Skip to main content

പൊന്നാനി നഗരസഭയില്‍ എക്‌സ്പ്രസ് കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു

 

പൊന്നാനി നഗരസഭയില്‍ അത്യാവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ക്കായുള്ള കാത്തിരിപ്പ് ഒഴിവാക്കി സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുവാനായി എക്‌സ്പ്രസ് കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു. എക്‌സ്പ്രസ് കൗണ്ടറിന്റെ ഉദ്ഘാടനം പി.നന്ദകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. പൊതുജനങ്ങള്‍ക്ക് ഇനി അത്യാവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന് അപേക്ഷ സ്റ്റാമ്പ് ഒട്ടിച്ച് എഴുതി നല്‍കി ഓഫീസില്‍ പലതവണ കയറി ഇറങ്ങേണ്ടി വരില്ല. 

 

സേവനങ്ങള്‍ പലതും ഓണ്‍ലൈന്‍ ആയെങ്കിലും നിരവധി പേര്‍ ഇപ്പോഴും വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസുകളെ തന്നെയാണ് ആശ്രയിക്കുന്നത്.  ഇതിന് പരിഹാരമായാണ് എക്‌സ്പ്രസ് കൗണ്ടര്‍ നഗരസഭയില്‍ ആരംഭിച്ചത്.
  നഗരസഭ ഓഫീസിന്റെ പ്രവേശനകവാടത്തിനരികിലാണ് എക്‌സ്പ്രസ് കൗണ്ടര്‍ ഓഫീസ് പ്രവര്‍ത്തനം. ജനനം, മരണം, വിവാഹം, ഓണര്‍ഷിപ്പ് എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ ആണ് ആദ്യഘട്ടത്തില്‍ ലഭ്യമാക്കുക. 51 വാര്‍ഡുകളും ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള പൊന്നാനിയില്‍ ഈ സംവിധാനം ജനങ്ങള്‍ക്ക് ഏറെ  പ്രയോജനകരമാകും. സംവിധാനം നിലവില്‍വരുന്നതോടെ  ജീവനക്കാരെ ഫലപ്രദമായി നഗര വികസനവുമായി ബന്ധപ്പെട്ട  കൂടുതല്‍ ശ്രദ്ധ സെക്ഷനുകളിലെക്ക് പുനര്‍ വിന്യസിക്കാനും സാധിക്കും. നഗരസഭയിലെ കുടുംബശ്രീ യൂണിറ്റിനാണ്  പ്രസ് കൗണ്ടറിന്റെ നടത്തിപ്പു ചുമതല. എക്‌സ്പ്രസ് കൗണ്ടറിനോടനുബന്ധിച്ച് ഹെല്‍പ്പ് ഡെസ്‌ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഒരു കൗണ്‍സിലറും ഒരു ജീവനക്കാരനും അടങ്ങിയ ടീമിന് ആയിരിക്കും ഓരോ ദിവസത്തെയും ചുമതല. ഓഫീസുകള്‍ കൂടുതല്‍ ജനസൗഹൃദവും സേവനങ്ങള്‍ പരമാവധി വേഗത്തിലും നല്‍കുന്നതിനുള്ള സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളുടെ ഭാഗമായാണ് എക്‌സ്പ്രസ് കൗണ്ടര്‍ ആരംഭിച്ചത്.
 

പരിപാടിയില്‍ നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ ടി.മുഹമ്മദ് ബഷീര്‍,രജീഷ് ഊപ്പാല, എം.ആബിദ, ഷീന സുദേശന്‍ കൗണ്‍സിലര്‍മാരായ ഫര്‍ഹാന്‍ ബിയ്യം, അജീന ജബാര്‍, ഗിരീഷ് കുമാര്‍, നഗരസഭ സെക്രട്ടറി മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

date