Skip to main content

കരനെല്‍കൃഷിയില്‍ പുത്തന്‍ ചുവടുവയ്പ്പുമായി വയലാറിലെ  കാര്‍ഷിക കര്‍മസേന 

 

ആലപ്പുഴ: കരനെല്‍കൃഷിയില്‍ പുതു ചുവടുവച്ച് വയലാര്‍ ഗ്രാമപഞ്ചായത്ത്. കരനെല്‍കൃഷി പദ്ധതി പ്രകാരം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ വയലാറിലെ കാര്‍ഷിക കര്‍മ്മ സേനാംഗങ്ങളാണ് കൃഷി ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ 20 സെന്റ് സ്ഥലത്താണ് വിത്ത് ഇറക്കിയിരിക്കുന്നത്. 

കൃഷിക്കാവശ്യമായ സ്ഥലം കണ്ടെത്തിയതും നിലമൊരുക്കിയതും കാര്‍ഷിക കര്‍മസേനാംഗങ്ങളുടെ നേതൃത്വത്തിലാണ്. കൃഷിഭവന്‍ മുഖേന കൃഷിക്കാവശ്യമായ വിത്തുകള്‍ സൗജന്യമായാണ് നല്‍കിയത്. അത്യുല്‍പ്പാദന ശേഷിയുള്ള ഉമ ഇനത്തില്‍പെട്ട നെല്ലാണ് കൃഷിക്ക് ഉപയോഗിച്ചിരിക്കുന്നത്. ഓഗസ്റ്റ് ആദ്യവാരമാണ് വിത്ത് വിതച്ചത്.

തരിശായിക്കിടക്കുന്ന ഭൂമികള്‍ കണ്ടെത്തി കൃഷിയിറക്കി പുത്തന്‍ മാതൃക സൃഷ്ടിക്കാനാണ് കാര്‍ഷിക കര്‍മ്മ സേനയുടെ ശ്രമം. കൃഷിക്ക് പുറമെ കര്‍ഷകര്‍ക്കാവശ്യമായ ട്രാക്ടര്‍, ട്രില്ലര്‍, കട്ടര്‍ തുടങ്ങിയ യന്ത്രങ്ങള്‍ കുറഞ്ഞ നിരക്കില്‍ എത്തിച്ച് കൊടുക്കാനും ഗ്രോബാഗ് നിര്‍മാണം, വളം നിര്‍മാണം, നിലമൊരുക്കല്‍ തുടങ്ങിയ ജോലികള്‍ കൃത്യമായി ചെയ്യാനും പഞ്ചായത്തിലെ കാര്‍ഷിക കര്‍മ്മസേന മുന്നിലുണ്ട്. കരനെല്‍കൃഷി വിജയകരമായി പൂര്‍ത്തിയാക്കുന്നതിനായി കാര്‍ഷിക കര്‍മ്മ സേനാംഗങ്ങള്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും കൃഷിഭവന്‍ മുഖാന്തരം നല്‍കുമെന്നും വയലാര്‍ കൃഷി ഓഫീസര്‍ ബി. സാബിര്‍ പറഞ്ഞു.

പച്ചക്കറി കൃഷിയ്ക്ക് പുറമെ കരനെല്‍കൃഷിയിലേക്കും പുതിയ ചുവടുവയപ്പ് നടത്തിയ പഞ്ചായത്തിലെ കാര്‍ഷിക കര്‍മ്മ സേന മാതൃകപരമായ കാര്യമാണ് ചെയ്തതെന്നും തരിശായി കിടക്കുന്ന മറ്റ് പ്രദേശങ്ങളില്‍ കൂടി ഇത്തരത്തില്‍ കൃഷി വ്യാപിപ്പിക്കുമെന്നും അതിനുവേണ്ട എല്ലാ പ്രോത്സാഹനവും സഹായവും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉറപ്പാക്കുമെന്നും വയലാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ഷാജി പറഞ്ഞു

date