Skip to main content

മഴമിഴി മെഗാ സ്ട്രീമിങ്: സിഗ്‌നേച്ചർ ഫിലിം പ്രകാശനം ചെയ്തു

സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്ന മഴമിഴി മൾട്ടി മീഡിയ മെഗാ സ്ട്രീമിങ് പദ്ധതിയുടെ സിഗ്‌നേച്ചർ ഫിലിം പ്രകാശനം ചെയ്തു. സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാനും നടൻ നെടുമുടി വേണുവും ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. കോവിഡ് കാലഘട്ടത്തിൽ പ്രയാസമനുഭവിക്കുന്ന കലാകാരൻമാരെ കണ്ടെത്തി സഹായിക്കുന്ന മഴമിഴി പദ്ധതി തുടരുമെന്നും ഇത്തരത്തിൽ സിനിമാ സാംസ്‌കാരിക രംഗങ്ങളിലെ മുഴുവൻ പ്രമുഖരേയും സഹകരിപ്പിച്ച്് കൂടുതൽ പദ്ധതികൾക്കു രൂപം നൽകുമെന്നും പ്രകാശനം നിർവഹിച്ച് മന്ത്രി വ്യക്തമാക്കി.
സാംസ്‌കാരിക വകുപ്പ്, ചലച്ചിത്ര അക്കാദമി, ഫോക് ലോർ അക്കാദമി, ലളിതകലാ അക്കാദമി, ഗുരുഗോപിനാഥ് നടനഗ്രാമം, സംഗീത നാടക അക്കാദമി എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ ആണ് മഴമിഴി മൾട്ടി മീഡിയ മെഗാ സ്ട്രീമിംഗ് ഒരുക്കുന്നത്. സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ  സെക്രട്ടറി റാണി ജോർജ്ജ്, ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും മഴമിഴി ജനറൽ കൺവീനറുമായ പ്രമോദ് പയ്യന്നൂർ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ മുഹമ്മദ് റിയാസ് തുടങ്ങിയവരും പ്രകാശന ചടങ്ങിൽ പങ്കെടുത്തു. ജീവകാരുണ്യ ദിനമായ ആഗസ്റ്റ് 28 മുതൽ കേരള പിറവി ദിനമായ നവംബർ ഒന്നു വരെ 65 ദിവസം നീണ്ട് നിൽക്കുന്ന മെഗാ സ്ട്രീമിങ്ങിലൂടെ 150 ഓളം കലാരൂപങ്ങളിലായി 300 ഓളം കലാ സംഘങ്ങൾക്കാണ് മഴമിഴിയുടെ ആദ്യ ഘട്ടത്തിൽ അവസരം ഒരുക്കുന്നത്. വിവിധ അക്കാദമികളുടെ മേൽനോട്ടത്തിലുള്ള ജൂറി പാനൽ ആണ് കലാ സംഘങ്ങളെ തിരഞ്ഞെടുത്തത്.  samskarikam.org  എന്ന വെബ് പേജിലൂടെയും വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുടെയും ലോകമലയാളി സംഘടനകളുടെ ശ്രദ്ധേയമായ പേജുകളിലൂടെയും രാത്രി ഏഴു മുതൽ ഒമ്പത് വരെയാണ് വെബ്കാസ്റ്റിംഗ് നടക്കുക.
പി.എൻ.എക്‌സ്. 2933/2021
 

date