Skip to main content

നഷ്ടപരിഹാര വിതരണം വേഗത്തിലാക്കണം-എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ

കാട്ടാനകളുടെ ആക്രമണത്തില്‍ കാര്‍ഷിക വിളകളുടെ നാശനഷ്ടങ്ങള്‍ക്കൊപ്പം ജീവഹാനി വരെയുണ്ടായ സംഭവങ്ങളുണ്ടാകുന്നുണ്ട്. ഭയപ്പാടോടെ നിരവധി പേരാണ് വീടു വിട്ടൊഴിഞ്ഞു പോയത്. എന്നാല്‍ അവരുടെ നഷ്ടങ്ങള്‍ നികത്തിയിട്ടില്ലെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. വനമേഖലയിലെ റോഡുകള്‍ ടാര്‍ ചെയ്യുന്നതിനോ കോണ്‍ക്രീറ്റ് ചെയ്യുന്നതിനോ തുക അനുവദിച്ചാല്‍ പോലും ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല. വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള തൂക്ക് സൗരോര്‍ജ വേലികള്‍ ഉള്‍പ്പെടെ എത്രമാത്രം പ്രായോഗികമാണെന്ന് പരിശോധിക്കണമെന്നും കാറഡുക്ക പഞ്ചായത്തില്‍ ഫോറസ്റ്റ് സ്റ്റേഷന്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ പറഞ്ഞു.

വന്യമൃഗങ്ങളെ പ്രതിരോധിക്കാന്‍ സുരക്ഷാസംവിധാനം ശക്തിപ്പെടുത്തണം- ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ

കാര്‍ഷിക വിളകള്‍ നശിക്കുന്നതിനൊപ്പം ആളുകള്‍ക്ക് ജീവഭയം കൂടിയുണ്ടെന്ന് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു. ഫെന്‍സിങ് ഇല്ലാത്ത പ്രദേശങ്ങളും കാഞ്ഞങ്ങാട് മണ്ഡലത്തിലുണ്ട്. അടുത്ത ദിവസങ്ങളില്‍ പോലും ബളാല്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ ആനയിറങ്ങി. ആനയുടെ വരവില്‍ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് പോലും രക്ഷയില്ലാതായെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ റാണിപുരത്തേക്കുള്ള റോഡ് പ്രവൃത്തികള്‍ നടക്കുന്നുണ്ട്. ചുരുക്കം സ്ഥലങ്ങളില്‍ വനം വകുപ്പിന്റെ പ്രശ്നമുണ്ടെന്നും വര്‍ഷങ്ങളായി ഉപയോഗിക്കുന്ന റോഡിന്റെ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സംസ്ഥാനാടിസ്ഥാനത്തില്‍ തീരുമാനമെടുക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.

ആനയുടെ വഴി അടക്കണം-സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ

കര്‍ണാടക വനാതിര്‍ത്തി കടന്ന് ആന കടന്നു വരുന്ന വഴി അടക്കണമെന്ന് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ആവശ്യപ്പെട്ടു. ആന വരാതിരിക്കാന്‍ പര്യാപ്തമായ പ്രതിരോധം തീര്‍ക്കണം. ട്രഞ്ച് തീര്‍ക്കുന്നത് കൊണ്ട് മാത്രം കാര്യമില്ല. മാങ്കുളം മോഡലിനെക്കുറിച്ച് പഠിച്ച് ശാസ്ത്രീയമായ രീതിയില്‍ നടപ്പിലാക്കണം. ഇപ്പോള്‍ പരമ്പരാഗത രീതിയിലാണ് ആളുകള്‍ പ്രതിരോധം തീര്‍ക്കുന്നത്. ആനയെ തുരത്താന്‍ വൈദഗ്ധ്യമുള്ള ആളുകള്‍ വേണം. ഇതിനായി വനമേഖലയോട് ചേര്‍ന്നുള്ള ആളുകള്‍ക്ക് പരിശീലനം നല്‍കണം. മലയോര ഹൈവേ കടന്നു പോകുന്ന പ്രദേശങ്ങളില്‍ അനുമതി കിട്ടാത്ത പ്രശ്നത്തിന് പരിഹാരം വേണമെന്നും ഉദ്യോഗസ്ഥരുടെ പരിമിതി പരിഹരിക്കാന്‍ എണ്ണം കൂട്ടണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. വനത്തിനുള്ളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കണം. ഇങ്ങനെ ചെയ്താല്‍ വനഭൂമി കൂടുന്നതിനൊപ്പം വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും അവരെ രക്ഷപ്പെടുത്താനും സാധിക്കും.

ഓപ്പറേഷന്‍ ഗജ വീണ്ടും തുടങ്ങണം-എം.രാജഗോപാലന്‍ എം.എല്‍.എ

കാട്ടാനകളെ തുരത്തിയോടിക്കാന്‍ ഓപ്പറേഷന്‍ ഗജ വീണ്ടും തുടങ്ങണമെന്ന് എം.രാജഗോപാലന്‍ എം.എല്‍.എ പറഞ്ഞു. ഇതിനൊപ്പം കാടറിയുന്ന തദ്ദേശീയരെ ഉള്‍പ്പെടുത്തി വിപുലീകൃതമായ ദ്രുതകര്‍മ സേനയുടെ രൂപീകരണം അത്യാവശ്യമാണ്. കാട്ടാനയുള്‍പ്പെടെയുള്ളവയെ പ്രതിരോധിക്കാന്‍ ഒരുക്കുന്ന സംവിധാനങ്ങളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് എം. രാജഗോപാല്‍ എം.എല്‍.എ ആവശ്യപ്പെട്ടു. നിലത്തുകൂടി ചേര്‍ന്നു നിര്‍മ്മിക്കുന്ന സോളാര്‍ വേലികള്‍ സംരക്ഷിക്കപ്പെടുന്നില്ല. ഇത് സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ കാലാനുസൃതമായ പരിശോധനകള്‍ നടത്തണം. അതിനാല്‍ സോളാര്‍ തൂക്കുവേലികള്‍ ആണ് അഭികാമ്യം. റെയില്‍ ഫെന്‍സിങ്, ട്രെഞ്ചിങ് തുടങ്ങിയവ കൂടി അതാത് പ്രദേശങ്ങള്‍ക്ക് യോജിച്ച പ്രതിരോധ മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടത്. കാര്‍ഷിക വിളകള്‍ നഷ്ടമായ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം വനം വകുപ്പ് മുഖേന നല്‍കണമെന്നും നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗശല്യം ഉള്ള പ്രദേശങ്ങളിലുള്ളവര്‍ക്ക് കാലതാമസമില്ലാതെ തോക്ക് ലൈസന്‍സ് പുതുക്കി നല്‍കണം. സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായി നട്ട അക്കേഷ്യ മരങ്ങള്‍ വ്യാപകമായി വളര്‍ന്നുവെന്നും അക്കേഷ്യയുടെ വേരറുത്ത് കൊണ്ട് പ്രകൃതി സംരക്ഷണം ഉറപ്പാക്കാന്‍ മനുഷ്യനും പ്രകൃതിക്കും യോജിച്ച മരങ്ങള്‍ നടണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.

 

വനത്തിനകത്തു കൂടി കേബിള്‍ വലിക്കാന്‍ സൗകര്യം വേണം-ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ഓണ്‍ലൈന്‍ പഠന കാലത്ത് സാങ്കേതിക പ്രശ്നം മൂലം ഡിജിറ്റല്‍ പഠനം സാധ്യമാകാത്ത കുരുന്നുകള്‍ ഉണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ബളാല്‍ ശിവഗിരി മേഖലയിലെ 30ഓളം കുട്ടികള്‍ക്ക് കേബിള്‍ സൗകര്യമില്ല. താഴ്ഭാഗത്ത് വരെ കേബിള്‍ എത്തിച്ചിട്ടുണ്ട്. മുകളിലേക്ക് കേബിള്‍ വലിക്കാന്‍ വനം വകുപ്പിന്റെ അനുമതി ആവശ്യമാണെന്നും അവര്‍ പറഞ്ഞു.

date