Skip to main content

കർഷക ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം    ഓഗസ്റ്റ് 17ന് മുഖ്യമന്ത്രി നിർവഹിക്കും

 

ആലപ്പുഴ: കർഷക ദിനാചരണത്തിന്റെ സംസ്ഥാനതല  ഉദ്ഘാടനം   ഓഗസ്റ്റ് 17ന്  രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ പി. പി. സ്വാതന്ത്ര്യം സ്മാരക കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ കാർഷിക വികസന കർഷകക്ഷേമ  വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. 
ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ കർഷകത്തൊഴിലാളികളെ ആദരിക്കും. അഡ്വ. എ.എം. ആരിഫ് എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ, കൃഷി വകുപ്പ് ഡയറക്ടർ കെ. വാസുകി, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. ശ്രീരേഖ, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം. സന്തോഷ്‌കുമാർ എന്നിവർ പങ്കെടുക്കും. കാർഷികോത്പാദന കമ്മീഷണർ ഇഷിത റോയ് പദ്ധതി വിശദീകരിക്കും.

സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളിലും കോവിഡ് പ്രോട്ടോകോൾ പാലിച്ച് കർഷക ദിനാചരണം നടക്കും. വിവിധ കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്ന കർഷകരെയും പഞ്ചായത്തിലെ മുതിർന്ന കർഷകത്തൊഴിലാളിയെയും ചടങ്ങിൽ ആദരിക്കും.

date