Skip to main content

'കോവിഡ് ഓർത്തോണം': കോവിഡ് പ്രതിരോധ ബോധവത്കരണ ക്യാമ്പയിൻ ആരംഭിച്ചു

കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഓണാഘോഷം നടത്തുന്നതിന് വേണ്ടി  പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി  സംഘടിപ്പിക്കുന്ന ബോധവത്കരണ പ്രചരണ പരിപാടിക്ക് ജില്ലയിൽ തുടക്കമായി. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, യൂനിസെഫ്  എന്നിവയുടെ നേതൃത്വത്തിലാണ് പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത് .
പരിപാടിയുടെ ഭാഗമായി ആഗസ്ത് 18  മുതൽ 28 വരെ ജില്ലയിലെ പ്രധാനപ്പെട്ട ടൗണുകൾ കേന്ദ്രീകരിച്ച് ഡിജിറ്റൽ ബോധവൽക്കരണ വാഹനം വഴി  ബോധവത്ക്കരണം നടത്തും. 'കോവിഡ് ഓർത്തോണം' എന്ന ഹാഷ് ടാഗ് ലാണ് പ്രചരണ പരിപാടി നടത്തുന്നത്. വാഹനത്തിൽ കോവിഡ് പ്രതിരോധ സന്ദേശങ്ങളടങ്ങിയ ഡിജിറ്റൽ പോസ്റ്ററുകൾ, എൽ.ഇ.ഡി വോൾ, വിവിധ കോവിഡ് -19 ബോധവൽക്കരണ ലഘു വീഡിയോകൾ എന്നിവ പ്രദർശിപ്പിക്കും. കടകൾ, മാർക്കറ്റുകൾ, ഹോട്ടലുകൾ എന്നിവ കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചു  പ്രവർത്തിക്കുന്നതിന് വേണ്ടിയുള്ള  ബോധവൽക്കരണ  ലഘുലേഖകളുമായി  'മാവേലിയും' പ്രചാരണ വാഹനത്തോടൊപ്പമുണ്ട് .
പരിപാടിയുടെ ജില്ലാതല ഫ്‌ളാഗ് ഓഫ് ദേശീയാരോഗ്യ ദൗത്യം ഓഫീസ് പരിസരത്ത് ദേശീയ ആരോഗ്യദൗത്യം ഡി.പി.എം ഇൻചാർജ് ഡോ. എ.വി രാംദാസ് നിർവഹിച്ചു. കോവിഡ്-19 ഇൻഫ്രാസ്ട്രക്ച്ചർ ജില്ലാ  നോഡൽ ഓഫീസർ ഡോ. രിജിത് കൃഷ്ണൻ, ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ, ജില്ലാ കൺട്രോൾ സെൽ ജെ.എച്ച്.ഐ മഹേഷ് കുമാർ പി.വി എന്നിവർ സംബന്ധിച്ചു.

 

date