Skip to main content

വാട്ടർ മെട്രോ: കടമ്പ്രയാറിലെ താൽക്കാലിക ബണ്ട് നീക്കാൻ തീരുമാനമായി;  26 കോടിയുടെ പദ്ധതിക്ക് അംഗീകാരം തേടുമെന്ന് പി.രാജീവ്

 

 

കൊച്ചി വാട്ടർ മെട്രോ യുടെ സുഗമമായ നടത്തിപ്പിനായി  രാജഗിരി എഞ്ചിനീയറിംഗ് കോളേജിന് സമീപം  കടമ്പ്രയാറിൽ ഉള്ള താൽക്കാലിക ബണ്ട്  സമയബന്ധിതമായി മാറ്റിസ്ഥാപിക്കാൻ തീരുമാനമായി.  വ്യവസായ മന്ത്രി പി രാജീവ് വിളിച്ചുചേർത്ത ഉന്നതതലയോഗത്തിലാണ് ബണ്ട് മാറ്റുന്നതിനുള്ള  സമയബന്ധിത കർമ്മ പരിപാടിക്ക് രൂപം നൽകിയത്. ചമ്പക്കര കനാലിൽ നിന്ന് ഉപ്പുവെള്ളം കയറുന്നത് തടയാൻ സ്ഥാപിച്ചിട്ടുള്ള താൽക്കാലിക ബണ്ടാണ് മാറ്റുന്നത്.

ഇൻഫോപാർക്ക് ഫേസ് ll, സ്മാർട്ട് സിറ്റി തുടങ്ങിയ മേഖലകളിലേക്ക് വാട്ടർ മെട്രോ ബോട്ട് സർവ്വീസുകൾ ദീർഘിപ്പിച്ച്  യാത്രാ പ്രശ്നത്തിന് പരിഹാരം കാണാനാണ് ലക്ഷ്യമിടുന്നത്. മെട്രോ ബോട്ടുകളുടെ  അറ്റകുറ്റപ്പണികൾക്ക്  വേണ്ടി ബോട്ട്യാർഡിൽ  എത്തുന്നതിനും ബണ്ട് നീക്കേണ്ടത് ആവശ്യമാണ്. ഇതിന്റെ ഭാഗമായാണ് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ യോഗം വിളിച്ചുചേർത്തത്. 

കിൻഫ്ര, പ്രത്യേക സാമ്പത്തിക മേഖല, നിറ്റാ ജലാറ്റിൻ, ഫിലിപ്സ് കാർബൺ,  കൊച്ചി കടലാസ്, ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി തുടങ്ങിയ സ്ഥാപനങ്ങൾ കടമ്പ്രയാറിൽ നിന്ന് വെള്ളം എടുക്കുന്ന സക്ഷൻ പോയിന്റുകൾ  മാറ്റി സ്ഥാപിക്കുന്നതിന് വാട്ടർ അതോറിറ്റി 26 കോടി രൂപയുടെ പദ്ധതി എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. എസ്റ്റിമേറ്റ് ധനകാര്യ വകുപ്പിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്.  ഇതുപ്രകാരമുള്ള നടപടികൾ പൂർത്തിയാകുമ്പോൾ വാട്ടർ മെട്രോയുടെ റൂട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. 

ആകെ 34 mld (മില്യൺ ലിറ്റർ പെർ ഡേ) വെള്ളമാണ് ഈ സ്ഥാപനങ്ങൾ കടമ്പ്രയാറിൽ നിന്ന് ഉപയോഗിക്കുന്നത്. ബണ്ട് മാറ്റി സ്ഥാപിക്കുന്നത് മൂലമുള്ള രാജഗിരി കോളേജിന്റെ പ്രശ്നം പരിഹരിക്കുന്നതിന് ജല വിഭവ വകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കും.കഴിഞ്ഞ ഡിസംബറിൽ മന്ത്രിതല യോഗത്തിൽ   എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാൻ വിവിധ വകപ്പുകളേയും വാട്ടർ മെട്രോയേയും ചുമതലപ്പെടുത്തിയിരുന്നു.  ഇതു സംബന്ധിച്ച പരിശോധനക്കും അവസാന തീരുമാനങ്ങൾ എടുക്കുന്നതിനുമാണ് ഇന്നത്തെ യോഗം ചേർന്നത് .   സ്ഥലം എം എൽ എ പി ടി തോമസും ബന്ധപ്പെട്ടവരുമായി നേരത്തേ ചർച്ച നടത്തിയിരുന്നു.

date