Skip to main content

ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്

 

 

 

ഹരിതകേരളം മിഷന്റെ ശുചിത്വ മാലിന്യ സംസ്‌കരണം, ജലസംരക്ഷണം, കൃഷി മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മാതൃകാപരമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.  ജലഗുണനിലവാര പരിശോധനാ ലാബുകളുടെ ജില്ലാതല ഉദ്ഘാടനം ചെറുവണ്ണൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജലഗുണനിലവാര പരിശോധന ലാബുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം സര്‍ക്കാരിന്റെ ഈ മേഖലയിലെ വാഗ്ദാനം കൂടിയാണെന്നും ശുദ്ധമായ ജലം ഉപയോഗിക്കേണ്ടത് ജലജന്യ രോഗങ്ങള്‍ തടയുന്നതിന്  അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.  

ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ കെമിസ്ട്രി ലാബുകള്‍ പ്രയോജനപ്പെടുത്തി ഹരിത കേരളം മിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ എം.എല്‍.എ മാരുടെ പ്രത്യേക വികസന നിധിയില്‍ നിന്നും തുക ചെലവഴിച്ചാണ് ജലഗുണനിലവാര പരിശോധന ലാബുകള്‍ സ്ഥാപിക്കുന്നത്.  ബേപ്പൂര്‍, കോഴിക്കോട് സൗത്ത്, കുന്ദമംഗലം, കൊയിലാണ്ടി മണ്ഡലങ്ങളിലായി 12 ലാബുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ഇതോടൊപ്പം തിരുവമ്പാടി മണ്ഡലത്തില്‍ രണ്ട് ,ബാലുശ്ശേരി മണ്ഡലത്തില്‍ അഞ്ച് പേരാമ്പ്ര മണ്ഡലത്തില്‍ 10 വീതം സ്‌കൂളുകളിലും ലാബ് സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുന്നു. ഇവ കൂടി പൂര്‍ത്തീകരിക്കുമ്പോള്‍ ജില്ലയില്‍ 29 ജല ഗുണനിലവാര പരിശോധനാ ലാബുകള്‍ സജ്ജമാകും.

ജലശുദ്ധിയുമായി ബന്ധപ്പെട്ട് ഈ ലാബുകളില്‍ പ്രധാനമായും പരിശോധിക്കുന്നത് ജലത്തിന്റെ നിറം, ഗന്ധം, പി.എച്ച് മൂല്യം, വൈദ്യുത ചാലകത/ ലവണ സാന്നിദ്ധ്യം, ലയിച്ചു ചേര്‍ന്നിട്ടുള്ള ഖര പദാര്‍ത്ഥങ്ങളുടെ അളവ്, നൈട്രേറ്റിന്റെ അളവ്, അമോണിയയുടെ അളവ്, കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം എന്നിവയാണ്.

കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു.  ബേപ്പൂര്‍ മണ്ഡലം മുന്‍ എംഎല്‍എ വി.കെ.സി. മമ്മദ് കോയ മുഖ്യാതിഥിയിയായിരുന്നു.   ജലവിഭവ വകുപ്പ് സെക്രട്ടറിയും പദ്ധതി നിര്‍വ്വഹണം നടത്തിയ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍  എംഡിയുമായ  പ്രണബ് ജ്യോതിനാഥിന്റെ സന്ദേശം പ്രോജക്ട് കോര്‍ഡിനേറ്റര്‍ ബിബിന്‍ ഗിരി യോഗത്തില്‍ വായിച്ചു.  ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.പ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ.പി.ഗവാസ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഷഹര്‍ബാന്‍.എം.പി, ഫറോക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.അജിത്കുമാര്‍, മൈനര്‍ ഇറിഗേഷന്‍ അസി.എഞ്ചിനീയര്‍ എ.കെ.സഞ്ജീവ്, ചെറുവണ്ണൂര്‍ വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പാള്‍ ടി.സഞ്ജീവ് കുമാര്‍, ചെറുവണ്ണൂര്‍ ഹൈസ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് സീമ.പി, പ്രിന്‍സിപ്പാള്‍ കെ.സഫിയ, പി.ടി.എ പ്രസിഡന്റ് ശിവശങ്കരന്‍. എന്‍.പി, എം.പി.ടി.എ പ്രസിഡന്റ് മിനി.എ, പദ്ധതി നിര്‍വ്വഹണ ഏജന്‍സിയായ ഐ.റ്റി.എല്‍ മുംബൈയുടെ ജനറല്‍ മാനേജര്‍ രാജീവ് ചേല്ലാട്ട് എന്നിവര്‍ ആശംസ അറിയിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

നിലവില്‍ ജലഗുണനിലവാര പരിശോധന ലാബുകള്‍ സ്ഥാപിച്ചിട്ടുള്ളത് ബേപ്പൂര്‍ മണ്ഡലത്തില്‍ രാമനാട്ടുകര സേവാമന്ദിര്‍ പോസ്റ്റ് ബേസിക് ഹയര്‍ സെക്കണ്ടറി, ഫറോക്ക് ഗവ.ഗണപത് ഹയര്‍സെക്കണ്ടറി, കടലുണ്ടി സി.എം ഹയര്‍സെക്കണ്ടറി, ചെറുവണ്ണൂര്‍ ജി.എച്ച്.എസ്.എസ് സ്‌കൂളുകളിലും കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മീഞ്ചന്ത ജി.വി.എച്ച്.എസ്.എസ്, ആഴ്ചവട്ടം ജി.എച്ച്.എസ്.എസ്, കുറ്റിച്ചിറ ജി.എച്ച്.എസ്.എസ്, മെഡിക്കല്‍ കോളേജ് ക്യാമ്പസ് ജി . എച്ച് . എസ് . എസ് സ്‌കൂളുകളിലും, കുന്ദമംഗലം മണ്ഡലത്തില്‍ കുന്ദമംഗലം ജി.എച്ച് . എസ്.എസ് . ഇരിങ്ങല്ലൂര്‍ ജി.എച്ച് . എസ്.എസ് സ്‌കൂളുകളിലും കൊയിലാണ്ടി മണ്ഡലത്തില്‍ പയ്യോളി ജി.വി.എച്ച് എസ് എസ്, കൊയിലാണ്ടി ജി.വി.എച്ച്. എസ്.എസ് എന്നിവിടങ്ങളിലുമാണ്. സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ജലഗുണനിലവാര പരിശോധന ലാബുകളുടെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.

date