Skip to main content

ജനകീയ മത്സ്യകൃഷിയില്‍ മികച്ച നേട്ടം കൊയ്ത്  മുഹമ്മയിലെ കര്‍ഷക സംഘം

 

ആലപ്പുഴ: സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യ കൃഷി പദ്ധതിയില്‍ മികച്ച നേട്ടവുമായി മുഹമ്മ പഞ്ചായത്തിലെ കര്‍ഷക സംഘം. ഓണനാളില്‍ 200 കിലോ കരിമീനാണ് ഇവര്‍ വിളവെടുത്തത്. ആത്മ സ്വയംസഹായ സംഘത്തിലെ ഡി. അനില്‍ കുമാര്‍, മഹേഷ് ചാക്കോ, സാബു, സുരേഷ്, ബിജു എന്നിവര്‍ ചേര്‍ന്നാണ് കരിമീന്‍ കൃഷി ചെയ്തത്. ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയിലെ ഘടക പദ്ധതിയായ കൂട് മത്സ്യകൃഷിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ ഡിസംബര്‍ 21നാണ് പദ്ധതി ആരംഭിച്ചത്. 

കൃഷിക്കാവശ്യമായ കൂട്, മീന്‍ കുഞ്ഞുങ്ങള്‍ എന്നിവയ്ക്കുള്ള സബ്‌സിഡി തുക ഫിഷറീസ് വകുപ്പ് നല്‍കി. ഒരു യൂണിറ്റെന്ന കണക്കില്‍ 10 കൂടുകളിലാണ് കൃഷി ചെയ്തത്. 2400 മീന്‍ കുഞ്ഞുങ്ങളെയാണ് കൃഷിക്കായി ആകെ നല്‍കിയത്. കൂട് മത്സ്യ കൃഷിക്കായി 1,20,000 രൂപയും സബ്‌സിഡിയായി നല്‍കി. 
വളര്‍ച്ച എത്തിയതോടെ ഓഗസ്റ്റ് 23ന് വിളവെടുപ്പ് നടത്തി. ഓണക്കാലമായതിനാല്‍ മികച്ച വില്‍പ്പനയും നടത്താനായെന്ന് അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ ദീപ ഷണ്മുഖന്‍ പറഞ്ഞു. വലിയ കരിമീനുകള്‍ കിലോയ്ക്ക് 450 രൂപയ്ക്കും ഇടത്തരം കരിമീനുകള്‍ 350 രൂപയ്ക്കുമാണ് വിറ്റത്. ജില്ലാ ഫിഷറീസ് വകുപ്പിന്റെയും അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ലീന ഡെന്നിസിന്റെയും മേല്‍നോട്ടം മത്സ്യകൃഷിയിലുടനീളം കര്‍ഷകര്‍ക്ക് ലഭിച്ചു.

date