Skip to main content

കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമാകുന്നു

 

കുടുംബശ്രീ ഉല്പാദന യൂണിറ്റുകളുടെ നേതൃത്വത്തില്‍ പ്രാദേശികമായി നിര്‍മിക്കുന്ന സ്വാശ്രയ ഉല്‍പന്നങ്ങള്‍ക്ക് തദ്ദേശീയമായി വിപണി കണ്ടെത്തുന്ന കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ മുഴുവന്‍ സി.ഡി.എസുകള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ പൈലറ്റ് പ്രൊജക്ട് കൊണ്ടോട്ടി നഗരസഭയിലെയും കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെയും കുടുംബശ്രീ സി.ഡി.എസുകള്‍ വഴി ആരംഭിച്ചു. സി.ഡി.എസുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ച് ജില്ലാമിഷന്‍ തെരഞ്ഞെടുത്ത സി.ഡി.എസ് ലെവല്‍  കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനം കൊണ്ടോട്ടി അല്‍-അമാന ടവറില്‍ തുടക്കമായി. പദ്ധതിക്കായി ഓരോ വാര്‍ഡിലും ഓരോ വാര്‍ഡ് ലെവല്‍ ഫെസിലിറ്റേറ്റര്‍മാരെയും ആവശ്യത്തിന് ഹോംഷോപ്പ് ഓണര്‍മാരെയും  നിയമിക്കും. സി.ഡി.എസില്‍ ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും ഇന്റര്‍വ്യൂ നടത്തിയായിരിക്കും ഫെസിലിറ്റേറ്റര്‍മാരെയും ഹോംഷോപ്പ് ഓണര്‍മാരെയും തെരെഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആറു ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് നിയമനം. ഒക്ടോബര്‍ ആദ്യവാരത്തില്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൊണ്ടോട്ടിയില്‍ നടക്കും.
 

ജില്ലയിലാകെ 7,500 വനിതകള്‍ക്കെങ്കിലും സ്ഥിരം ജോലിയും സുസ്ഥിര വരുമാനവും ഉറപ്പുവരുത്താന്‍ പദ്ധതിയിലൂടെ കഴിയുമെന്ന് കുടുംബശ്രീ മലപ്പുറം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍  ജാഫര്‍.കെ കക്കൂത്ത് പറഞ്ഞു. ജില്ലയില്‍ ഹോംഷോപ്പ് പദ്ധതിക്ക് കുറഞ്ഞത് നൂറ് കുടുംബശ്രീ ഉല്‍പാദകയൂണിറ്റുകളെയെങ്കിലും തെരഞ്ഞെടുക്കും. അതിനായി നിലവിലുള്ള  കുടുംബശ്രീ വനിതാസംരംഭങ്ങളെ മെച്ചപ്പെടുത്തുകയും പുതുതായി ആരംഭിക്കുകയും ചെയ്യും.
 

സി.ഡി.എസ് ലെവല്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലന പരിപാടി കൊണ്ടോട്ടിനഗരസഭ ചെയര്‍പേഴ്‌സണ്‍ ഫാത്തിമത്ത് സുഹറ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ സുരേഷ് കുമാര്‍ അധ്യക്ഷനായി. ഹോംഷോപ്പ് പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ പ്രസാദ് കൈതക്കല്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍    കെ. സി സജിത, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.ശോഭന, ജില്ലാ പ്രോഗ്രാം മാനേജര്‍  റെനീഷ്, കെ.സതീശന്‍, കെ.പി അരുണിമ എന്നിവര്‍ സംസാരിച്ചു. പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത് കോഴിക്കോട് ജില്ലയിലെ ഹോംഷോപ്പ് മാനേജ്‌മെന്റ് ടീം അംഗങ്ങളാണ്.

date