Skip to main content

അമൃത മഹോത്സവം;  നെഹ്റു യുവകേന്ദ്ര സൈക്കിൾ റാലി നടത്തും

 

ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ജില്ലയിൽ സൈക്കിൾ റാലി സംഘടിപ്പിക്കും. അരൂരിൽ നിന്നും കായംകുളം വരെയാണ് റാലി. ജില്ല വികസന കമ്മീഷണർ കെ.എസ്. അഞ്ജുവിന്റെ അധ്യക്ഷതയിൽ ചേർന്ന നെഹ്റു യുവകേന്ദ്ര പ്രവർത്തന അവലോകന യോഗത്തിലാണ് തീരുമാനം. യുവജനങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി നൈപുണ്യ പരിശീലന ക്ലാസുകൾ, കരിയർ ഗൈഡൻസ് ക്ലാസുകൾ, ഫിറ്റ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി കായിക പ്രവർത്തനങ്ങൾ, പരിശീലനങ്ങൾ എന്നിവ നടത്താനും തീരുമാനിച്ചു.

യുവജനങ്ങളെ ഉൾപ്പെടുത്തി ശുചിത്വ കേരള മിഷനും ഹരിതകേരളം മിഷനുമായി സഹകരിച്ച് തോടുകളും പുഴകളും ജലസ്രോതസുകളും സംരക്ഷിച്ച് മാലിന്യ മുക്തമാക്കും. ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനുമുള്ള പ്രവർത്തനങൾ നടത്തും. എക്സൈസിന്റെ വിമുക്തി ക്യാമ്പയിനുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവർത്തനങ്ങൾ ഊർജിതമാക്കും. ലഹരിക്കെതിരേ കൂടുതൽ ബോധവത്ക്കരണ ക്ലാസുകളും ക്യാമ്പയിനുകളും നടത്തും. പഞ്ചായത്തുതലത്തിൽ ക്ലബ്ബുകൾ വഴി സന്നദ്ധ സേവകരുടെ പ്രവർത്തനം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. നെഹ്റു യുവകേന്ദ്ര ജില്ല യൂത്ത് ഓഫീസർ വിവേക് ശശിധരൻ, പഞ്ചായത്ത് ഉപഡയറക്ടർ എസ്. ശ്രീകുമാർ, യുവജനക്ഷേമ ബോർഡ് ജില്ലാ ഓഫീസർ  എസ്.ബി. ബീന, ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്. രാജേഷ്, ജില്ല ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, എക്സൈസ് ഉദ്യോഗസ്ഥർ, ജില്ലാ സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരായി.

date