Skip to main content

പത്താംതരം തുല്യത പരീക്ഷയ്ക്ക് തുടക്കം

 

ആലപ്പുഴ: പൊതു വിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷൻ വഴി നടത്തുന്ന പത്താംതരം തുല്യത പരീക്ഷയ്ക്ക് തുടക്കമായി. ജില്ലയിൽ 11 പരീക്ഷ കേന്ദ്രങ്ങളിലായി 435 പേർ പരീക്ഷ എഴുതി.
യഥാസമയം പഠനം പൂർത്തിയാക്കാൻ കഴിയാതെ പോയവർക്കായി നടത്തുന്ന തുല്യത പരീക്ഷയിൽ 18 വയസു മുതൽ 75 വയസുവരെയുള്ളവർ പങ്കാളികളായി.
അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷ എഴുതിയ എഴുപത്തിയഞ്ചുകാരനായ പി.ഡി. ഗോപിദാസാണ് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവ്. കായംകുളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷ എഴുതുന്ന പതിനെട്ടുകാരി ലുബൈനയാണ് പ്രായം കുറഞ്ഞ പഠിതാവ്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഓൺലൈൻ വഴി പഠനം പൂർത്തിയാക്കിയാണ് ഇവർ പരീക്ഷയ്ക്ക് എത്തിയത്.

ഒരുമിച്ചെത്തി പരീക്ഷയെഴുതി അമ്മയും മകളും 

കോടംതുരുത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ അമ്മയും മകളും പരീക്ഷ  എഴുതി. കോടംതുരുത്ത് സ്വദേശികളായ ശോഭയും മകൾ രഞ്ജിതയുമാണ് ഒരേ ക്ലാസ് റൂമിൽ പരീക്ഷ എഴുതിയത്. 

തുല്യതയ്ക്ക് ദമ്പതിമാരും

അമ്പലപ്പുഴ കെ.കെ.കുഞ്ചുപിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷ എഴുതാൻ ഭാര്യയും ഭർത്താവും ഹാജരായിരുന്നു. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡ് മായാ സദനത്തിൽ മഹേശനും ഭാര്യ മായയുമാണ് തുല്യതാ പരീക്ഷയ്‌ക്കെത്തിയ ദമ്പതിമാർ. 

വിജയിച്ചു കയറാൻ ജനപ്രതിനിധിയും

തെരഞ്ഞെടുപ്പിൽ എന്നതുപോലെ പരീക്ഷയിലും ഉജ്ജ്വല വിജയം പ്രതീക്ഷിച്ച് പരീക്ഷ എഴുതുകയാണ് രശ്മി സുഭാഷ്. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തംഗമായ രശ്മി ചെങ്ങന്നൂർ സെന്റ്. ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് പത്താം തരം തുല്യത പരീക്ഷ എഴുതിയത്.
ഹരിപ്പാട് ഗവൺമെന്റ് ബോയ്‌സ് ഹൈസ്‌കൂളിൽ പരീക്ഷ എഴുതിയ രോഹിണി സിദ്ധാർത്ഥ് സാക്ഷരതാ മിഷൻ വഴി നാലാം തരവും ഏഴാം തരവും വിജയച്ചതിന് ശേഷം പത്താം തരത്തിൽ എത്തിയ പഠിതാവാണ്. ഒമ്പത് വിഷയങ്ങളിലായി നടക്കുന്ന പരീക്ഷ സെപ്റ്റംബർ ഒന്നിന് അവസാനിക്കും.
 

date