Skip to main content

ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി വിപുലമായി ആഘോഷിക്കും 

ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി വിപുലമായി ആഘോഷിക്കും 

ഒരു പഞ്ചായത്തിന് ഒരു ഉത്പന്നം; 
ബ്രാൻഡിംഗിനൊരുങ്ങി ജില്ലാ ആസൂത്രണ സമിതി 

ആലപ്പുഴ: ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾ ജില്ലയിൽ വിപുലമായി സംഘടിപ്പിക്കാനും ഇതിന്റെ ഭാഗമായി ഒരു പഞ്ചായത്തിന്റെ പേരിൽ ഒരു ഉത്പന്നമെന്ന രീതിയിൽ പ്രാദേശിക ഉത്പ്പന്നങ്ങൾ ബ്രാൻഡ് ചെയ്യാനും ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്സണായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 
ജില്ലാ ആസൂത്രണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളടങ്ങിയവരുടെ പ്രഥമ യോഗമായിരുന്ന ഇന്ന്. ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തിൽ ജനകീയാസൂത്രണത്തിന്റെ രജതജൂബിലി വർഷത്തിൽ വിപുലമായ പരിപാടികൾ നടത്താനും ഇതിന്റെ ഭാഗമായി പദ്ധതികൾ നടപ്പാക്കാനും തീരുമാനമായി. സർക്കാർ ജീവനക്കാർക്കായി ക്വിസ് മത്സരം, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം എന്നിവയും നടത്തും.

ജില്ലാ പഞ്ചായത്തിന് മുൻവശത്ത് രജത ജൂബിലി ആഘോഷത്തിന്റെ ലോഗോ ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്സണും ജില്ലാ കളക്ടറും ചേർന്ന് അനാശ്ചാദനം ചെയ്യും. ഇരുപത്തിയഞ്ച് വർഷങ്ങളുടെ പ്രതീകമായി ജില്ലാ ആസൂത്രണ സമിതി അംഗങ്ങളും ജില്ലാ പഞ്ചായത്ത് അംഗങ്ങളും ചേർന്ന് 25 ദീപങ്ങൾ തെളിയിക്കും. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാർഷിക പദ്ധതി സ്പിൽ ഓവർ ഉൾപ്പെടുത്തി പരിഷ്‌കരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ആസൂത്രണ സമിതി നൽകി. കായംകുളം, ഹരിപ്പാട്, മാവേലിക്കര നഗരസഭകൾ സമർപ്പിച്ച അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ലേബർ ബഡ്ജറ്റും ആക്ഷൻ പ്ലാനും സമിതി വിശദമായി പരിശോധിച്ച് അംഗീകാരം നൽകി. ലോക ബാങ്കിന്റെയും റീബിൽഡ് കേരള ഇൻഷ്യേറ്റീവിന്റെയും (ആർ.കെ.ഐ.) സാമ്പത്തിക സഹായത്തോടെ സർക്കാർ നിർദ്ദേശങ്ങൾക്കനുസരിച്ച് ജില്ലാ ടൗൺ പ്ലാനിംഗ് വിഭാഗം തയാറാക്കിയ ചെങ്ങന്നൂർ നഗരസഭയുടെ മാസ്റ്റർ പ്ലാൻ ജില്ലാ ആസൂത്രണ സമിതി പരിശോധിച്ചു. മാസ്റ്റർ പ്ലാനിലെ വിശദാംശങ്ങൾ ജില്ലാ ടൗൺ പ്ലാനർ യോഗത്തിൽ അവതരിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതിയുടെ ശിപാർശ സർക്കാരിലേക്ക് സമർപ്പിക്കും. വിവിധ മേഖലകളിൽ ജില്ലാ ആസൂത്രണ സമിതി നടപ്പാക്കേണ്ട കാഴ്ചപ്പാടുകൾ യോഗം ചർച്ചചെയ്തു. 
ജില്ലാ ആസൂത്രണ സമിതി  അംഗങ്ങളായ അഡ്വ. പി. എസ്. ഷാജി, ഹേമലത ടീച്ചർ, അഡ്വ. കെ. തുഷാര, ബിനിത പ്രമോദ്, ലീല അഭിലാഷ്, ജി. ആതിര, എൻ. എസ്. ശിവപ്രസാദ്,  നികേഷ് തമ്പി, വി. ഇത്തമൻ, പി.ഡി. മധു, സർക്കാർ പ്രതിനിധി രജനി ജയദേവ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എസ്. സത്യപ്രകാശ് സംസാരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷർ, സെക്രട്ടറിമാർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു.

date