Skip to main content

ആലപ്പുഴ മൊബിലിറ്റി ഹബ്; കെഎസ്ആർടിസി സ്റ്റാൻഡിലെ  ടെസ്റ്റ് പൈലിംങ്  സെപ്റ്റംബർ ഒന്നിന് തുടങ്ങും 

 

    • ഗതാഗതമന്ത്രി ആൻറണി രാജു ആലപ്പുഴ  സ്റ്റാൻഡ് സന്ദർശിച്ചു 
    • പദ്ധതി നടപ്പാക്കുന്നത് കിഫ്ബി ഫണ്ട് വഴി
    • ടെസ്റ്റ് പൈലിങ് സെപ്റ്റംബര്‍ 1ന് തുടങ്ങും

ആലപ്പുഴ: ആലപ്പുഴ നഗരത്തിൻറെ വികസനത്തിന് പുതിയ കുതിപ്പ് നല്‍കാന്‍ പോകുന്ന മൊബിലിറ്റി ഹബ്ബിന്റെ ടെസ്റ്റ് പൈലിംഗ് ജോലികള്‍ സെപ്റ്റംബർ ഒന്നിന് ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു പറഞ്ഞു. കെഎസ്ആർടിസി സ്റ്റാൻഡിലെ ക്രമീകരണങ്ങളും മാറ്റങ്ങളും വിലയിരുത്തുന്നതിന് എത്തിയതായിരുന്നു മന്ത്രി. ഓഗസ്റ്റ് 10ന് ആലപ്പുഴ മൊബിലിറ്റി ഹബ്ബിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് മന്ത്രിയുടെ സാന്നിധ്യത്തിൽ സ്ഥലം എംഎൽഎ എച്ച് സലാം കൂടി പങ്കെടുത്ത്  ഉന്നതതല യോഗം ചേർന്നിരുന്നു. യോഗത്തിലെ തീരുമാനം അനുസരിച്ചും എച്ച്.സലാം എംഎൽഎയുടെ അഭ്യർത്ഥന പരിഗണിച്ചുമാണ് മന്ത്രി ബുധനാഴ്ച ഉച്ചയ്ക്കുശേഷം ബന്ധപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയത്.  

മൊബിലിറ്റി ഹബ്ബിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിന് ഇപ്പോഴത്തെ കെഎസ്ആർടിസി സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന രണ്ട് വർക്ക്ഷോപ്പ് കെട്ടിടങ്ങൾ പൊളിച്ചുനീക്കും. പൈലിങ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പായി ഈ കെട്ടിടങ്ങളും അവയ്ക്കിടയിലുള്ള  റോഡും പൂർണമായി  ഒഴിപ്പിച്ചു നൽകാന്‍  മന്ത്രി അടിയന്തിര നിർദ്ദേശം നൽകി. ടെസ്റ്റ് പൈലിങ് ആരംഭിക്കുന്നതിന് വാഹനങ്ങൾ ഡിപ്പോയുടെ കിഴക്കുഭാഗത്ത് കൂടി തിരിച്ചു വിടേണ്ടിവരും. ഇതിനായി നിലവിൽ മൂന്നു മരങ്ങൾ വെട്ടി നീക്കുന്നതിന് നഗരസഭ അനുമതി നൽകിയിട്ടുണ്ട്. മരങ്ങള്‍ മുറിക്കുന്ന ജോലി വ്യാഴാഴ്ച ആരംഭിക്കും. ബസ്സുുകള്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ കിഴക്ക് ഭാഗത്തുകൂടി കടന്നുപോകുന്നതിന് സൗകര്യം ഒരുക്കും. ഇതോടൊപ്പം തന്നെ ഇപ്പോള്‍ വര്‍ക്ക് ഷോപ്പ് പ്രവര്‍ത്തിക്കുന്ന ഷെഡ് പൊളിച്ചുനീക്കുന്നതിനുള്ള നടപടികള്‍ സമാന്തരമായി നീക്കാന്‍‍ മന്ത്രി നിര്‍ദ്ദേശിച്ചു. എം.പി.ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഡിപ്പോയോടു ചേര്‍ന്നുള്ള കിഴക്കുഭാഗത്തെ കെട്ടിടം പൊളിക്കുന്നതിന് ജില്ല കളക്ടറുമായി സംസാരിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. തടസ്സങ്ങള്‍ ഉണ്ടായാല്‍ എം.എല്‍.എ എച്ച്.സലാമുമായി ബന്ധപ്പെടാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. 
ടെസ്റ്റ് പൈലിങ് ആരംഭിക്കുന്നതോടെ 
കെഎസ്ആർടിസിയുടെ വർക്ക് ഷോപ്പ്, ഗ്യാരേജ് എന്നിവ താൽക്കാലികമായി തയ്യാറാക്കുന്ന കലവൂര്‍  വളവനാട്ടേക്ക് പ്രവർത്തനം മാറ്റും. ഒക്ടോബർ 20ന് മുമ്പ് വളവനാട്ടെ താല്‍ക്കാലിക വർക്ക്ഷോപ്പ്  പ്രവർത്തിച്ചു തുടങ്ങാൻ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിക്കാൻ മന്ത്രി ഇന്‍കെല്ലിന്റെ ഉദ്യോഗസ്ഥര്‍ക്ക് നിർദ്ദേശം നൽകി. ഒക്ടോബർ 20ന് ശേഷം ഏത് ദിവസവും വർക്ക്ഷോപ്പ് തുറന്നുകൊടുക്കുന്നതിന്  സജ്ജമാക്കണം. നവംബർ ഒന്നിന്  വർഷോപ്പ് അങ്ങോട്ട് മാറ്റി പ്രവര്‍ത്തനം ആരംഭിക്കുന്ന കാര്യമാണ് പരിഗണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതു കൂടി പൂര്‍ത്തിയാകുന്നതോടെ  ആദ്യ ഘട്ട മൊബിലിറ്റി ഹബ്ബിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ തുടങ്ങാനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാകും. 
 ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർണ്ണ സജ്ജമായി പ്രവർത്തിച്ചുതുടങ്ങിയാല്‍ തിരുവനന്തപുരത്ത് എം.എല്‍.എ, ഉന്നതതല ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേർന്ന് നിർമാണ പ്രവർത്തനങ്ങളുടെ ഘട്ടംഘട്ടമായുള്ള പുരോഗതി കലണ്ടര്‍ തീരുമാനിക്കുമെന്ന്  മന്ത്രി പറഞ്ഞു.  ആദ്യ ഘട്ട തടസ്സങ്ങള്‍ എല്ലാം നീങ്ങിയ സാഹചര്യത്തില്‍ മൊബിലിറ്റി ഹബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ചുണ്ടന്‍ വള്ളത്തിന്റെ ആകൃതിയില്‍ നിര്‍മിക്കുന്ന കെട്ടിടം അത്യാധുനിക സൗകര്യങ്ങളുള്ള വേറിട്ട നിര്‍മാണമായിരിക്കുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പൈലിങ് ജോലികള്‍ പുരോഗമിക്കുമ്പോള്‍ തന്നെ സ്വകാര്യ മൊബൈല്‍ ടവറും മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിന്  നോട്ടീസ് നല്‍കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 129 കോടി രൂപയുടെ കിഫ്ബി വഴിയുള്ള തുക വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.   മന്ത്രിയോടൊപ്പം എച്ച് സലാം എം എൽ എ, നഗരസഭാ ചെയര്‍പേഴ്സണ്‍ സൗമ്യാ രാജ്,   കൗൺസിലർമാരായ എം ജി സതീദേവി, കെ. ബാബു, നിര്‍വഹണ ഏജന്‍സി ഇൻകലിന്റെ  ജനറൽ മാനേജർ എം ജി വിജയകുമാർ, 
ഡി.ടി.ഓ വി.അശോക് കുമാർ, എക്സിക്യൂട്ടീവ് ഡയറക്ടർ ജി പി പ്രദീപ് കുമാർ, എസ്റ്റേറ്റ് ഓഫീസര്‍ എം.ജി.പ്രദീപ് കുമാര്‍, ഡിപ്പോ എന്‍ജിനിയര്‍ ശ്യാം കൃഷ്ണന്‍ എന്നിവരും  സംഘത്തിലുണ്ടായി. മന്ത്രി ആന്റണി രാജു വളവനാട് തയ്യാറാകുന്ന താല്‍ക്കാലിക ഗ്യാരേജും സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി. 2.88 കോടി രൂപ ചെലവഴിച്ച് വളവനാട്ട് യാര്‍ഡ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. 
1, 75000ചതുരശ്ര അടി വിസ്തീർണ്ണമുള്ള 4.07 ഏക്കർ സ്ഥലത്ത് മൊബിലിറ്റി ഹബ് വ്യാപിച്ചു കിടക്കുന്ന രീതിയിലാണ് നിര്‍മാണം.  58,000 ചതുരശ്രയടി ബസ് ടെർമിനൽ ഏരിയയാണ് ഇതിലുണ്ടാവുക.  ബസ് പാതകളിലൂടെയുള്ള വൺ വേ ഡ്രൈവ് ആയിരിക്കും. . യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും 17 സ്ഥലങ്ങള്‍ വിഭാവനം ചെയ്തിട്ടുണ്ട്. താഴത്തെ നിലയിൽ ഒരു കഫറ്റീരിയ, എ / സി, നോൺ എ / സി വെയിറ്റിംഗ് ലോഞ്ചുകൾ, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം ടോയ്‌ലറ്റുകൾ, ഇൻഫർമേഷൻ ഡെസ്ക്, വെയിറ്റിംഗ് ഏരിയ, ഒന്നാം നിലയിൽ 37 ബസ് പാർക്കിംഗിന് പ്രത്യേക പ്രവേശനവും എക്സിറ്റ് വേ എന്നിവയും  പ്രത്യേക ഡോർമിറ്ററി സൗകര്യം,  സ്റ്റാർ ഹോട്ടൽ, വിവിധ പാചക റെസ്റ്റോറന്റുകൾ, സ്യൂട്ട് റൂമുകൾ, ബാർ, സ്വിമ്മിംഗ് പൂൾ, ഹെൽത്ത് ക്ലബ്,  മൾട്ടിപ്ലക്‌സ് തിയേറ്റർ എന്നിയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് കെ.എസ്.ആര്‍.ടി.സി സ്ററാന്‍ഡില്‍ നിര്‍മിക്കുന്ന കെട്ടിടം . 
 

date