Skip to main content

സ്വാതന്ത്ര്യദിന പരേഡ് കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് നടത്തും

ആഗസ്ത് 15ന് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡ് പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സംഘടിപ്പിക്കുകയെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രവേശനം ഉണ്ടാകില്ല. പ്രത്യേക ക്ഷണിതാക്കളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 100 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരെയോ 72 മണിക്കൂറിനുള്ളില്‍ ചെയ്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഉള്ളവരെയോ മാത്രമേ ചടങ്ങില്‍ പങ്കെടുപ്പിക്കൂ. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. സാനിറ്റൈസര്‍, മാസ്‌ക്, തെര്‍മല്‍ സ്‌കാനര്‍, ആന്റിജന്‍ പരിശോധനാ സംവിധാനം എന്നിവയും ആംബുലന്‍സ് ഉള്‍പ്പെടെ മെഡിക്കല്‍ സംഘത്തെയും പരേഡിനോടനുബന്ധിച്ച് സജ്ജമാക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
രാവിലെ 8.30ന് പരേഡ് നടപടികള്‍ ആരംഭിക്കും. ഒന്‍പത് മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. പരേഡില്‍ അഞ്ചു പ്ലാറ്റൂണുകള്‍ പങ്കെടുക്കും. മാര്‍ച്ച് പാസ്റ്റ് ഉണ്ടായിരിക്കുന്നതല്ല. പൊലീസിന്റെ രണ്ടും എക്സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നിവരുടെ ഓരോ പ്ലാറ്റൂണുകളുമാണ് പരേഡില്‍ പങ്കെടുക്കുക.
 

date