Skip to main content

വിശ്വ സാഹോദര്യത്തിന്റെ സന്ദേശവുമായി ലോക പൂക്കള മത്സരം സംഘടിപ്പിച്ച് ടൂറിസം വകുപ്പ്

കോവിഡ് പശ്ചാത്തലത്തിൽ ഒത്തു ചേരലിന്റെ ഓണാഘോഷങ്ങൾക്ക് വെർച്വൽ സാധ്യത തേടി ടൂറിസം വകുപ്പ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളെ ഒന്നിപ്പിക്കുന്ന വെർച്വൽ ഓണത്തിന് 'ലോക പൂക്കള' ത്തിൽ കേരളത്തിനകത്തും പുറത്തുമുള്ള മലയാളികൾക്ക് പങ്കെടുക്കാം. കേരളത്തിനകത്തും പുറത്തുമായി വ്യക്തിഗതം, ഗ്രൂപ്പ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് പൂക്കള മത്സരം സംഘടിപ്പിക്കുന്നത്.
വെർച്വലായി നടക്കുന്ന അന്താരാഷ്ട്ര പൂക്കള മത്സരം 2021 ന്റെ എൻട്രികൾ ആരംഭിച്ചു. ഓൺലൈനിൽ നടക്കുന്ന മത്സര വിജയികളിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. ആഗസ്റ്റ് 23 വരെ നടക്കുന്ന മത്സരത്തിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് വിനോദ സഞ്ചാര വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് www.keralatourism.org സന്ദർശിക്കാം. 6238903195 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്താലും വിവരം ലഭിക്കും. പൂക്കള മത്സര രജിസ്ട്രേഷൻ ആഗസ്റ്റ് 23ന് അർധരാത്രി അവസാനിക്കും.
ഒരാൾക്ക് അഞ്ച് എൻട്രികൾ സമർപ്പിക്കാം. രജിസ്ട്രേഷൻ കോഡോടു ചേർന്ന പൂക്കളത്തിന്റെയും മത്സരാർഥികളുടെ ചിത്രവും ചേർന്നതാണ് ഒരു എൻട്രി. ഫോട്ടോകൾക്ക് ശീർഷകവും ചെറിയ വിവരണവും ആവശ്യമാണ്. എൻട്രികൾ മത്സര നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച ശേഷമാണ് സ്വീകരിക്കുക. അംഗീകരിക്കുന്ന വിവരം മത്സരാർഥിയെ ഇമെയിലിലൂടെ അറിയിക്കും. അപ്രൂവ് ലഭിച്ച എൻട്രികൾ ഗാലറിയിൽ കാണാൻ സാധിക്കും. ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യാവുന്നതാണ്. സമൂഹ മാധ്യമങ്ങളിൽ പൂക്കളത്തിന് ലഭിക്കുന്ന പിന്തുണയും മൂല്യനിർണ്ണയ വേളയിൽ പരിഗണിക്കും.
മത്സരവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10നും വൈകീട്ട് 5നും ഇടയിൽ contests@keralatourism.org എന്ന മെയിലിലോ   +91 6238903195 വാട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം. നാല് വിഭാഗങ്ങളിലുമായി 52ഓളം സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് പുറമേ 10 പ്രോത്സാഹന സമ്മാനങ്ങളും നൽകും.
വിവിധ രാജ്യങ്ങളിലെ ആഘോഷങ്ങളെ കോർത്തിണക്കിക്കൊണ്ട് വെർച്വൽ പ്ലാറ്റ്ഫോമിൽ ഒരു ഓണം എന്നുള്ളത് ചരിത്രത്തിലാദ്യമായാണ്. ടൂറിസം വകുപ്പിന്റെ ഈ ഉദ്യമത്തിലൂടെ മലയാളിയുടെ പൂക്കളം ലോകത്താകെ നിറയും. സപ്തഭാഷ സംഗമ ഭൂമിയുടെ സാംസ്‌ക്കാരിക പൈതൃകം വിളിച്ചോതുന്ന പൂക്കളം തീർക്കാൻ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ആഹ്വാനം ചെയ്തു.

date