Skip to main content

കഞ്ഞിക്കുഴി 'കയർ ഗ്രാമ'മാകും - ലക്ഷ്യം നാളികേര ഉത്പാദനവും മൂല്യവർധിത ഉത്പന്ന നിർമാണവും

 

ആലപ്പുഴ: കയർ മേഖലയിൽ കഞ്ഞിക്കുഴിയുടെ പ്രതാപം വീണ്ടെടുക്കാൻ 'കയർ ഗ്രാമം' പദ്ധതിയുമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്. അഞ്ചു വർഷത്തേക്ക് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണിത് നടപ്പാക്കുന്നത്. നാളികേര ഉത്പാദനം വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ വച്ചു പിടിപ്പിക്കും. പഞ്ചായത്തിലെ 18 വാർഡുകളിലെ 8,500 കുടുംബങ്ങൾക്ക് കുറിയ ഇനം തെങ്ങിൻ തൈ നൽകും. രോഗം വന്ന തെങ്ങിൻ തൈ വെട്ടിമാറ്റും. സർക്കാർ പദ്ധതിയായ 'കേരഗ്രാമം' പദ്ധതിയുമായി കൈകോർത്താകും കയർ ഗ്രാമം നടപ്പാക്കുക.

കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ പ്രത്യേക നിർദേശ പ്രകാരമാണ് കഞ്ഞിക്കുഴി പഞ്ചായത്ത് കയർ ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. നാസർ കയർ കോർപ്പറേഷൻ ചെയർമാനായിരുന്ന സമയത്താണ് കയർ ഗ്രാമം എന്ന ആശയം മുന്നോട്ടുവച്ചത്.

നാളികേര ഉത്പാദനം വർധിപ്പിച്ച് അതിൽ നിന്നും മൂല്യവർധിത ഉത്പ്പന്നങ്ങളുണ്ടാക്കി വരുമാനമാർഗം സൃഷ്ടിക്കാനും പദ്ധതിയിലൂടെ സാധിക്കും. അയ്യപ്പഞ്ചേരിയിൽ പ്രവർത്തിക്കുന്ന 'നാളികേര ക്ലസ്റ്റർ' വഴിയാണിതിന്റെ ഏകോപനം. വെളിച്ചെണ്ണ, തേങ്ങാപ്പാൽ, ചകിരി തുടങ്ങിയ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിനു പുറമേ തൊണ്ട് സംഭരിക്കുകയും ചെയ്യും. തൊണ്ടിൽ നിന്നും ലഭിക്കുന്ന ചകിരി കയർ തൊഴിലാളികൾക്ക് നൽകും. എല്ലാ വാർഡിലും വനിതകളുടെ കയർ പിരി യൂണിറ്റുകളും ആരംഭിക്കും. ഇതിനകം പതിനാലോളം വാർഡുകളിൽ കയർ പിരി ഷെഡ്ഡുകളും നിർമിച്ചിട്ടുണ്ട്. കയർപിരി യൂണിറ്റുകൾ പിരിക്കുന്ന കയർ ചെറുകിട കയർ ഫാക്ടറികൾ, തടുക്ക് കമ്പനികൾ എന്നിവർ സംഭരിക്കും. എല്ലാവർക്കും സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ പദ്ധതിയിലൂടെ കഴിയുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ, വൈസ് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാർ എന്നിവർ പറഞ്ഞു. തെങ്ങിന്റെ കീടരോഗബാധ കണ്ടറിഞ്ഞ് ചികിത്സിക്കാൻ തെങ്ങുകൃഷി സേവന കേന്ദ്രവും ആരംഭിക്കും. വിദഗ്ധരെ ഉൾപ്പെടുത്തിയാകും സേവനകേന്ദ്രത്തിന്റെ പ്രവർത്തനം. കയർ ഗ്രാമം പദ്ധതി നടപ്പാക്കുന്നതോടെ പ്രദേശവാസികളെ കയർ മേഖലിലേക്ക് കൊണ്ടുവന്ന് പഴയ പ്രതാപം വീണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷ.

date