Skip to main content

നാരായണൻ ചിറ വികസനം വിനോദസഞ്ചാര മേഖലയിൽ വലിയ മാറ്റം ഉണ്ടാക്കും - മന്ത്രി റോഷി അഗസ്റ്റിൻ

 

 

 

 

 തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ നാരായണൻ ചിറയുടെ വികസനം വിനോദസഞ്ചാര മേഖലയിൽ വലിയ മാറ്റം ഉണ്ടാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ചിറ മന്ത്രി സന്ദർശിച്ചു.  പ്രകൃതി സൗന്ദര്യം കൊണ്ട് ആകർഷകമായ നാരായണൻ ചിറയുടെ പുനരുദ്ധാരണത്തിന് 20 കോടി രൂപയാണ് അനുവദിച്ചത്. വിനോദസഞ്ചാര സാധ്യത കൂടെ കണക്കിലെടുത്ത് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും മന്ത്രിക്കൊപ്പം സ്ഥലം സന്ദർശിച്ചു.

 പാവയിൽ ചീർപ്പിൽ ഉപ്പു വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ഇത് തടയാൻ ബലിഷ്ഠമായ സംരക്ഷണം നൽകും. മികച്ച സംങ്കേതികവിദ്യ ഉപയോഗിച്ച് എഫ്. ആർ.പി ഷട്ടർ ഇട്ട് ചിറക്ക് സംരക്ഷണമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. മുക്കത്ത്താഴം ചീർപ്പ് പുനരുദ്ധാരണവും വൈകാതെ ആരംഭിക്കും. 70 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്. അനുബന്ധ പ്രവർത്തികൾക്കായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മൂന്ന് ജലസ്രോതസ്സുകളും സംരക്ഷിച്ച് വിനോദസഞ്ചാരത്തിനും കുടിവെള്ള വിതരണത്തിനും യോഗ്യമാക്കുന്ന രീതിയിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.

 തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി പ്രമീള, ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി നൗഷീർ, ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഐ.പി ഗീത, ഇറിഗേഷൻ ചീഫ് എഞ്ചിനീയർ അലക്സ്‌ വർഗീസ്, സൂപ്രണ്ടിങ്ങ് എഞ്ചിനീയർ മനോജ്‌  എം.കെ, എക്സിക്യൂട്ടീവ് എഞ്ചിനീയർ സത്യൻ കെ. കെ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അജയൻ. സി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ,  തുടങ്ങിയവർ മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു.

date