Skip to main content

കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലെ ഷോപ്പിങ് കോംപ്ലക്‌സ് മന്ത്രി ആന്റണി രാജു നാടിനു സമർപ്പിച്ചു

 

 

 

മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലെ ഷോപ്പിങ് കോംപ്ലക്‌സ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നാടിനു സമർപ്പിച്ചു.
നാടിന്റെ വികസനത്തിന് വലിയ സാധ്യതകള്‍ തുറന്നുകൊടുക്കുന്നതാണ് ടെർമിനലെന്ന് അദ്ദേഹം പറഞ്ഞു.  മലബാറിന്റെ വാണിജ്യവളര്‍ച്ചയിൽ ഈ കെട്ടിടസമുച്ചയം മാറ്റുരയ്ക്കും. നാടിന് പ്രയോജനമുള്ള നാടിന്റെ വികസനത്തിന് സാധ്യതകളുള്ള സംരംഭങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിന് സര്‍ക്കാര്‍ സധൈര്യം മുന്നോട്ട് പോകുമെന്ന് മന്ത്രി പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. അതിന്റെ ഭാഗമായി വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി കെ.എസ്.ആര്‍.ടി.സിയുടെ അധീനതയിലുള്ള പമ്പുകളില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് കൂടി ഇന്ധനം നിറയ്ക്കാന്‍ നടപടി കൈക്കൊണ്ടിട്ടുണ്ട്. കോഴിക്കോട് ടെര്‍മിനലില്‍ സ്ഥിതി ചെയ്യുന്ന പമ്പില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് കൂടി ഇന്ധനം നിറയ്ക്കാനുള്ള ക്രമീകരണം തയ്യാറായിക്കഴിഞ്ഞു. സംസ്ഥാനത്ത് എഴുപതോളം കെ.എസ്.ആര്‍.ടി.സി പമ്പുകളിലാണ് ഈ സംവിധാനം ഒരുക്കുന്നത്. ആദ്യം ഉദ്ഘാടനം ചെയ്യുന്ന എട്ട് പമ്പുകളിലൊന്ന് ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിലുള്ളതാണ്.

ഗതാഗത മേഖലയില്‍ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, വാഹന ഉടമകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, വകുപ്പുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഇതിനൊക്കെ പരിഹാരം കാണുന്നതിന്റെ ഭാഗമായി പൊതുഗതാഗത നയം സര്‍ക്കാര്‍ കൊണ്ടും. അതിന്റെ നടപടി ക്രമങ്ങളുമായി ഗതാഗത വകുപ്പ് മുന്നോട്ട് പോവുകയാണ്. സിറ്റികളിലെ പ്രധാന കേന്ദ്രങ്ങളെ ഒരുമിച്ചുകൊണ്ടുള്ള സിറ്റി സര്‍ക്കുലര്‍ ബസ് തിരുവനന്തപുരത്ത് അടുത്തയാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കും. രണ്ടാമതായി കോഴിക്കോട് നഗരത്തിലാണ് സര്‍വീസ് ആരംഭിക്കുക. ഈ ടെര്‍മിനല്‍ തുറക്കുന്നതോടു കൂടി കെ.എസ്.ആര്‍.ടി.സി.യുടെ പ്രധാന പ്രവര്‍ത്തന മേഖലയായി കോഴിക്കോട് മാറുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

വാണിജ്യ സമുച്ചയം തുറന്നുകൊടുക്കുന്നതോടു കൂടി നാടിന്റെ സമസ്ത മേഖലകളിലും വലിയ സാധ്യതകളുണ്ടാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ദീര്‍ഘകാലത്തെ ജനങ്ങളുടെ ആഗ്രഹമാണ് നടക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുമായി ചേര്‍ന്ന് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെയും മറ്റും ബന്ധിപ്പിക്കുന്ന പുതിയൊരു യാത്രാസംവിധാനം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി.യുടെ സ്ഥലത്ത് കെ.ടി.ഡി.എഫ്.സിയാണ്  ബസ് ടെര്‍മിനൽ നിര്‍മിച്ചത്.  3,70,244 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ബഹുനില കെട്ടിടത്തിന്റെ നിര്‍മ്മാണം 2009ല്‍ ആരംഭിച്ച് 2015ലാണ് പൂര്‍ത്തിയായത്. 75 കോടി രൂപ ചിലവിലാണ് നിര്‍മ്മാണം പൂർത്തിയായത്.   ആറു വര്‍ഷത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് താക്കോല്‍ കൈമാറി കെട്ടിടം തുറന്നു കൊടുക്കുന്നത്. കെ.എസ്.ആര്‍.ടി.സി.യ്ക്ക് വേണ്ടി എം.ഡി ബിജു പ്രഭാകറും കെ.റ്റി.ഡി.എഫ്.സി.യ്ക്ക് വേണ്ടി ഡോ.ബി.അശോകും ആലിഫ് ബില്‍ഡേഴ്‌സും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ച് കൈമാറി. ആലിഫ് ബില്‍ഡേഴ്‌സ് ആണ് 30 വര്‍ഷത്തേയ്ക്ക് കരാര്‍ എടുത്തിരിക്കുന്നത്. 30 വര്‍ഷം കൊണ്ട് ഏകദേശം 250 കോടിയില്‍പരം രൂപ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടിക്കറ്റേതര വരുമാനത്തിലൂടെ കെ.എസ്.ആര്‍.ടി.സി.യുടെ നഷ്ടം കുറയ്ക്കുകയും ബസ് ടെര്‍മിനലുകള്‍ ആധുനിക സംവിധാനത്തോടെ പരിഷ്‌ക്കരിച്ച് യാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്.

ചടങ്ങില്‍ വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ പ്രത്യേക സന്ദേശം നല്‍കി. മേയര്‍ ഡോ. ബീന ഫിലിപ്പ്, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ജില്ലാ കലക്ടര്‍ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി, കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍, കെ.റ്റി.ഡി.എഫ്.സി എം.ഡി ഡോ.ബി.അശോക്, വാര്‍ഡ് കൗണ്‍സിലര്‍ പി. ദിവാകരന്‍, കെ.റ്റി.ഡി.എഫ്.സി ജനറല്‍ സെക്രട്ടറി സുരേഷ് കുമാര്‍ എസ്, ആലിഫ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

date