Skip to main content

ചാലക്കുടി അടിപ്പാത നിര്‍മാണം; കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

ചാലക്കുടി നഗരത്തിലെ അടിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് കലക്ടര്‍ ഹരിത വി കുമാര്‍ സ്ഥലം സന്ദര്‍ശിച്ചു. 2022 മാര്‍ച്ച് 31നകം അടിപ്പാതയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ തീരുമാനമായി. സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം ചാലക്കുടി റസ്റ്റ്ഹൗസില്‍ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ കലക്ടറും മറ്റ് വകുപ്പ് മേധാവികളുമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അടിപ്പാത നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് സ്‌പെഷ്യല്‍ ഓഫീസറെ നിയോഗിക്കുന്നതിനും യോഗം തീരുമാനിച്ചു. നിയോജകമണ്ഡലത്തിലെ കിഫ്ബി റോഡുകളുടെ നിര്‍മാണത്തിനാവശ്യമായ ഭൂമി വിട്ടുനല്‍കുന്നത് സംബന്ധിച്ച് ഭൂവുടമകളുടെ യോഗം വിളിച്ചു ചേര്‍ക്കും.
 
ട്രാംവെ മ്യൂസിയം നിര്‍മാണത്തിനാവശ്യമായ ഭൂമി വിട്ടുകിട്ടുന്നത് സംബന്ധിച്ച നടപടികള്‍ ത്വരിതപ്പെടുത്താനും യോഗത്തില്‍ ധാരണയായി. കലാഭവന്‍ മണി സ്മാരക പാര്‍ക്കിന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ വിനോദസഞ്ചാര വകുപ്പിനോട് യോഗം ആവശ്യപ്പെട്ടു. അതിരപ്പിള്ളി പഞ്ചായത്തിലെ ട്രൈബല്‍ വാലി പ്രോജക്ടിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും നെല്‍കൃഷിക്കാവശ്യമായ കാര്‍ഷിക ഉപകരണങ്ങളുടെ വിതരണം സെപ്റ്റംബര്‍ ആദ്യ വാരത്തില്‍ നടത്താനും തീരുമാനിച്ചു. സ്തംഭനാവസ്ഥയിലുള്ള ഷോളയാര്‍ പട്ടികവര്‍ഗ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. നഗരസഭ ചെയര്‍മാന്‍ വി ഒ പൈലപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഡെന്നി വര്‍ഗീസ്, മായാ ശിവദാസ്, കെ കെ റിജേഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date