Skip to main content

ലോകമേ തറവാട് കലാപ്രദർശനത്തിൽ പെൺ തിളക്കം - പ്രദർശനത്തിൽ 56 കലാകാരികളുടെ സൃഷ്ടികൾ

 

ആലപ്പുഴ: കലാകാരികളുടെ സൃഷ്ടികളാൽ സമ്പന്നമാണ് 'ലോകമേ തറവാട്' കലാപ്രദർശനം. ജില്ലയിലെ അഞ്ചു വേദികളിലും എറണാകുളം ദർബാർ ഹാളിലുമായി നടക്കുന്ന പ്രദർശനത്തിൽ 56 പെൺ കലാസൃഷ്ടികളാണ് അണിനിരത്തിയിട്ടുള്ളത്.

എന്തിനും ഏതിനും ആപ്പുകളെ ആശ്രയിക്കുന്ന കാലത്ത് ആപ്പിലൂടെ ചിത്ര രചനയും സാധ്യമാകുമെന്ന് തെളിയിക്കുകയാണ് രാധ ഗോമതിയെന്ന കലാകാരി 'ലോകമേ തറവാട്' വേദിയിലൂടെ. ആപ്പ് വഴി വരച്ച ചിത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട 87 ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എറണാകുളം സ്വദേശിയായ രാധ കുട്ടിക്കാലം മുതൽ ചിത്രങ്ങൾ വരയ്ക്കും. വരയ്‌ക്കൊപ്പം എഴുത്തും വശമുള്ള ഇവർ അവിചാരിതമായാണ് ആപ്പിലൂടെയുള്ള ചിത്രരചനയിലേക്ക് എത്തുന്നത്.

കോവിഡ് കാലത്തിന്റെ അതിജീവനമാണ് സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും  സ്വന്തം ജീവിതത്തിൽ വെല്ലുവിളി എങ്ങനെയെന്ന ചോദ്യത്തിന് മോന എസ്. മോഹൻ കണ്ടെത്തിയ ഉത്തരമാണ് പ്രദർശനത്തിൽ അവതരിപ്പിച്ചിട്ടുള്ള 'ഗെയിം ഓഫ് സർവൈവൽ' എന്ന സൃഷ്ടി. കോവിഡ് കാലത്ത് ലോകമെങ്ങുമുള്ള കുട്ടികൾ എങ്ങനെ അതിജീവിക്കുന്നു എന്നായിരുന്നു ആദ്യ പഠനം. ആഫ്രിക്കയിലെ മസാക്ക കിഡ്സിന്റെ ജീവിതമായിരുന്നു പഠനമെങ്കിലും ഗ്രേറ്റ് ട്യുൻബെർഗ്, മലാല, ജോർജ് ഫ്ളോയ്ഡ് എന്നിവരെയും ഛായാചിത്രത്തിൽ ഒരുക്കി.

തന്റെ കുട്ടിക്കാലം പേപ്പറുകളിലേക്ക് പകർത്തിയിരിക്കുകയാണ് ഇ.എൻ. ശാന്തി. കുട്ടിക്കാലത്തെ ഒറ്റപെടലുകളും അയൽ വീടുകളിലെ ഓണാഘോഷവും ഗ്രാമത്തിന്റെ ഇരുട്ടും വെളിച്ചവുമെല്ലാം ചിത്രങ്ങളിൽ പ്രതിഫലിക്കുന്നു. ഇവയിലൊക്കെ താനും ഉൾപ്പെട്ടിട്ടുണ്ടെന്ന് ശാന്തി പറയുന്നു.

തന്റെ ഗ്രാമം വർഷങ്ങളായി അഭിമുഖീകരിച്ച പ്രശ്നങ്ങളാണ് തൃശൂർ ജില്ലയിലെ ആലപ്പാട് ഗ്രാമത്തിൽ ജനിച്ചു വളർന്ന പി.ജി. ജയശ്രീയുടെ കലാസൃഷ്ടി. ചുവന്നമണ്ണ്, മണ്ണിൽ പണിയെടുക്കുന്ന തൊഴിലാളികൾ, മണ്ണെടുക്കുന്ന ചെറിയ വണ്ടികൾ, ചുവന്ന മണ്ണിൽ കളിക്കുന്ന കുട്ടികൾ ഇവ തന്റെ ഓർമകളാണെന്ന് ജയശ്രീ പറയുന്നു. ചെറുപ്പം മുതലേ വരയോടുള്ള താത്പ്പര്യം ചുവന്ന നിറത്തിനോടായതും ഈ ഓർമകളിലൂടെയാണ്. ചിത്രകലാ അധ്യാപികയാണ് ജയശ്രീ. ഇപ്പോൾ വരയ്ക്കുന്നതും ഇനിയും വരയ്ക്കാൻ ആഗ്രഹിക്കുന്നതും ഇതേ കാലഘട്ടവും ഓർമകളുമാണെന്ന് അവർ പറയുന്നു. 

ഓരോ കലാസൃഷ്ടിയിലും ഓരോരോ അർത്ഥങ്ങളും കഥകളും ഉൾക്കൊള്ളിച്ചാണ് ലോകമേ തറവാട് കലാ പ്രദർശന വേദിയിൽ കലാസൃഷ്ടികൾ പ്രദർശിപ്പിച്ചിരിക്കുന്നത്. കുട്ടിക്കാലം, സ്വാതന്ത്ര്യം, വിവേചനം തുടങ്ങിയവയെല്ലാം ഓരോ വനിത കലാകാരികളും തന്റെ സൃഷ്ടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷനാണ് ആലപ്പുഴ പൈതൃക പദ്ധതിയുമായി ചേർന്നു കലാപ്രദർശനത്തിന്റെ ചുമതല വഹിക്കുന്നത്.
 

date