Skip to main content

ഓണസമൃദ്ധി ഓണം പഴം പച്ചക്കറി വിപണിക്ക് തുടക്കമായി  

കൃഷിയില്‍ നാം സ്വയംപര്യാപ്തത കൈവരിക്കണം: 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 

കൃഷിയുടെ കാര്യത്തില്‍ നാം സ്വയംപര്യാപ്തതയില്‍ എത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പത്തനംതിട്ട നഗരസഭാ ബില്‍ഡിംഗില്‍ ഓണസമൃദ്ധി ഓണം പഴം പച്ചക്കറി വിപണിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കൃഷി വകുപ്പ്, ഹോര്‍ട്ടി കോര്‍പ്പ്, വിഎഫ്പിസികെ തുടങ്ങിയവയുമായി ചേര്‍ന്നാണ് കാര്‍ഷിക വികസനത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ അല്ലാത്തവര്‍ ഉള്‍പ്പെടെ കൃഷി ആരംഭിച്ചു. അതിലൂടെ പച്ചക്കറി ഉത്പന്നം ഗണ്യമായി വര്‍ധിച്ചുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കോവിഡിന്റെ സാഹചര്യത്തില്‍ കാര്‍ഷിക വിളകളുടെ വിപണനം സാധ്യമാകാത്ത അവസ്ഥയും ഉണ്ടായിരുന്നു. കൃഷിവകുപ്പ് വിഎഫ്പിസികെയും ഹോര്‍ട്ടി കോര്‍പുമായി ചേര്‍ന്ന് കര്‍ഷകരില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വിപണനം നടത്തുന്നതിനുള്ള പുതിയ പരിപാടികള്‍ ഫലപ്രദമായി ആവിഷ്‌കരിച്ചു. ഏറ്റവും സുഗമമായി വിപണനം നടത്തുന്നതിലൂടെ കര്‍ഷകര്‍ക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് ജാസില്‍കുട്ടി സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഹരിദാസിന് പച്ചക്കറി നല്‍കി ആദ്യവില്‍പന നടത്തി. കൗണ്‍സിലര്‍മാരായ അഡ്വ.എ.സുരേഷ് കുമാര്‍, സുമേഷ് ബാബു, പി.കെ അനീഷ്, എം.സി ഷെറീഫ്, വി.ആര്‍ ജോണ്‍സണ്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇന്‍ചാര്‍ജ് ടി.ജി ജോര്‍ജ് ബോബി, മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ് ഡയറക്ടര്‍ മാത്യു എബ്രഹാം, ആത്മ പ്രൊജക്ട് ഡയറക്ടര്‍ സാറാ ടി. ജോണ്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അനില്‍ എബ്രഹാം, ആത്മ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ കോശി കെ. അലക്‌സ്, അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ എസ്.എച്ച് നജീം തുടങ്ങിയവര്‍ പങ്കെടുത്തു.

ചിങ്ങം ഒന്ന് കര്‍ഷകദിനത്തോട് അനുബന്ധിച്ച് വിവിധ കൃഷിഭവനിലായി കര്‍ഷകരെ ആദരിച്ചു.  

date