Skip to main content

ജില്ലയിലെ പാറ ലഭ്യമായ സർക്കാർ ഭൂമിയിലും കരിങ്കൽ ഖനനം; ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു 

 

 

വർധിച്ചു വരുന്ന നിർമാണ ആവശ്യങ്ങൾ കണക്കിലെടുത്ത് സർക്കാർ ഉടമസ്ഥതയിലുള്ള പാറ ലഭ്യമായ ഭൂമിയിൽ ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി കരിങ്കൽ ഖനനം സാധ്യമാക്കാനുള്ള സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ  ജില്ലയിലെ സാധ്യതകൾ അവലോകനം ചെയ്യാൻ ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഇതോടൊപ്പം ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം സംബന്ധിച്ച് രൂപീകൃതമായ സബ് ഡിവിഷനൽ തല കമ്മിറ്റി പ്രവർത്തനങ്ങളും 

യോഗം വിലയിരുത്തി.

 

ഖനനത്തിന് ആവശ്യമായ എല്ലാ രേഖകളും നൽകിയിട്ടുണ്ടെന്ന് താലൂക്കുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉറപ്പാക്കണമെന്ന് പൊലീസ് വകുപ്പ് അറിയിച്ചു.

ജില്ലയിലെ വന്യജീവി സാങ്കേതങ്ങളായ പീച്ചി, ചിമ്മിനി പരിധിയുടെ 1 കിലോമീറ്റർ വിട്ട് മാത്രമേ ക്വാറികൾ അനുവദിക്കാവു എന്ന് പീച്ചി വൈൽഡ് ലൈഫ് ഓഫീസർ അറിയിച്ചു. ഇക്കാര്യം ശ്രദ്ധിക്കാൻ വേണ്ട നടപടികൾ എടുക്കുമെന്ന് കലക്ടർ അറിയിച്ചു.

 

നിലവിൽ പ്രവർത്തിക്കുന്ന ക്വാറികളിലും പ്രവർത്തിക്കാതെ പൂട്ടിക്കിടക്കുന്ന ക്വാറികളിലും പരിശോധന ശക്തമാക്കാൻ ജില്ലാ കലക്ടർ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 6 മാസത്തിൽ ഒരിക്കൽ ക്വാറികളിൽ പരിശോധന നടത്തണം. ജിയോളജി വകുപ്പിന്റെ കോമ്പാസ് സോഫ്റ്റ്‌വെയർ ഉപയോഗത്തിന് താലൂക്ക്തല ഉദ്യോഗസ്ഥർക്കും പരിശീലനം നൽകാൻ നിർദ്ദേശം നൽകി. ക്വാറികൾക്കുള്ള പെർമിറ്റും മറ്റും നൽകുന്നതിനുള്ള ഓൺലൈൻ സംവിധാനമാണിത്.

 

കൂടാതെ ക്വാറികളിൽ പാറ പൊട്ടിക്കുന്നതിന് ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കളുടെ ഉപയോഗവും അത് ദുരുപയോഗം ചെയ്യുന്നതിനുള്ള സാധ്യതയും നിരീക്ഷണം നടത്തണമെന്നും വ്യാജ പെർമിറ്റ്, പാസുകൾ തുടങ്ങിയവ നിരീക്ഷിക്കാനും പൊലീസിന് നിർദ്ദേശം നൽകി. ഖനനം  അനുമതി ലഭിച്ച വ്യാപ്തിയിലും ആഴത്തിലും മാത്രമേ നടക്കുന്നുള്ളു എന്നും ഉറപ്പാക്കണം. പുതിയ സർക്കാർ ഉത്തരവനുസരിച്ച് കൃഷിക്കനുയോജ്യമല്ലാത്ത കൂടുതൽ പാറയുള്ള ഭൂമികളിലാണ് ക്വാറികൾക്ക് 

അനുമതി നൽകുന്നത്.  

സർവ്വേ മാപ്പുകൾ തയ്യാറാക്കി ഗ്രാനൈറ്റ് ക്വാറികൾക്ക് അനുയോജ്യമായ ഭൂമി 

ഇതുപ്രകാരം കണ്ടെത്തും. 

ഭൂമി കണ്ടെത്താനുള്ള പ്രവർത്തനം ഊർജിതമാക്കണമെന്ന് കലക്ടർ നിർദ്ദേശം നൽകി. ജില്ലയിൽ ഇപ്പോൾ ആകെയുള്ളത് 28 ക്വാറികളാണ്.

പണ്ട് പ്രവർത്തിച്ചിരുന്നതും ഇപ്പോൾ അടച്ചിട്ടിരിക്കുന്നതുമായ ക്വാറികളിലെ മൈനിങ് സാധ്യതയും പഠിക്കും. 

കൂടാതെ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നതിൽ എന്തെങ്കിലും നിയമലംഘനം നടക്കുന്നുണ്ടോയെന്നും പാറ പൊട്ടിക്കാനുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് പകൽസമയത്താണോ എന്ന് ഉറപ്പുവരുത്താനും യോഗത്തിൽ തീരുമാനിച്ചു.

 

യോഗത്തിൽ വിവിധ താലൂക്ക്തല തഹസിൽദാർമാർ, തൃശൂർ സിറ്റി അഡിഷണൽ എസ് പി, റവന്യൂ ഡിവിഷണൽ ഉദ്യോഗസ്ഥർ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ,പീച്ചി വൈൽഡ് ലൈഫ് ഉദ്യോഗസ്ഥർ 

തുടങ്ങിയവർ പങ്കെടുത്തു.

 

date