Skip to main content

ദേശീയ നേത്രദാന പക്ഷാചരണം: ജില്ലയില്‍ വിപുലമായ പരിപാടികള്‍*

 

 

36-ാമത് ദേശീയ നേത്രദാന പക്ഷാചരണം ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 8 വരെ നടക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍ നടത്തുന്നു. ആരോഗ്യ വകുപ്പ്, വയനാട് മെഡിക്കല്‍ കോളേജ്, ജില്ലാ അന്ധതാ നിവാരണ സമിതി എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 8 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി നേത്രദാനം മഹാദാനം എന്ന വിഷയത്തില്‍ പോസ്റ്റര്‍ മത്സരം നടക്കും. ജില്ലയിലെ ആരോഗ്യ  പ്രവര്‍ത്തകര്‍ക്കായി വെബിനാര്‍, റേഡിയോ മാറ്റൊലിയില്‍ ജില്ലാ ഓഫ്താല്‍മിക്  സര്‍ജന്‍ ഡോ. എം.വി റൂബിയുടെ നേതൃത്വത്തില്‍ തത്സമയ പരിപാടി, മാനന്തവാടി മെഡിക്കല്‍ കോളേജിലെ ഡോ. രമേശന്‍ നല്‍കുന്ന നേത്രദാന ബോധവത്കരണ ക്ലാസ്സ്, ജില്ലാ ഓഫ്താല്‍മിക് കോഡിനേറ്റര്‍ പി. ശ്രീകുമാര്‍ നല്‍കുന്ന നേത്രദാന സന്ദേശം എന്നിവയും നടക്കും. ഇതോടൊപ്പം ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.

 

പരിക്കുകള്‍, അണുബാധ, പോഷകാഹാരക്കുറവ് തുടങ്ങിയ വിവിധ കാരണങ്ങളാല്‍ ഉണ്ടാകുന്ന നേത്രപടല അന്ധത ചികിത്സിക്കുന്നത് മരണ ശേഷം നേത്രദാനം വഴി ലഭിക്കുന്ന കണ്ണുകളില്‍ നിന്നുമെടുക്കുന്ന നേത്രപടലം മാറ്റിവയ്ക്കുന്നതിലൂടെയാണെന്ന വസ്തുത ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് എല്ലാ വര്‍ഷവും നേത്രദാന പക്ഷാചരണം ആചരിക്കുന്നത്.

 

date