Skip to main content

കോവിഡ് മരണം: 49 തൊഴിലാളികളുടെ ആശ്രിതർക്ക് ഇ.എസ്.ഐ ആനുകൂല്യം ലഭ്യമാക്കി

കോവിഡ് ബാധിച്ച് മരിച്ച ഇ.എസ്.ഐ അംഗങ്ങളായ 49 തൊഴിലാളികളുടെ 106 ആശ്രിതർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കി. ഇ.എസ്.ഐ കോർപ്പറേഷൻ കേരള റീജ്യന്റെ പരിധിയിൽ വരുന്ന വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളിൽ കോവിഡ്  മൂലം മരിച്ച 49 പേരുടെ ആശ്രിതർക്കാണ് ഇഎസ്‌ഐസി കോവിഡ്-19 ആശ്വാസ പദ്ധതിയുടെ കീഴിൽ ആനുകൂല്യങ്ങൾ അനുവദിച്ചത്. ആഗസ്റ്റ് ആറ് വരെയുള്ള കണക്കാണിത്.
മരണമടഞ്ഞ തൊഴിലാളിയുടെ വേതനത്തിന്റെ 90% വരുന്ന തുകയാണ് ആശ്രിതർക്ക് നിശ്ചിത അനുപാതത്തിൽ പ്രതിമാസം നൽകുന്നത്. കൂടാതെ മരണമടഞ്ഞ തൊഴിലാളിയുടെ ഭാര്യ അല്ലെങ്കിൽ ഭർത്താവിന് വർഷത്തിൽ 120 രൂപ അടച്ച് ഇഎസ് ഐ ചികിത്സാ ആനുകൂല്യവും നേടാം. 2020 മാർച്ച് 24 മുതൽ മുൻകാല പ്രാബല്യത്തോടെ രണ്ടു വർഷത്തേക്കാണ് പദ്ധതി തുടക്കത്തിൽ നടപ്പാക്കുന്നത് .
കോവിഡ് 19 മൂലം ജോലിയിൽ നിന്ന് വിട്ടു നിൽക്കേണ്ടി വരുന്നതുമൂലമുള്ള വേതന നഷ്ടം പരിഹരിക്കാൻ ഇഎസ്‌ഐ നിയമം 1948 പ്രകാരം, ഡോക്ടറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ, ശരാശരി വേതനത്തിന്റെ 70% വർഷത്തിൽ പരമാവധി 90  ദിവസം വരെ, രോഗാനുകൂല്യമായി നൽകുന്നുണ്ട്.
ഇ.എസ്.ഐ നിയമ പ്രകാരം രജിസ്റ്റർ  ചെയ്തിട്ടുള്ള തൊഴിലാളി കോവിഡ്-19 മൂലം മരണപ്പെടുകയാണെങ്കിൽ അദ്ദേഹത്തിന്റെ കുടുംബത്തിൽ അവശേഷിക്കുന്ന ഏറ്റവും മുതിർന്ന അംഗത്തിനോ അല്ലെങ്കിൽ ആരാണോ സംസ്‌കാര ചെലവ് നടത്തിയത് അവർക്കോ 15000 രൂപയും നൽകുന്നുണ്ട്. ഓരോ സംസ്ഥാനവുമായും ബന്ധപ്പെട്ടുള്ള പരാതികൾ 15 ദിവസത്തിനുള്ളിൽ പരിഹരിക്കുന്നുണ്ട്. ഫോൺ: 9645964566, വെബ്‌സൈറ്റ്: www.esic.nic.in

date