Skip to main content

ജില്ലയ്ക്ക് സമഗ്ര ദുരന്തനിവാരണ സംവിധാനം ഒരുങ്ങുന്നു ഓണ്‍ലൈന്‍ പരിശീലനം നടത്തി

കാലാവസ്ഥാ വ്യതിയാനത്തിനും ദുരന്തനിവാരണത്തിനും ജില്ലയ്ക്ക് സമഗ്ര സംവിധാനം ഒരുങ്ങുന്നു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി തദ്ദേശ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചാണ് സമഗ്രമായ പാക്കേജ് തയ്യാറാക്കുന്നത്. പ്രളയം, വരള്‍ച്ച, വെള്ളക്കെട്ട്, ഉയര്‍ന്ന താപനില തടയല്‍, നദീതടങ്ങള്‍, മറ്റ് ജലാശയങ്ങളുടെ സംരക്ഷണം, മണ്ണൊലിപ്പ് തടയല്‍, കാര്‍ഷിക മേഖലയുടെ സംരക്ഷണം എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തുക.

ദുരന്ത നിവാരണ സംവിധാനങ്ങളെ ഏകോപിപ്പിക്കുന്നതിന് സ്‌ക്വാഡ് പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ സംവിധാനം ഒരുക്കും. അടിയന്തര പ്രശ്‌ന സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് ദുരന്തമുന്നൊരുക്ക സംവിധാനവും സജ്ജീകരിക്കും. പഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ ദുരന്തനിവാരണത്തിന് കൃത്യമായ വിവരശേഖരണം നടത്താനും പ്രത്യേക സംവിധാനം ഒരുക്കും. എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനെ (ഇആര്‍ടി) കൂടുതല്‍ കാര്യക്ഷമമാക്കി ദുരന്ത സാധ്യതകളെ കണ്ടറിയാനും സംവിധാനമൊരുക്കും.

യുണൈറ്റഡ്നേഷന്‍സിന്റെ ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് ആറാംഅസെസ്‌മെന്റ് റിപ്പോര്‍ട്ട് പുറത്തിറങ്ങിയ സാഹചര്യത്തിലാണ് തൃശൂര്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ പ്ലാനിങ് ഓഫീസും ചേര്‍ന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലെ വര്‍ക്കിംഗ് ഗ്രൂപ്പ്അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും 'കാലാവസ്ഥാ വ്യതിയാനവും ദുരന്ത നിവാരണവും എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിച്ചത്. ഇതിലാണ് പദ്ധതിയുടെ ഏകദേശ രൂപരേഖ തയ്യാറാക്കിയത്.

പുഴകളും സമുദ്രതീരവും ഏറെയുള്ള തൃശൂര്‍ ജില്ലയില്‍ ഇവയുടെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് പ്രാദേശിക തലത്തില്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തും. പ്രളയം, വരള്‍ച്ച എന്നിവ സംഭവിക്കുന്ന സാഹചര്യം തടയുന്നതിന് അതത് തദ്ദേശ സ്ഥാപനങ്ങള്‍ അവിടുത്തെ പൊതുജനങ്ങളെ ഉള്‍പ്പെടുത്തി നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും. കൂടാതെ മഴ പെയ്താല്‍ വെള്ളം പൊന്തുന്ന പ്രദേശങ്ങളുടെ വിവരശേഖരണവും നടത്തും. ഇത്തരം സാഹചര്യങ്ങളില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും സംവിധാനമൊരുക്കും.

പ്രളയം, മറ്റ് ദുരന്ത സാഹചര്യങ്ങള്‍ ഉണ്ടായതിനാല്‍ ജില്ലയില്‍ ശാസ്ത്രീയമായ പഠനരീതി ആവിഷ്‌കരിക്കും. പ്രളയ ഭൂപടം എല്ലാ തദ്ദേശ സ്ഥാപനങ്ങളും രൂപപ്പെടുത്തി വയ്ക്കണം. 2018 ലെ പ്രളയം ഏറെ ബാധിച്ച പ്രദേശങ്ങളുടെ ഭൂപടം അതത് തദ്ദേശ സ്ഥാപനങ്ങള്‍ ഓരോ വര്‍ഷവും വിശകലനം നടത്തി പൊതുജനങ്ങള്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും.

കൃഷിയിടങ്ങളില്‍ വരള്‍ച്ച ഉണ്ടാകുന്ന സാഹചര്യം കണ്ടറിഞ്ഞ് അവയെ തരണം ചെയ്യാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ വാര്‍ഡ്തലത്തില്‍ തന്നെ സജ്ജീകരണം ഒരുക്കും. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ആഗോള താപനം തടയാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ രൂപരേഖ തയ്യാറാക്കും. അനധികൃതമായ ക്വാറികള്‍, മണ്ണെടുപ്പ് എന്നിവ പരിശോധിക്കാന്‍ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് പ്രവര്‍ത്തനവും സജ്ജമാക്കാനും പദ്ധതിയുണ്ട്.കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍ എസ് എസ്, എന്‍ സി സി പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താനും പ്രത്യേക പദ്ധതി തയ്യാറാക്കും.

ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ ഉദ്ഘാടനം കലക്ടര്‍ ഹരിത വി കുമാര്‍ നിര്‍വഹിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ ദുരന്ത നിവാരണ സംവിധാനത്തിന് നേതൃത്വം നല്‍കണമെന്നും ഇതില്‍ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍കെ ശ്രീലത ആമുഖ പ്രഭാഷണം നടത്തി.

ഐപിസിസി കാലാവസ്ഥ വ്യതിയാന റിപ്പോര്‍ട്ടിന്റെ കേരളീയ വായന എന്ന വിഷയത്തില്‍കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറെസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്ഡോ.ടി വി സജീവ്, പ്രാദേശിക ദുരന്ത നിവാരണ പ്ലാനുകള്‍ ഒരു അവലോകനം എന്ന വിഷയത്തില്‍ എല്‍ എസ് ജി ഡി എം പ്ലാന്‍ കോര്‍ഡിനേറ്റര്‍ നൗഷബ നാസ് തുടങ്ങിയവര്‍ ക്ലാസെടുത്തു. കില ഡയറക്ടര്‍ഡോ. ജോയ് ഇളമണ്‍,ദുരന്ത നിവാരണഡെപ്യൂട്ടി കലക്ടര്‍ഐജെ മധുസൂദനന്‍,ഹസാര്‍ഡ് അനലിസ്റ്റ്സുസ്മി സണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.

date