Skip to main content

കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ  സാംസ്‌കാരിക വകുപ്പ് മന്ത്രി  ഇന്ന് (ഓഗസ്റ്റ് 31) വിതരണം ചെയ്യും

കേരള സംഗീത നാടക അക്കാദമിയുടെ പരിധിയിൽപ്പെടുന്ന കലാ മേഖലകളിൽ  അതുല്യസംഭാവന നൽകിയ കലാകാരൻമാർക്കുള്ള 2020 ലെ ഫെലോഷിപ്പ്, അവാർഡ്, ഗുരുപൂജ പുരസ്‌കാരങ്ങൾ ഇന്ന്( ഓഗസ്റ്റ് 31 ന് )സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വിതരണം ചെയ്യും. ഇന്ന്  ഉച്ചയ്ക്ക്  രണ്ട് മണി മുതൽ മൂന്നര വരെ തൃശ്ശൂരിലെ   കേരള സംഗീത നാടക അക്കാദമി കെ ടി മുഹമ്മദ് സ്മാരക തിയേറ്ററിൽ   മൂന്ന് സെഷനുകളിലായിട്ടാണ് പുരസ്‌കാര വിതരണം സംഘടിപ്പിക്കുക. പൂർണ്ണമായും കോവിഡ് ചട്ടങ്ങൾ പാലിച്ചായിരിക്കും പരിപാടി. ഉച്ചയ്ക്ക് രണ്ട് മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഫെലോഷിപ്പുകൾ വിതരണം ചെയ്യും. ചടങ്ങിൽ പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. അക്കാദമി ചെയർപേഴ്‌സൺ കെ.പി.എ.സി ലളിത ആമുഖ പ്രഭാഷണം  നടത്തും. അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് ഫെലോഷിപ്പ് നേടിയ മൂന്ന് കലാകരൻമാരെ പരിചയപ്പെടുത്തും. കേരള  സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖൻ, സെക്രട്ടറി ഡോ.കെ.പി.മോഹനൻ, കേരള ലളിതകലാ അക്കാദമി സെക്രട്ടറി പി.വി ബാലൻ എന്നിവർ സംസാരിക്കും. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ പ്രഭാകരൻ പഴശ്ശി സ്വാഗതവും അക്കാദമി നിർവ്വാഹക സമിതി അംഗം അഡ്വ.വി.ഡി.പ്രേമപ്രസാദ് നന്ദിയും പറയും.
പി.എൻ.എക്‌സ്. 2986/2021

date