Skip to main content

ഇരിങ്ങാലക്കുടയിൽ വാട്ടർ മാപ്പിങ് പദ്ധതി

 

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ജല വിതരണത്തിനായി വാട്ടർ മാപ്പിങ് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ചു. ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ അധ്യക്ഷതയിലാണ് പദ്ധതി ആവിഷ്ക്കരണ യോഗം ചേർന്നത്. വാട്ടർ മാപ്പിങ് പദ്ധതിയുടെ ഭാഗമായി കേരള വാട്ടർ അതോറിറ്റി പദ്ധതികളുടെ കാര്യക്ഷമത ഉറപ്പുവരുത്തുകയും അതോറിറ്റിയുടെ നെറ്റ് വർക്കിനെ ജിഐഎസ് സാങ്കേതികവിദ്യ ഉപയോഗിച്ച് മാപ്പ് ചെയ്യുകയും ചെയ്യും. പമ്പുകളുടെ കാര്യക്ഷമത, 

ജലവിനിയോഗം, ജലവിതരണം, ഗുണനിലവാരം, ഒഴുക്കിലെ തടസം, 

ജലനഷ്ടം എന്നിവയെല്ലാം കണ്ടെത്തി എല്ലാ ദിവസവും ജലലഭ്യത ഉറപ്പുവരുത്തുന്ന സമഗ്ര പദ്ധതിയായാണ് വാട്ടർ മാപ്പിങ് വിഭാവനം ചെയ്യുന്നത്. 

 

മണ്ഡലത്തിലെ ഗാർഹിക - കാർഷിക - വാണിജ്യ ആവശ്യങ്ങൾ കൃത്യമായി തിരിച്ചു മനസിലാക്കുന്നതിനും പ്രാദേശികമായ ജല ആസ്തികൾ കണ്ടെത്തുന്നതിനും നിലവിലെ പദ്ധതികൾ കൂടി ഉപയോഗപ്പെടുത്തി മണ്ഡലത്തിൽ ജലലഭ്യത ഉറപ്പു വരുത്തുന്നതിനും വാട്ടർ മാപ്പിങിലൂടെ സാധിക്കും.

 

പദ്ധതിയുടെ നടത്തിപ്പിന് പ്രാദേശികമായ സർവേ നടത്തുന്നതിനും വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പദ്ധതി പ്രാവർത്തികമാക്കുന്നതിനും യോഗത്തിൽ തീരുമാനമായി. ഇതിന്റെ കൺവീനറായി കേരള വാട്ടർ അതോറിറ്റി ഇരിങ്ങാലക്കുട ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ പ്രവർത്തിക്കും. 

 

ഇരിങ്ങാലക്കുട പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയ ചന്ദ്രൻ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ, മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ഷീജ പവിത്രൻ, സീമ കെ നായർ, ജോസ് ജെ ചിറ്റിലപ്പിള്ളി, കെ ആർ ജോജോ, കെ എസ് ധനീഷ്, കെ എസ് തമ്പി, ലത സഹദേവൻ, ഇരിങ്ങാലക്കുട നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയ് ഘോഷ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ, വാട്ടർ അതോറിറ്റി പ്ലാനിങ് എക്സിക്യുട്ടീവ് എൻജിനീയർ ഷൈജു പി തടത്തിൽ, ഇരിങ്ങാലക്കുട ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കെ ആർ വിജു മോഹൻ, നാട്ടിക ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർ ഇൻ ചാർജ് കെ പി പ്രസാദ്, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരായ രേഖ പി നായർ, പിപി രേഷ്മ, ടി എസ് മിനി, കെ ടി അമ്പിളി എന്നിവർ പങ്കെടുത്തു.

date