Skip to main content

ആസാദി ക അമൃത മഹോല്‍സവം:  വേറിട്ട ചിന്തകളുമായി വെബിനാര്‍

 

 സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചു സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു സംഘടിപ്പിക്കുന്ന  ആസാദി ക അമൃത മഹോത്സവത്തിന്റെ  ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വെബിനാര്‍ വ്യത്യസ്ത അനുഭവമായി.
 ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വെബിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജീവിതത്തിലെ ഏറ്റവും മഹത്തരമായ അനുഭവമാണ് സ്വാതന്ത്ര്യം. സമീപകാലത്ത് വിവിധ രാജ്യങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ വില നമുക്ക് മനസിലാക്കിതരുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അഫ്ഗാന്‍, സിറിയ, ഇറാക്ക് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ പേരില്‍ മൃഗീയമായ ദൃശ്യങ്ങള്‍ക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ചുകഴിഞ്ഞാല്‍ രാജ്യം ചിതറിപ്പോകുമെന്ന ബ്രിട്ടീഷുകാരുടെ മുന്നറിയിപ്പുകളെ അസ്ഥാനത്താക്കി ഇന്ത്യ ഒറ്റക്കെട്ടായി മുന്നോട്ടുപോയി. പേരറിയാത്ത അനേകം പേര്‍ ജീവത്യാഗം ചെയ്തു നേടിയതാണ് ഈ സ്വാതന്ത്ര്യം.  കിട്ടിയ സ്വാത്രന്ത്ര്യം എല്ലാവര്‍ക്കും തുല്യമായി ലഭിക്കുന്നുണ്ടോയെന്നു വിലയിരുത്താന്‍ നമുക്ക് ഇന്ന് ബാധ്യതയുണ്ട്. അവനവന്റെ സ്വാതന്ത്ര്യം മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാകാതെ നോക്കണമെന്ന് അദ്ദേഹം പറഞ്ഞു.
 അനേകം പേര്‍ രക്തസാക്ഷിത്വം വഹിച്ചു നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെയും തുടര്‍ന്നു വന്ന ഭരണഘടനയുടെയും അന്തസത്ത പുതുതലമുറയ്ക്കു ശരിയായ വിധം കൈമാറാന്‍ ശ്രമിക്കണമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് പറഞ്ഞു. അവകാശങ്ങള്‍ക്കൊപ്പം കടമകളും കൂടി ഭാഗമാണെന്ന് അവരെ ബോധ്യപ്പെടുത്തണം.
 ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ലോകചരിത്രത്തിലെ അപൂര്‍വം വിമോചന സമരങ്ങളിലൊന്നാണെന്ന് ആമുഖ പ്രഭാഷണം നിര്‍വഹിച്ച് അധ്യാപകനും എഴുത്തുകാരനുമായ ജോസ് കോനാട്ട് പറഞ്ഞു. ഗാന്ധിജിയെപ്പോലെ ധീരരായ മഹത്വ്യക്തികളുടെ ജീവത്യാഗത്തിന്റെ ഫലമാണ് ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം. സ്വാതന്ത്ര്യം നമുക്ക് അമൃതിന് തുല്യമാണ്. പാരതന്ത്ര്യത്തിന്റെ ചങ്ങലകളില്‍ നാം എപ്പോഴും ബന്ധിതരാണെന്ന് ഓര്‍ക്കണം. ഇത്തരം ചങ്ങലകളാണ് ഇനി പൊട്ടിച്ചെറിയേണ്ടത്. അത് സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിലേക്ക് പോകണം. ഗാന്ധിജിയും അതാണ് ആഗ്രഹിച്ചത്. സമീപകാലത്ത് രാജ്യത്ത് വളര്‍ന്നുവരുന്ന ഫാസിസ്റ്റ് ചിന്താഗതികള്‍ക്കു തടയിടാന്‍ പുതുതലമുറയ്ക്കു കഴിയണം. സ്വാതന്ത്ര്യം നമുക്ക് വിമോചന പ്രത്യയശാസ്ത്രമാണ്. അതുപയോഗിച്ച് രാഷ്ട്രത്തെ പുനര്‍നിര്‍മിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
 ഉപ്പുകൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തെ ഉലയ്ക്കാമെന്ന് കാട്ടിത്തന്ന മഹത്വ്യക്തിയായിരുന്നു ഗാന്ധിജിയെന്ന് പ്രഭാഷകനായ മുരിക്കാശേരി പാവനാത്മകോളേജ് ചരിത്രവിഭാഗം അധ്യാപകന്‍ സന്തോഷ് ജോര്‍ജ് വേറിട്ട കാഴ്ചപ്പാടിലൂടെ വ്യക്തമാക്കി. ഇന്ത്യന്‍ സമ്പ്ദ്വ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങളിലൊന്നായിരുന്ന ഉപ്പിനെ ബ്രിട്ടീഷുകാര്‍ വളരെ  നിസാരമായിട്ടാണു കണ്ടത്. എന്നാല്‍ ഗാന്ധിജിക്ക് അതിന്റെ  പ്രാധാന്യം നന്നായി ബോധ്യമുണ്ടായിരുന്നു. ബിസി 2200 ല്‍ ചൈനയില്‍പ്പോലും ഉപ്പ് സര്‍ക്കാര്‍ നിക്ഷിപ്ത വസ്തുവായിരുന്നു. ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഏഴുവസ്തുക്കളില്‍ ഒന്നായിട്ടാണ് ചൈനക്കാര്‍ പോലും ഉപ്പിനെ കണ്ടിരുന്നത്. ഇന്ത്യയിലെ സാധാരണ ജനങ്ങളെ ഉപ്പ് എന്ന ഒറ്റച്ചരടില്‍ കോര്‍ത്തു നിര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇത് മനസിലാക്കാന്‍ ബ്രിട്ടീഷുകാര്‍ക്കു കഴിഞ്ഞില്ല. അവര്‍ വലിയ കാര്യങ്ങള്‍ ചിന്തിച്ചപ്പോള്‍ ഗാന്ധിജി ചെറിയ കാര്യങ്ങളെ വലിയ കാര്യങ്ങളാക്കി മാറ്റി. ഉപ്പ് കൈയിലെടുത്ത് അത് നിങ്ങളുടെ സാമ്രാജ്യത്തെ ഉലയ്ക്കുമെന്നും തനിക്ക് ലോകത്തിന്റെ അനുഭാവം വേണമെന്നും ഗാന്ധിജി ആഹ്വാനം ചെയ്യുകയായിരുന്നുവെന്ന് സന്തോഷ് ജോര്‍ജ് പറഞ്ഞു.
 മുരിക്കാശേരി സെന്റ്മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍  പ്രിന്‍സിപ്പല്‍ ജോസഫ് മാത്യു, സാംസ്‌കാരിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ രാധാമണി എന്നിവരും പങ്കെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ്‌കുമാര്‍ സ്വാഗതം പറഞ്ഞു.
അസി.എഡിറ്റര്‍ എന്‍.ബി.ബിജു, ജില്ലാ പഞ്ചായത്ത് സൂപ്രണ്ട് സാജു ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. കട്ടപ്പന, മൂന്നാര്‍ ഗവ.കോളേജ്, നെടുങ്കണ്ടം എം.ഇ.എസ്. കോളേജ്, തൊടുപുഴ ന്യൂമാന്‍ കോളേജ്, മുരിക്കാശേരി പാവനാത്മ കോളേജ്, തൊടുപുഴ അല്‍ അസ്ഹര്‍ കോളേജ് എന്നിവിടങ്ങളിലെ ചരിത്ര വിഭാഗം അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ലൈബ്രറി കൗണ്‍സില്‍ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ വെബിനാറില്‍ സംബന്ധിച്ചു.

date