Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 13-08-2021

പൊതുസ്ഥാപനങ്ങളില്‍ സൗരോര്‍ജ നിലയങ്ങള്‍ : ഉദ്ഘാടനം ശനിയാഴ്ച

അനെര്‍ട്ടിന്റെ നേതൃത്വത്തില്‍ പൊതുസ്ഥാപനങ്ങളില്‍ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുന്ന പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച (ആഗസ്ത് 14) ഉച്ചക്ക് 12 ന് പിണറായി ബാങ്ക് ഓഡിറ്റോറിയത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വ്വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി അധ്യക്ഷത വഹിക്കും. വി ശിവദാസന്‍ എം പി മുഖ്യാതിഥിയാവും.

മാതൃക പദ്ധതി എന്ന നിലയിലാണ് പിണറായി പഞ്ചായത്തില്‍ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിച്ചത്. 13 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഓണ്‍ഗ്രിഡ് നിലയങ്ങളും 17 അങ്കണവാടികളിലായി ഓരോ കിലോവാട്ട് വീതം ശേഷിയുള്ള ഓഫ് ഗ്രിഡ് നിലയങ്ങളുമാണ് സ്ഥാപിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും സൗരോര്‍ജവല്‍കരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് നടത്തി

സംസ്ഥാനത്തെ ആയുര്‍വേദം, ഹോമിയോ, ദന്തല്‍, പാരമ്പര്യ ചികിത്സ, സിദ്ധ, യൂനാനി, മര്‍മ്മ വിഭാഗങ്ങള്‍, ആശുപത്രിയോടൊപ്പം അല്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ലബോറട്ടറികള്‍, ബ്ലഡ് ബാങ്കുകള്‍, കാത്ത് ലാബുകള്‍  തുടങ്ങിയ  മേഖലയിലെ  തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് നടത്തി. ഈ മേഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍, കാസര്‍കോഡ്  ജില്ലകളിലെ തൊഴിലാളി /തൊഴിലുടമ പ്രതിനിധികളാണ് തെളിവെടുപ്പ് യോഗത്തില്‍ പങ്കെടുത്തത്. കെ പി സഹദേവന്‍, യു പോക്കര്‍, ജെ ഉദയഭാനു, എം സുരേശന്‍, ജില്ലാ ഇന്‍ഡസ്ട്രീസ് സെന്റര്‍ മാനേജര്‍, ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

അക്കൗണ്ട് വിവരങ്ങള്‍ നല്‍കണം

ദേശസാല്‍കൃത ബേങ്കുകളുടെ ലയനം മൂലം നിലവിലുള്ള അക്കൗണ്ട് നമ്പര്‍ ഐഎഫ്എസ്‌സി കോഡ് എന്നിവയില്‍ മാറ്റം വന്ന സാഹചര്യത്തില്‍ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി  ബോര്‍ഡ് അംഗങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള  പെന്‍ഷന്‍ ഇതര ആനുകൂല്യ വിതരണങ്ങള്‍  സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങും.  ഈ സാഹചര്യത്തില്‍ ലയനം മൂലം അക്കൗണ്ട് നമ്പറില്‍ മാറ്റമുണ്ടായ ഗുണഭോക്താക്കള്‍ പുതിയ ബേങ്ക് പാസ് ബുക്ക് കൈപ്പറ്റി അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ് സി കോഡ് എന്നിവ അതത് ഫിഷറീസ് ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം.ഫോണ്‍:0497 2734587

കൈരളിയില്‍ കരകൗശലമേള

കേരള കരകൗശല വികസന കോര്‍പ്പറേഷന്റെ  കണ്ണൂര്‍ യൂണിറ്റായ കൈരളിയില്‍ ഓണം സ്‌പെഷ്യല്‍ സെയില്‍-2021 തുടങ്ങി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് യൂണിറ്റിനോട് ചേര്‍ന്ന് പ്രത്യേകം കൗണ്ടറിലാണ്  മേള സംഘടിപ്പിച്ചിരിക്കുന്നത്. കരകൗശല തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമിട്ട് സംഘടിപ്പിച്ച മേളയില്‍ 10 ശതമാനം ഡിസ്‌കൗണ്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കരകൗശല ഉല്‍പ്പന്നങ്ങള്‍ക്കു പുറമെ ആറന്മുള കണ്ണാടി, ഹൈദരാബാദ് മുത്തിലും പവിഴത്തിലും തീര്‍ത്ത ആഭരണങ്ങള്‍, വീട്ടിയിലും തേക്കിലും തീര്‍ത്ത ശില്‍പങ്ങള്‍, ചന്ദനത്തൈലം, ചന്ദനക്കഷണങ്ങള്‍, കൈത്തറിത്തുണികള്‍, വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തുണിത്തരങ്ങള്‍ എന്നിവയും വില്‍പനക്കായി എത്തിയിട്ടുണ്ട്. അവധി ദിവസങ്ങളിലുള്‍പ്പെടെ രാവിലെ 10 മുതല്‍ രാത്രി എട്ട് മണി വരെ തുറക്കുന്ന വിപണന മേള
ആഗസ്ത് 31 ന് സമാപിക്കും.ഫോണ്‍: 0497 2700379.

കയര്‍ തൊഴിലാളി ധനസഹായം : രേഖകള്‍ ഹാജരാക്കണം

ഒരു വര്‍ഷത്തിലേറെയായി പൂട്ടിക്കിടക്കുന്ന കയര്‍ സഹകരണ സംഘങ്ങളിലെ  തൊഴിലാളികള്‍ക്ക് ഓണക്കാലത്ത്  നല്‍കി വരുന്ന എക്‌സ്‌ഗ്രേഷ്യ ധനസഹായം ലഭ്യമാക്കുന്നതിന് തൊഴിലാളികള്‍ കയര്‍ തൊഴിലാളിയാണെന്ന് തെളിയിക്കുന്ന രേഖകളും ബാങ്ക് പാസ്സ് ബുക്ക് വിവരങ്ങളും ആധാര്‍കാര്‍ഡ് പകര്‍പ്പ് സഹിതം സിവില്‍ സ്‌റ്റേഷനിലെ കയര്‍ പ്രൊജക്ട്  ഓഫീസില്‍ ഒരാഴ്ചക്കകം എത്തിക്കണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.

സ്വയം തൊഴില്‍ വായ്പ; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന മഹിളാ സമൃദ്ധി യോജന പദ്ധതിക്കു കീഴില്‍ സ്വയം തൊഴില്‍ വായ്പ അനുവദിക്കുന്നതിന്  ജില്ലയിലെ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി 60,000 രൂപയാണ് വായ്പ. പ്രായം 18നും 55നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. നാല് ശതമാനമാണ് പലിശ. വായ്പാ തുക 36 തുല്ല്യ മാസ ഗഡുക്കളായി (പിഴപ്പലിശയുണ്ടെങ്കില്‍ അതും സഹിതം) തിരിച്ചടക്കണം. വായ്പാ തുകക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2705036, 9446778373.  

സന്നദ്ധ സംഘടനകള്‍ക്ക് അപേക്ഷിക്കാം

അനാരോഗ്യം മൂലം അധ്വാനശേഷി നഷ്ടപ്പെട്ട് നിരാശ്രയരായി തെരുവുകളില്‍ അലഞ്ഞു തിരിയുന്നവരെയും രോഗം ഭേദമായതിന് ശേഷവും ഏറ്റെടുക്കാന്‍ ആളില്ലാതെ ആശുപത്രികളില്‍ കഴിയുന്നവരെയും ഏറ്റെടുത്ത് സംരക്ഷിക്കാന്‍ താല്‍പര്യമുള്ള സന്നദ്ധ സംഘടനകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അര്‍ഹമായ ഗ്രാന്‍ഡ് നല്‍കും. അപേക്ഷിക്കേണ്ട വിലാസം ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, എഫ് ബ്ലോക്ക്, കണ്ണൂര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0497 2712255, 2992811.

പാരമ്പര്യ വാസ്തു വിദ്യാ ചുമര്‍ചിത്ര കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

സാംസ്‌കാരിക വകുപ്പിനു കീഴില്‍ പത്തനംതിട്ട ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന പാരമ്പര്യ, വാസ്തുവിദ്യ, ചുമര്‍ചിത്ര സംരക്ഷണ കേന്ദ്രമായ വാസ്തു വിദ്യാ ഗുരുകുലത്തില്‍ ഈ വര്‍ഷത്തെ കോഴ്‌സുകള്‍ സെപ്തംബറില്‍ തുടങ്ങും. കൊവിഡ് പശ്ചാത്തലത്തില്‍ ആദ്യഘട്ടം ഓണ്‍ലൈന്‍ ക്ലാസ്സുകളാണ് നടക്കുക. മലയാളമാണ് അധ്യയന മാധ്യമം.
പിജി ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍. യോഗ്യത-ബിടെക് സിവില്‍ എഞ്ചിനീയറിംഗ്. അപേക്ഷ ഫീസ് 200 രൂപ, ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍. യോഗ്യത-  എസ്എസ്എല്‍സി. പ്രായപരിധി 35 വയസ്സ്.അപേക്ഷ ഫീസ് 100 രൂപ.
ചുമര്‍ച്ചിത്ര കലയില്‍ ഒരു വര്‍ഷത്തെ  സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. പ്രായപരിധിയില്ല. യോഗ്യത-എസ്എസ് എല്‍സി .അപേക്ഷ ഫീസ് 200 രൂപ.
അപേക്ഷാഫോറം  മണിയോര്‍ഡറോ പോസ്റ്റല്‍ ഓര്‍ഡര്‍ മുഖേനയോ ഓഫീസില്‍ നിന്ന് നേരിട്ടോ കൈപ്പറ്റാം. അപേക്ഷ  ആഗസ്ത് 31 നകം എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തു വിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട- 689533 എന്ന വിലാസത്തില്‍ അയക്കണം. www.vasthuvidyagurukulam.com ല്‍ ഓണ്‍ലൈനായും അയക്കാം.  ഫോണ്‍: 9847053294, 9947739442.

പ്ലസ് വണ്‍ : തീയതി നീട്ടി

ഐഎച്ച്ആര്‍ഡി യുടെ കീഴിലെ ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി ആഗസ്ത് 18 വരെ നീട്ടി. ഓണ്‍ലൈന്‍ അപേക്ഷയും അനുബന്ധ രേഖകളും ആഗസ്ത് 24 ന് വൈകിട്ട് മൂന്ന് മണിക്കകം ബന്ധപ്പെട്ട സ്ഥാപന മേധാവിക്ക് നേരിട്ട് സമര്‍പ്പിക്കണം കൂടുതല്‍ വിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും.

ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ടൂറിസം വകുപ്പിനു കീഴില്‍  ആരംഭിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍  ബിഎസ് സി  ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ്  സയന്‍സ് ബിരുദ പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു.  കണ്ണൂര്‍ സര്‍വകലാശാലയുടെ ഏകജാലക  സംവിധാനത്തിലൂടെയാണ് അപേക്ഷിക്കേത്.  തലശ്ശേരി ചോന്നാടത്ത് മൂന്നാംമൈലിലെ കിന്‍ഫ്ര കെട്ടിടത്തിലാണ്  താല്‍ക്കാലിക ക്യാമ്പസ് പ്രവര്‍ത്തിക്കുക.കണ്ണൂര്‍ സര്‍വകലാശാലയില്‍ ആദ്യമായാണ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദ പ്രവേശനം നടക്കുന്നത്.

തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വരിക്കാരുടെ മക്കള്‍ക്ക് ഐ ടി ഐ പ്രവേശനം

വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 11 ഐ ടി ഐകളിലെ 12 ട്രേഡുകളില്‍ കേരള തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് വരിക്കാരുടെ തൊഴിലാളികളുടെ മക്കള്‍ക്ക് സംവരണം ചെയ്തിട്ടുള്ള 240 സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍  www.labourwelfarefund.in ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. അപ്ലൈ നൗവില്‍  ട്രെയിനിംഗ് പ്രോഗ്രാം  എന്ന ഓപ്ഷനിലാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അടിസ്ഥാന യോഗ്യത  പത്താംതരം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 300 രൂപ സ്‌റ്റൈപന്റ് ലഭിക്കും.

അഡ്മിഷന്‍ ലഭിക്കുന്ന ഗവ. ഐ ടി ഐകളും ഗ്രേഡുകളും

ധനുവച്ചപുരം- വയര്‍മാന്‍, ചാക്ക-ടര്‍ണര്‍, കൊല്ലം-മെക്കാനിക് ഡീസല്‍, ഏറ്റുമാനൂര്‍- വെല്‍ഡര്‍/ഫില്‍റ്റര്‍, ചെങ്ങന്നൂര്‍- മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, കളമശ്ശേരി- ഫില്‍റ്റര്‍, ചാലക്കുടി- ടെക്‌നിക്കല്‍ പവര്‍ ഇലക്ട്രോണിക് സിസ്റ്റംസ്, മലമ്പുഴ- ഇലക്ട്രീഷ്യന്‍, അഴീക്കോട്- ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, കോഴിക്കോട്- റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിംഗ് ടെക്‌നീഷ്യന്‍, കണ്ണൂര്‍- ഇലക്ട്രോണിക് മെക്കാനിക്ക്.

ഭരണാനുമതിയായി

മുന്‍ എം എല്‍ എ ടി വി രാജേഷിന്റെ 2019-2020 വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍ നിന്നും 13.94 ലക്ഷം രൂപ വിനിയോഗിച്ച് കല്ല്യാശ്ശേരി മണ്ഡലം ചെറുതാഴം ഗ്രാമപഞ്ചായത്തിലെ കുളപ്പുറം വായനശാല ആന്റ് ഗ്രന്ഥാലയം പുനരുദ്ധാരണ പ്രവൃത്തി നടപ്പാക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

date