Skip to main content

തോട് നവീകരണം ഊർജ്ജിതമാക്കി അരൂർ ഗ്രാമപഞ്ചായത്ത്

 

ആലപ്പുഴ: വെള്ളക്കെട്ട് നിവാരണത്തിന് തോട് നവീകരണ പദ്ധതി ഊർജ്ജിതമാക്കി അരൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ നാലാം വാർഡിലെ ജനവാസ മേഖലയായ ഉണ്ണിയമ്പലത്തിന് സമീപമുള്ള തോട് യന്ത്ര സഹായത്തോടെ വൃത്തിയാക്കുന്ന ജോലികൾ പുരോഗമിക്കുന്നു.

പഞ്ചായത്തിലെ 22 വാർഡുകളിലൂടെയും ഒഴുകുന്ന എല്ലാ തോടുകളും പദ്ധതിയിലുൾപ്പെടുത്തി വൃത്തിയാക്കുന്നുണ്ട്. ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി തോടുകൾക്ക് ചുറ്റുമുള്ള കൈയേറ്റങ്ങൾ ഒഴിപ്പിച്ച് ചോലകളും പുല്ലുകളും വെട്ടിമാറ്റി തോട്ടിലടിഞ്ഞ പ്ലാസ്റ്റിക്, ചെളി, കയർ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ യന്ത്ര സഹായത്തോടെ നീക്കംചെയ്യുന്ന പ്രവർത്തനങ്ങൾ ഒട്ടുമിക്ക വാർഡുകളിലും പൂർത്തിയാക്കിയിട്ടുണ്ട്. 

22 വാർഡുകളിലും നടപ്പാക്കുന്ന പദ്ധതിക്കായി വാർഡുകൾ തോറും ഒരു ലക്ഷം രൂപയും ശുചിത്വ മിഷനുമായി ബന്ധപ്പെട്ട് 30,000 രൂപയുമാണ് അനുവദിച്ചത്. മഴക്കാലങ്ങളിലും വേലിയേറ്റ സമയത്തും പഞ്ചായത്ത് നിവാസികൾക്ക് വെള്ളക്കെട്ട് മൂലമുണ്ടാകുന്ന ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ 2021ലെ വാർഷിക പദ്ധതിയിലെ മുഖ്യ പരിപാടിയായി ഉൾപ്പെടുത്തിയാണ് വെള്ളക്കെട്ട് നിവാരണ പദ്ധതി നടപ്പാക്കുന്നത്. തോടുകൾ വൃത്തിയാവുന്നതോടെ പഞ്ചായത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുമെന്നും കൂടുതൽ പണം ഉൾപ്പെടുത്തി പദ്ധതി വിപുലപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി പറഞ്ഞു.

date