Skip to main content

കര്‍ഷക ദിനത്തില്‍ വിപുലമായ പരിപാടികളുമായി കൃഷി വകുപ്പ് ജില്ലയിലെ 41 കൃഷി ഭവനുകളിലും കര്‍ഷകര്‍ക്ക് ആദരം

30-ാമത് കര്‍ഷക ദിനത്തില്‍ ജില്ലയിലെ കൃഷി ഭവനുകളില്‍ വിപുലമായ പരിപാടികളുമായി കൃഷി വകുപ്പ്. ജില്ലയിലെ 41 കൃഷി ഭവനുകളിലും ആഗസ്റ്റ് 17 ന് കര്‍ഷകരെ ആദരിക്കും. കര്‍ഷക തൊഴിലാളികള്‍, വനിതകള്‍, എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ എന്നിവരെയാണ് ആദരിക്കുക. ചടങ്ങില്‍ ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ മാലങ്കൈയില്‍ രാഷ്ട്രീയ കൃഷിവികാസ് യോജനയിലൂടെ ആരംഭിച്ച  കപ്പകൃഷിയുടെ വിളവെടുപ്പ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ വീണാറാണി നിര്‍വ്വഹിക്കും.

ജില്ലയില്‍  57 ഓണച്ചന്തകള്‍

ഓണക്കാലത്ത് കുതിച്ചുയരുന്ന പച്ചക്കറി വിലയെ തടഞ്ഞു നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കര്‍ഷകദിനത്തില്‍ ജില്ലയില്‍  57 ഓണച്ചന്തകള്‍ക്ക് തുടക്കമാകും. നാട്ടു ചന്തകള്‍ ഉത്രാട ദിനം വരെ തുടരും. കൃഷി ഭവനുകളുടെ കീഴിലുള്ള കര്‍ഷകരില്‍ നിന്നും ശേഖരിച്ച കാര്‍ഷിക വിഭവങ്ങളാണ് ചന്തയിലെത്തുന്നത്. കര്‍ഷകര്‍ക്ക് നിലവില്‍ ലഭിക്കുന്ന വിലയേക്കാള്‍ പത്ത് ശതമാനം അധികം നല്‍കിയാണ് കൃഷി ഭവനുകള്‍ പച്ചക്കറികള്‍  വാങ്ങുന്നത്. മാര്‍ക്കറ്റ് വിലയേക്കാള്‍ 30 ശതമാനം  വിലക്കുറവില്‍ വിഭവങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കും.  

നീലേശ്വരം ബ്ലോക്കില്‍ 11 ഓണച്ചന്തകളാണ് കൃഷി വകുപ്പ് ഒരുക്കുന്നത്. നീലേശ്വരം നഗരസഭയിലെ മാര്‍ക്കറ്റ് ജംഷന്‍, കൃഷി ഭവന്‍ എന്നിവിടങ്ങളിലും കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ ചുണ്ടടുക്കം, കൃഷിഭവന്‍ എന്നിവിടങ്ങളിലും ഓണച്ചന്തയൊരുങ്ങും.

ചെറുവത്തൂര്‍ പഞ്ചായത്തില്‍ ചെറുവത്തൂര്‍ കൃഷി ഭവനിലും ചെറുവത്തൂര്‍ ആഴ്ച ചന്തയിലും  പടന്ന പഞ്ചായത്തില്‍ കൃഷിഭവനിലും പിലിക്കോട് പഞ്ചായത്തില്‍ ബി.എഫ്.എല്‍.ഒയിലും വലിയ പറമ്പ പഞ്ചായത്തില്‍ പടന്ന കടപ്പുറം ആഴ്ച ചന്തയിലും തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ തൃക്കരിപ്പൂര്‍ കൃഷി ഭവന്‍, വടക്കേക്കൊവ്വല്‍  ഇക്കോ ഷോപ്പിലും ഓണച്ചന്തയൊരുങ്ങും.

കാഞ്ഞങ്ങാട് ബ്ലോക്കില്‍ 10 ഓണച്ചന്തകളാണ് ഒരുക്കുന്നത്. ഉദുമ പഞ്ചായത്തില്‍ ഉദുമ എ ഗ്രേഡ് ക്ലസ്റ്റര്‍, പാലക്കുന്ന് ആഴ്ച ചന്ത എന്നിവിടങ്ങളിലും പള്ളിക്കര പഞ്ചായത്തില്‍ അമ്പങ്ങാട് ആഴ്ച ചന്തയിലും അജാനൂര്‍ പഞ്ചായത്തില്‍ മാണിക്കോത്ത് ഇക്കോ ഷോപ്പ്, മഡിയന്‍ ആഴ്ച ചന്ത എന്നിവിടങ്ങളിലും പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ വില്ലേജ് ഓഫീസിന് സമീപത്തെ എ ഗ്രേഡ് ക്ലസ്റ്ററിലും മടിക്കൈ പഞ്ചായത്തില്‍ അമ്പലത്തറ ആഴ്ച ചന്തയിലും ബങ്കളം ഓര്‍ഗാനിക് ക്ലസ്റ്ററിലും കാഞ്ഞങ്ങാട് നഗര സഭയില്‍ കാഞ്ഞങ്ങാട് സൗത്തിലും പടന്നക്കാട് കാര്‍ഷിക കോളേജിന് സമീപത്തുമായുള്ള എ ഗ്രേഡ് ക്ലസ്റ്ററുകളിലുമായി ഓണച്ചന്തയൊരുങ്ങും.

പരപ്പ ബ്ലോക്കില്‍ 11 ഓണച്ചന്തകളാണ് കൃഷിവകുപ്പ് ഒരുക്കുന്നത്. കള്ളാര്‍ പഞ്ചായത്തില്‍ രാജപുരം ടൗണ്‍  കൃഷിഭവനിലും മാലക്കല്ല് എ ഗ്രേഡ് ക്ലസ്റ്ററിലും പനത്തടി പഞ്ചായത്തില്‍ ബളാംതോട് ഇക്കോ ഷോപ്പിലും വെസ്റ്റ് എളേരി പഞ്ചായത്തില്‍ ഭീമനടി കൃഷി ഭവനിലും നര്‍ക്കിലക്കാട് കൃഷിഭവനിലും കോടോം ബേളൂര്‍ പഞ്ചായത്തില്‍ അട്ടേങ്ങാനം കൃഷി ഭവനിലും ഒടയഞ്ചാല്‍ എ ഗ്രേഡ് ക്ലസ്റ്ററിലും ബളാല്‍ പഞ്ചായത്തില്‍ വെള്ളരിക്കുണ്ട് ആഴ്ച ചന്തയിലും കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ ചോയംങ്കോട് ഇക്കോഷോപ്പ്, കൂവട്ടി കൃഷിഭവന്‍ എന്നിവിടങ്ങളിലും ഈസ്റ്റ് എളേരി പഞ്ചായത്തില്‍ ചിറ്റാരിക്കാല്‍ കൃഷിഭവനിലും ഓണച്ചന്തയൊരുങ്ങും.

കാസര്‍കോട് ബ്ലോക്കില്‍ 10 ഓണച്ചന്തകളാണ് കൃഷിവകുപ്പ് ഒരുക്കുക. മധൂര്‍ പഞ്ചായത്തില്‍ ഉളിയത്തടുക്ക എ ഗ്രേഡ് ക്ലസ്റ്റര്‍, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തില്‍ ചൗക്കി എ ഗ്രേഡ് ക്ലസ്റ്റര്‍, ചെങ്കള പഞ്ചായത്തില്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തെ എ ഗ്രേഡ് ക്ലസ്റ്റര്‍, ചെര്‍ക്കള ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്തെ ഇക്കോഷോപ്പ്, കാസര്‍കോട് നഗരസഭയില്‍ കറന്തക്കാട് ഇക്കോഷോപ്പ്, ചെമ്മനാട് പഞ്ചായത്തിലെ കൃഷിഭവന് സമീപത്തെ എ ഗ്രേഡ് മാര്‍ക്കറ്റ്, കോളിയഡുക്കം ആഴ്ചചന്ത എന്നിവിടങ്ങളിലും കുമ്പള പഞ്ചായത്തില്‍ കുമ്പള എ ഗ്രേഡ് മാര്‍ക്കറ്റ്, പഞ്ചായത്ത് പരിസരത്തെ ആഴ്ച ചന്ത എന്നിവിടങ്ങളിലും ബദിയഡുക്ക പഞ്ചായത്തില്‍ കൃഷിഭവന് സമീപത്തെ ആഴ്ച ചന്തയിലും ഓണച്ചന്തയൊരുക്കും.

കാറഡുക്ക ബ്ലോക്കില്‍ എട്ട് ഓണച്ചന്തകള്‍ ഒരുങ്ങും. മുളിയാര്‍ പഞ്ചായത്തില്‍ ബോവിക്കാനം എ ഗ്രേഡ് മാര്‍ക്കറ്റ്, ഇരിയണ്ണി എന്നിവിടങ്ങളിലും മുള്ളേരിയ ബ്ലോക്ക് ലെവല്‍ ഇക്കോ ഷോപ്പിലും ദേലമ്പാടി പഞ്ചായത്തില്‍ അടൂരിലെ എഗ്രേഡ് ക്ലസ്റ്ററിലും ബേഡഡുക്ക പഞ്ചായത്തില്‍ കുണ്ടങ്കുഴി ഇക്കോ ഷോപ്പിലും കുറ്റിക്കോല്‍ പഞ്ചായത്തില്‍ കുറ്റിക്കോല്‍ ഇക്കോഷോപ്പിലും കുമ്പഡാജെ പഞ്ചായത്തില്‍ മാര്‍പ്പനടുക്ക ആഴ്ച ചന്തയിലും ബള്ളൂര്‍ പഞ്ചായത്തില്‍ കിന്നിങ്കാര്‍ ആഴ്ച ചന്തയിലും ഓണച്ചന്തകളൊരുക്കും.

മഞ്ചേശ്വരം ബ്ലോക്കില്‍   ഏഴ് ഓണച്ചന്തകളാണ് ഒരുങ്ങുന്നത്. വോര്‍ക്കാടി പഞ്ചായത്തില്‍ സുങ്കതകട്ട കൃഷിഭവന്‍, മഞ്ചേശ്വരം പഞ്ചായത്തില്‍ മഞ്ചേശ്വരം എ ഗ്രേഡ് മാര്‍ക്കറ്റ്, മീഞ്ച പഞ്ചായത്തില്‍ മീയ്യപദവ് ഇക്കോഷോപ്പ്, മംഗല്‍പാടി പഞ്ചായത്തില്‍ കൈക്കമ്പ ആഴ്ചച്ചന്ത, പൈവളിഗെ പഞ്ചായത്തിലെ പൈവളിഗെ കൃഷിഭവന്‍, പുത്തിഗെ പഞ്ചായത്തില്‍ പുത്തിഗെ ഇക്കോഷോപ്പ്, എന്‍മകജെ പഞ്ചായത്തില്‍ കൃഷിഭവനിലും ഓണച്ചന്തയൊരുക്കും.
 

date