണ്  പൊതുമേഖലാ സ്ഥാപനമായ കേരള ക്ലെയിസ് ആന്റ് സിറാമികസ്. പുതിയ പദ്ധതികളിലൂടെ 58 ഓളം പേര്‍ക്ക് നേരിട്ടുള്ള തൊഴില്‍ സാദ്ധ്യതകളാണ് ഉണ്ടാകുക.  കമ്പനിയിലെ നിലവിലുള്ള ജീവനക്കാരുടെ തൊഴില്‍ സംരക്ഷിക്കുന്നതിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഈ പദ്ധതികള്‍ നടപ്പലാക്കുന്നതോടെ കഴിയും. 1984 ല്‍ സ്ഥാപിക്കപ്പെട്ട് 2015 ല്‍ പ്രവര്‍ത്തനം നിര്‍ത്തലാക്കേണ്ടി വന്ന കരിന്തളത്തെ കേരള ക്ലെയ്സ് ആന്റ് സിറാമിക് പ്രോഡക്ടസ് ലിമിറ്റഡ്  കമ്പനി യൂണിറ്റിന്റെ 50 ഏക്കര്‍ സ്ഥലത്താണ് നാടിന്റെ വികസനത്തിനും   പരിസ്ഥിതിയുമായി ഇണങ്ങുന്ന പരിസ്ഥിതി സൗഹൃദ പദ്ധതി വിഭാവനം ചെയ്ത് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.പി.സി.എല്ലു മായി 40 സെന്റ് സ്ഥലത്ത്  ആരംഭിക്കുന്ന പെട്രോള്‍ പമ്പിന്റെ   ശിലാസ്ഥാപനം സര്‍ക്കാരിന്റെ  100 ദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി  സപ്തംബര്‍ 10 നകം നടക്കും.  തുടര്‍ന്ന് പ്രവൃത്തി  ആരംഭിച്ച് 6 മാസത്തിനകം പ്രവര്‍ത്തന ക്ഷമമാകും.  പെട്രോള്‍ പമ്പിനോടു ചേര്‍ന്ന് കമ്പനിയുടെ ഒരു ഫുഡ് കോര്‍ട്ട്,  ഗാര്‍ഡന്‍ നേഴ്സറി, പാര്‍ക്ക്, ഫൂട്ട്ബോള്‍, വോളിബോള്‍  ടറഫ്,  പാഷന്‍ ഫ്രൂട്ട്, ഔഷധ സസ്യങ്ങള്‍, വിവിധ ഫലവൃക്ഷങ്ങള്‍, പച്ചത്തുരുത്തുകള്‍,  കോഴി, ആട്,  പശു ഫാമുകള്‍, അലങ്കാര മത്സ്യകൃഷി  വരാല്‍, വാള, ഹാച്ചറി,  പേള്‍ കള്‍ച്ചര്‍ എന്നിവയ്ക്ക് പുറമെ മഴവെള്ള സംഭരണിയും കുളവും യുവാക്കുകളുടെ കായികാഭുരുചി പരിപോഷിപ്പിക്കുന്നതിനായി ഫുട്ട്ബോള്‍,  വോളിബോള്‍ എന്നീ കായിക  വിനോദങ്ങള്‍ക്കായി രണ്ടു ടറഫ് സ്ഥാപിക്കാനും   പദ്ധതി വിഭാവനം ചെയ്യുന്നതായി കെസിസിപി എല്‍ മാനേജിങ് ഡയരക്ടര്‍ ആനക്കൈ ബാലകൃഷ്ണന്‍ പറഞ്ഞു.

മത്സ്യകുഞ്ഞുങ്ങളുടെ ഉല്‍പ്പാദന കേന്ദ്രം

വിപുലമായ മത്സ്യകൃഷി പദ്ധതിയാണ് കരിന്തളത്ത് വിഭാവനം ചെയ്തിട്ടുള്ളത്. വാള, വരാല്‍ എന്നീ മത്സ്യകുഞ്ഞുങ്ങളുടെ ഹാച്ചറിയാണ് ഇവിടെ നടപ്പിലാക്കുക. ആദ്യഘട്ടം പ്രതിവര്‍ഷം 20 ലക്ഷം വാളക്കുഞ്ഞുങ്ങളെയും 10 ലക്ഷം വരാല്‍ കുഞ്ഞുങ്ങളെയും ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്.   ഇത് കേന്ദ്ര സര്‍ക്കാരിന്റെ  പ്രധാന്‍ മന്ത്രി മത്സ്യ സംപദ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യം വളര്‍ത്തല്‍ പദ്ധതിയും ഉണ്ടാകും. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും  സ്വയംഭരണ സ്ഥാപനമായ  ഏജന്‍സി ഫോര്‍ ഡവലപ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ കേരള എന്ന സംസ്ഥാന സര്‍ക്കാര്‍  ഏജന്‍സിയാണ് സാങ്കേതിക സഹായം നല്‍കുന്നത്.  ജില്ലയില്‍  മത്സ്യകൃഷി ഒരു സ്വയം തൊഴില്‍ സംരംഭമായി വളര്‍ത്തിയെടുക്കുന്നതിനും ഈ പദ്ധതിയിലൂടെ  കഴിയും. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള കേരള അക്വാവെന്‍ച്വര്‍സ് ഇന്റര്‍ നാഷണല്‍ ലിമിറ്റഡിന്റെ സഹകരണത്തോടെ പുതുക്കൈ, കരിന്തളം എന്നിവിടങ്ങളില്‍ അലങ്കാര മത്സ്യകൃഷി ആരംഭിക്കുവാന്‍ ധാരണയായി. ഇതോടൊപ്പം ശുദ്ധ ജലത്തില്‍ മാത്രം ഉണ്ടാക്കുവാന്‍ കഴിയുന്ന മുത്ത് (പേള്‍) കൃഷി നമ്മുടെ നാട്ടിലും സാധ്യമാകും.  സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ഫ്രഷ് വാട്ടര്‍ അക്വാകള്‍ച്ചറിന്റെ  സഹകരണത്തോടെ പേള്‍ കള്‍ച്ചര്‍ ആരംഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ഹതിരാഭ വിരിയിക്കാന്‍ പച്ചത്തുരുത്തും ഫലവൃക്ഷങ്ങളും  

പ്രകൃതിയെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ശാസ്ത്രീയമായി    മിയാവാക്കി പച്ചത്തുരുത്ത് എന്ന ആശയം നടപ്പിലാക്കുന്നത്. കരിന്തളത്ത് കെസിസിപി ലിമിറ്റഡിന്റെ സ്ഥലത്ത് മൂന്നിടങ്ങളിലായി 15 സെന്റ് വീതം സ്ഥലത്ത് വളരെ പെട്ടെന്ന് സ്വയം വളരുന്ന വൃക്ഷങ്ങള്‍ വച്ച് പിടിപ്പിച്ച് വനവല്‍ക്കരണം നടത്തുക എന്നതാണ് പദ്ധതി.  വിവിധ ഇനങ്ങളിലായി  15 സെന്റില്‍  100 ഇനങ്ങളിലായി 1800 വൃക്ഷത്തൈകള്‍ നടും.  ഒരു പ്രത്യേക ദ്വീപ് അവിടെ  രൂപപ്പെടുത്താനാണ് പദ്ധതി.  ഇതു കൂടാതെ കമ്പനിയുടെ 50 ഏക്കര്‍ സ്ഥലത്തിനു ചുറ്റുമായി മാവ്, പ്ലാവ് തുടങ്ങിയ  ഫല വൃക്ഷ മരങ്ങളും വെച്ചു പിടിപ്പിക്കുന്നുണ്ട്.   10 ഏക്കര്‍ സ്ഥലത്ത് പാഷന്‍ ഫ്രൂട്ട് കൃഷി നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കാവേരി ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട പാഷന്‍ ഫ്രൂട്ട് കൃഷിയോടനുബന്ധിച്ചു തന്നെ തേനീച്ച വളര്‍ത്തല്‍ പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്. ഗുണ നിലവാരമുള്ള പൂച്ചെടികളും ഫലവൃക്ഷച്ചെടികളും വളര്‍ത്തി വിതരണം ചെയ്യാന്‍ ഗാര്‍ഡന്‍ നേഴ്സറി, കുട്ടികള്‍ക്കും വൃദ്ധ ജനങ്ങള്‍ക്കും ഉപകാരപ്രദമായ ഒരു പാര്‍ക്ക് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. പുതുതലമുറയെ ഔഷധ സസ്യങ്ങള്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി ഒരേക്കര്‍ സ്ഥലത്ത് ഔഷധ സസ്യങ്ങളും രണ്ടേക്കര്‍ സ്ഥലത്ത് നമ്മുടെ കാലാവസ്ഥയ്ക്ക്  ഇണങ്ങുന്ന  എല്ലാ ഫലവൃക്ഷങ്ങളും കൃഷി ചെയ്യാനാണ് പദ്ധതിയിടുന്നത്.
 
ചിക്കന്‍ ഫാം ഒരുങ്ങുന്നു

ജനങ്ങള്‍ക്ക് ഗുണമേന്‍മയുള്ള ഇറച്ചി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കേരള സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ള കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി ചിക്കന്‍ ഫാം തുടങ്ങുന്നതിന് ബ്രഹ്‌മഗിരി ഡവലപ്മെന്റ് സൊസൈറ്റിയുമായി ധാരണാ പത്രം ഒപ്പിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആദ്യഘട്ടം 2,500 കോഴിക്കുഞ്ഞുങ്ങളെ വീതമുള്ള നാല് ഷെഡ്ഡുകളാണ് പണി കഴിപ്പിക്കുന്നത്. ഒരു വര്‍ഷം ആറ്  ബാച്ച് എന്ന തോതില്‍ 60,000 കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കാന്‍ കഴിയും.കൂടാതെ കൃഷി ആവശ്യത്തിനുള്ള ചാണകം, മൂത്രം, എന്നിവ സംഭരിച്ച് ഉപേയാഗിക്കുന്നതിന് ഗിര്‍ ഇനത്തില്‍പ്പെട്ട പശുക്കളുടെ ഒരു ഫാമും ആരംഭിക്കും.  കൂടാതെ ആടുകളെ വളര്‍ത്താനുള്ള ആട് ഫാമും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

date