Skip to main content

കൂടുതൽ ജില്ലകളിൽ ഡ്രൈവ് ത്രൂ വാക്സിനേഷൻ: ആരോഗ്യ മന്ത്രി

* സെപ്റ്റംബർ അവസാനത്തോടെ 18ന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകും
* കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജം

തിരുവനന്തപുരത്ത് ആരംഭിച്ച ഡ്രൈവ് ത്രൂ വാക്സിനേഷൻ വിജയകരമായാൽ കൂടുതൽ ജില്ലകളിൽ വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്ററിലൂടെ വാഹനത്തിലിരുന്ന് വാക്സിൻ സ്വീകരിക്കാം എന്നതാണ് പ്രത്യേകത. വാക്സിനേഷൻ സെന്ററിലേക്ക് വരുന്ന വാഹനത്തിൽ തന്നെ ഇരുന്ന് രജിസ്റ്റർ ചെയ്യാനും വാക്സിൻ സ്വീകരിക്കാനും ഒബ്സർവേഷൻ പൂർത്തിയാക്കാനും സാധിക്കും. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കിൽ ആവശ്യമായ വൈദ്യ സഹായവും ലഭ്യമാക്കിയിട്ടുണ്ട്. ഈ ഡ്രൈവ് വിജയകരമാണെന്ന് കണ്ടാൽ കൂടുതൽ ജില്ലകളിൽ ആരംഭിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ഗവ. വിമൺസ് കോളേജിലെ ഡ്രൈവ് ത്രൂ വാക്സിനേഷൻ കേന്ദ്രം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
സെപ്റ്റംബർ അവസാനത്തോടെ 18 വയസിന് മുകളിൽ പ്രായമുള്ള അർഹരായ എല്ലാവർക്കും വാക്സിൻ നൽകാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. 18 വയസിന് മുകളിൽ പ്രായമുള്ള 52 ശതമാനത്തിന് മുകളിൽ ഒന്നാം ഡോസും 19 ശതമാനത്തിന് മുകളിൽ രണ്ടാം ഡോസ് വാക്സിനും നൽകിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയുമായുള്ള ചർച്ച വളരെ പോസിറ്റീവായിരുന്നു. സാസ്ഥാനത്തിനാവശ്യമായ വാക്സിൻ നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ ഈ ലക്ഷ്യം കൈവരിക്കാൻ സാധിക്കും. വാക്സിനേഷൻ പ്രക്രിയ സുഗമമായി നടക്കാൻ പ്രയത്നിക്കുന്ന സഹ പ്രവർത്തകരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
കുട്ടികൾക്കുള്ള വാക്സിനേഷന് സംസ്ഥാനം സജ്ജമാണ്. കേന്ദ്രം അനുമതി നൽകുന്ന മുറയ്ക്ക് നടപടികൾ സ്വീകരിക്കും. പരമാവധി പരിശോധനകൾ നടത്തി രോഗികളെ കണ്ടെത്താൻ സംസ്ഥാനം ശ്രമിക്കുന്നതിനാലാണ് ടി.പി.ആർ. കൂടി നിൽക്കുന്നത്. കേരളത്തിൽ രോഗബാധയുള്ള ആറിലൊരാളെ പരിശോധനയിലൂടെ കണ്ടെത്തുമ്പോൾ ദേശീയ തലത്തിൽ അത് മുപ്പത്തിമൂന്നിൽ ഒരാളെ മാത്രമാണ്. കോവിഡ് കേസുകൾ കൂടി നിൽക്കുന്നതിനാൽ ഇക്കാലത്തെ ഓണക്കാലത്ത് എല്ലാവരും ജാഗ്രത പാലിക്കണം. ജീവനും ജീവിതോപാധിയും പ്രധാനമാണ്. സ്വയം പ്രതിരോധമാണ് ഏറ്റവും വലുതെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. ഷിനു, ആരോഗ്യ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
പി.എൻ.എക്‌സ്. 2885/2021

date