Skip to main content

ലോഡ് ഷെഡിംഗും പവര്‍ കട്ടിംഗുമില്ലാതെ വൈദ്യുതി വിതരണ രംഗം  കാര്യക്ഷമമാക്കാന്‍ കഴിഞ്ഞു; മന്ത്രി കെ. കൃഷ്ണന്‍കുട്ടി

 

 

 

കുന്ദമംഗലം 220 കെവി  ജിഐഎസ് സബ് സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ചു 

കഴിഞ്ഞ അഞ്ചു വര്‍ഷം ലോഡ് ഷെഡിംഗും പവര്‍ കട്ടിംഗുമില്ലാതെ വൈദ്യുതി വിതരണ രംഗം കാര്യക്ഷമമായി മുന്നോട്ടു കൊണ്ടു പോകാന്‍ സര്‍ക്കാറിന് കഴിഞ്ഞതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കുന്ദമംഗലത്ത് 90 കോടി ചെലവില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച 220 കെ.വി. ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷന്റെയും (ജി.ഐ.എസ് സബ് സ്റ്റേഷന്‍) 220/110 കെ.വി എംസി/എംവി ലൈനിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 70 ശതമാനം വൈദ്യുതിയും പുറത്തു നിന്നാണ് വാങ്ങുന്നത്. 30 ശതമാനം മാത്രമാണ് നമ്മള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. പ്രവൃത്തി പുരോഗമിച്ചു കൊണ്ടിരിക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച്, കുറഞ്ഞ ചെലവില്‍ വൈദ്യുതി കൊണ്ടുവന്നാല്‍ മാത്രമേ പിടിച്ചു നില്‍ക്കാന്‍ കഴിയുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. 

ഒരു ലക്ഷം കോടി രൂപയുടെ വിതരണ ശൃംഖലയാണ് നാം കെട്ടിപ്പടുത്തത്. പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ല് പാസായാല്‍ കടം വാങ്ങി കെട്ടിപ്പടുത്ത വിതരണ ശൃംഖലയുടെ ഉപയോഗം മുഴുവന്‍ സ്വകാര്യ മേഖലയുടെ കൈയിലാകും. ഇതെല്ലാം ഉണ്ടാക്കിയശേഷം സ്വകാര്യ മേഖലയ്ക്ക് ഇവിടെ വൈദ്യുതി കൊണ്ടു വന്നു വില്‍ക്കാന്‍ കഴിയുന്ന ബില്ലാണ് വരാന്‍ പോകുന്നത്. ഇതിനെ നാം ചെറുക്കണം. വൈദ്യുതി രംഗം പൊതുമേഖലയില്‍ നില്‍ക്കുന്നതിനാലാണ് കൂടുതല്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് കുറഞ്ഞ രീതിയില്‍ ചാര്‍ജ് കൂട്ടി ആ തുകയുപയോഗിച്ച്  താഴെ തട്ടിലുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ കഴിയുന്നത്. ഈ ക്രോസ് സബ്‌സിഡി നിലച്ചാല്‍ കര്‍ഷകരും സാധാരണക്കാരുമടക്കമുള്ളവര്‍ ദുരിതത്തിലാകും. സ്വകാര്യ മേഖല ലാഭം നോക്കി മാത്രം വിതരണം നടത്തുന്ന സാഹചര്യത്തില്‍, ആദിവാസികള്‍ക്കും സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും ഉള്‍പ്രദേശങ്ങളിലുള്ളവര്‍ക്കും വൈദ്യുതി വിതരണം നടത്താന്‍ അവര്‍ മുന്നോട്ടു വന്നില്ലെങ്കില്‍ വലിയ പ്രതിസന്ധിയാണുണ്ടാക്കുക. വിതരണ ശൃംഖലയിലെ 27,000 തൊഴിലാളികളുടെ ഭാവിയും അനിശ്ചിതത്വത്തിലാകും.  ലോഡ് ഷെഡിംഗും പവര്‍ കട്ടുമില്ലാതെ ഇന്ന് നമ്മള്‍ അനുഭവിക്കുന്ന സന്തോഷത്തെ ഈ വലിയ അപകടം ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലബാറിലെ ആദ്യത്തെ 220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷനാണ് കുന്ദമംഗലത്ത് കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള 110 കെ.വി സബ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിര്‍മ്മിച്ചത്. പൂര്‍ണ്ണമായും ഓട്ടോമാറ്റിക് സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം സബ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് പരമ്പരാഗത സബ് സ്റ്റേഷനുകളെ അപേക്ഷിച്ച് കുറഞ്ഞ സ്ഥലം മാത്രമേ ആവശ്യമുള്ളൂ.
 
ഐ.ഐ.എം, എന്‍.ഐ.ടി കലിക്കറ്റ്, സി.ഡബ്ല്യു.ആര്‍.ഡി.എം, സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച്, മില്‍മ തുടങ്ങി നിരവധി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന കുന്ദമംഗലത്ത് നിലവിലുള്ള 110 കെവി സബ് സ്റ്റേഷന്‍ അപര്യാപ്തമാണെന്നും ശേഷി കൂടിയതും ആധുനിക സംവിധാനങ്ങളുള്ളതുമായ സബ്‌സ്റ്റേഷന്‍ വേണമെന്നുമുള്ള ആവശ്യമാണ് പുതിയ സബ് സ്റ്റേഷന്‍ യാഥാര്‍ഥ്യമായതോടെ നിറവേറിയത്. നല്ലളം 220 കെ.വി സബ് സ്റ്റേഷന്‍ വഴി അരീക്കോട് നിന്ന് ലഭിക്കുന്ന വൈദ്യുതിയും കക്കയത്ത് നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുമായിരുന്നു ഇതുവരെ ഈ പ്രദേശങ്ങളിലെ ആശ്രയം.
 
നിലവിലുള്ള 7.66 കി.മീ 110 കെ.വി ഡബിള്‍ സര്‍ക്യൂട്ട് സ്ഥിതി ചെയ്യുന്ന അതേ റൂട്ടിലൂടെ ഇപ്പോഴുള്ള പ്രസരണ ടവറുകള്‍ മാറ്റി 220/110 കെ.വി മള്‍ട്ടി സര്‍ക്യൂട്ട്, മള്‍ട്ടി വോള്‍ട്ടേജ് ടവറുകള്‍ സ്ഥാപിച്ച് അതില്‍ 220 കെ.വി ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ പുതുതായി ഉള്‍ക്കൊള്ളിച്ചാണ് ഈ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്. 100 മെഗാവാട്ട് ശേഷിയുള്ള രണ്ട് പുതിയ ട്രാന്‍സ്‌ഫോമറുകളും പ്രവൃത്തിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്.

പി ടി എ റഹിം എംഎല്‍എ അധ്യക്ഷത വഹിച്ചു. എം.കെ.രാഘവന്‍ എംപി മുഖ്യാതിഥിയായി. ട്രാന്‍സ്ഗ്രിഡ് ചീഫ് എഞ്ചിനിയര്‍ വി.രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നിര്‍മ്മാണ പ്രവൃത്തികളുടെ വിവിധ കരാറുകാര്‍ക്കുള്ള ഉപഹാരങ്ങള്‍ മന്ത്രി സമ്മാനിച്ചു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍കുന്നുമ്മല്‍, ജില്ലാ പഞ്ചായത്ത് അംഗം ധനീഷ്ലാല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അരിയില്‍ അലവി, ഗ്രാമപഞ്ചായത്ത് അംഗം കെ.കെ.സി. നൗഷാദ്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികള്‍, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെഎസ്ഇബി ട്രാന്‍സ്മിഷന്‍ ആന്റ് സിസ്റ്റം ഓപ്പറേഷന്‍ ഡയറക്ടര്‍ സിജി ജോസ് സ്വാഗതവും ട്രാന്‍സ്മിഷന്‍ നോര്‍ത്ത് ചീഫ് എഞ്ചിനിയര്‍ ജെ.സുനില്‍ ജോയ് നന്ദിയും പറഞ്ഞു.

date