Skip to main content
പെരുമാട്ടി കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല ഓണസമൃദ്ധി -കര്‍ഷക ചന്തയും കര്‍ഷക ദിനവും മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

ശാസ്ത്രീയ കൃഷിരീതിയിലൂടെ കാര്‍ഷികമേഖലയെ ലാഭകരമാക്കാം: മന്ത്രി കെ കൃഷ്ണന്‍കുട്ടി

 

ശാസ്ത്രീയ കൃഷിരീതികളിലൂടെ ഉല്‍പാദനം വര്‍ധിപ്പിച്ച് കൃഷി ലാഭകരമാക്കാമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. പെരുമാട്ടി കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല ഓണസമൃദ്ധി -കര്‍ഷക ചന്തയും കര്‍ഷക ദിനവും വണ്ടിത്താവളം എ.എസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മണ്ണിന്റെ പ്രത്യേകതകള്‍ പരിശോധിച്ചറിഞ്ഞ്, ആവശ്യമായ അളവില്‍ മാത്രം ഓരോ വിളകള്‍ക്ക് അനുസൃതമായ വെള്ളവും വളവും നല്‍കി കൃഷിചെയ്യണമെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. ഒരു ഹെക്ടറില്‍ നിന്നും 52 ടണ്‍ വിളവ് ഉല്പാദിപ്പിച്ച് ലോക റെക്കോര്‍ഡ് നേടിയ മോഹന്‍രാജിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. കമ്മ്യൂണിറ്റി മൈനര്‍ ഇറിഗേഷന്‍ രീതിയിലൂടെ കൃഷി ചെയ്യുന്ന വിവിധ കൃഷിയിടങ്ങള്‍ കര്‍ഷകര്‍ സന്ദര്‍ശിച്ച് മാതൃകയാക്കണം. കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടും ജനങ്ങള്‍ പട്ടിണി കിടക്കാത്ത ഏക സംസ്ഥാനം കേരളമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണം രജതജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി 1996 മുതലുള്ള അധ്യക്ഷന്മാരെയും ജനപ്രതിനിധികളെയും മറ്റ് പൗരപ്രമുഖന്മാരെയും മന്ത്രി ആദരിച്ചു.

ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. മുരുകദാസ് അധ്യക്ഷനായി. പരിപാടിയില്‍ ഗ്രാമപഞ്ചായത്തിലെ മികച്ച കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ആദരിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷീല പദ്ധതി വിശദീകരണം നടത്തി. പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാര്‍, ചിറ്റൂര്‍- തത്തമംഗലം നഗരസഭാ അധ്യക്ഷ കവിത, ജില്ലാ പഞ്ചായത്ത് അംഗം മാധുരി പത്മനാഭന്‍, പെരുമാട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കൃഷ്ണകുമാര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ക്യുനോ ജോസ്, രാഷ്ട്രീയ കക്ഷി നേതാക്കള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ പരിപാടിയില്‍ പങ്കെടുത്തു.

date