Skip to main content

കാട്ടൂരിലെ ആധുനിക പുലിമുട്ട്  നിർമാണം പുരോഗതിയിൽ

 

- തീരത്ത് കരിങ്കല്ലുകൾ പാകിത്തുടങ്ങി
- രണ്ടാഴ്ചക്കുള്ളിൽ ടെട്രാപോഡുകൾ സ്ഥാപിച്ചു തുടങ്ങും

ആലപ്പുഴ: കടലാക്രമണം തടയുന്നതിനായി കാട്ടൂരിലെ തീരമേഖലയിൽ സ്ഥാപിക്കുന്ന ആധുനിക പുലിമുട്ടുകളുടെ നിർമാണം പുരോഗതിയിൽ. ആധുനിക പുലിമുട്ട് സംവിധാനമായ ടെട്രാപോഡുകളുടെ നിർമ്മാണപ്രവർത്തനങ്ങൾ പ്രദേശത്ത് ദ്രുതഗതിയിൽ നടന്നു വരികയാണ്. അതോടൊപ്പം തീരത്ത് കരിങ്കല്ലുകൾ പാകുന്ന പ്രവർത്തനങ്ങൾക്കും തുടക്കമായി. നിർദിഷ്ട മേഖലയിൽ കരിങ്കല്ലുകൾ പാകിയതിനു ശേഷം ടെട്രാപോഡുകൾ അതിനു മുകളിൽ സ്ഥാപിക്കുകയാണ് ചെയ്യുന്നതെന്ന് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ ഹരൻ ബാബു പറഞ്ഞു. മൂന്ന് തട്ടുകളിലായി പല വലുപ്പമുള്ള കരിങ്കല്ലുകളാണ് പാകുന്നത്. കല്ലുകൾ പാകിയതിനു ശേഷം രണ്ട് തട്ടിൽ ടെട്രാപോഡുകളും അതിനു മുകളിൽ സ്ഥാപിക്കും. രണ്ടാഴ്ചക്കുള്ളിൽ ടെട്രാപോഡുകൾ സ്ഥാപിച്ചു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 

കടൽത്തീര സംരക്ഷണ പദ്ധതിയുടെ ഭാഗമായി കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെയാണ് ഇവിടെ പുലിമുട്ടുകൾ സ്ഥാപിക്കുന്നത്. കാട്ടൂർ ഓമനപ്പുഴ മുതൽ വാഴകൂട്ടം പൊഴി വരെ 3.16 കിലോമീറ്റർ നീളത്തിൽ സ്ഥാപിക്കുന്ന പുലിമുട്ടുകളുടെ നിർമാണ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ ഒക്ടോബറിലാണ് തുടക്കം കുറിച്ചത്. 34 പുലിമുട്ടുകളാണ് കാട്ടൂർ തീരമേഖലയിൽ സ്ഥാപിക്കുന്നത്. കരിങ്കല്ലുകൾക്ക് പകരം കോൺക്രീറ്റ് ചെയ്തു നിർമിക്കുന്ന നാല് കാലുകളുള്ള ടെട്രാപോഡുകൾ രണ്ട്, അഞ്ച് ടൺ ഭാരത്തിലാണ് നിർമിക്കുന്നത്. 

പുലിമുട്ടുകൾ കരയിൽ നിന്നും കടലിലേക്ക് തള്ളി നിൽക്കുന്നതിനാൽ തിരമാലകളുടെ പ്രഹരശേഷി ദൂരെവച്ചുതന്നെ കുറയ്ക്കാനും തീര ശോഷണം ഇല്ലാതാക്കി കൂടുതൽ മണൽ അടിഞ്ഞ് ബീച്ച് ഉണ്ടാക്കാനും സാധിക്കുമെന്നതാണ് പ്രത്യേകത. മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധന വള്ളങ്ങളും ഉപകരണങ്ങളും കയറ്റി വയ്ക്കാനും മത്സ്യ വിപണനം നടത്താനും പുലിമുട്ടുകൾ സ്ഥാപിക്കുന്നതോടെ സാധിക്കും. അടിയിൽ ചെറുകല്ലുകൾ പാകി മുകളിൽ ടെട്രാപോഡുകൾ സ്ഥാപിക്കുന്നതിനാൽ പാറകളുടെ ഉപയോഗം കുറയ്ക്കാനും സാധിക്കും. 

പുലിമുട്ടുകൾ സ്ഥാപിക്കുന്നതോടെ പഞ്ചായത്തിലെ 160 കുടുംബങ്ങൾക്ക് പ്രത്യക്ഷമായും അറുനൂറിൽപരം കുടുംബങ്ങൾക്ക് പരോക്ഷമായും പ്രയോജനം ലഭിക്കും. ഏകദേശം 20 ഹെക്ടർ സ്ഥലം തീരശോഷണം വരാതെ സംരക്ഷിക്കാനും സാധിക്കും.

ഓരോ പുലിമുട്ട് തമ്മിലും 100 മീറ്റർ അകലം ഉണ്ടാകും. കടലിലേക്ക് 40 മീറ്റർ നീളത്തിലും അഗ്രഭാഗത്ത് ബൾബിന്റെ ആകൃതിയിൽ 20 മീറ്റർ വീതിയിലുമാണ് പുലിമുട്ട് നിർമിക്കുന്നത്. ഇവിടെ രണ്ടു ടണ്ണിന്റേത് 23000 എണ്ണവും അഞ്ചു ടണ്ണിന്റേത് നാലായിരവുമാണ് സ്ഥാപിക്കുന്നത്. 49.90 കോടി രൂപയുടെ പദ്ധതി കാലാവധി ഒന്നര വർഷമാണ്. 
 

date