Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 26-08-2021

അപേക്ഷ ക്ഷണിച്ചു

ടൂറിസം വകുപ്പിനു കീഴില്‍ ആരംഭിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ബിഎസ്‌സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് സയന്‍സ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഏകജാലക സംവിധാനം വഴി അപേക്ഷിക്കാം. www.admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്. അണ്‍ എയ്ഡഡ് സ്ഥാപനം ആയതിനാല്‍ മാനേജ്‌മെന്റ് കോട്ട സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവരും ഇതേ രീതിയില്‍ അപേക്ഷിക്കണം. മാനേജ്‌മെന്റ് കോട്ട സീറ്റുകളിലെ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും സഹിതം തലശ്ശേരി എരഞ്ഞോളിയിലെ കിന്‍ഫ്ര സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസില്‍ ഹാജരാവണം. ഫോണ്‍: 0490 2353600, 9400508499.

കേരള വനിതാ കമ്മീഷനില്‍ ഡപ്യൂട്ടേഷനില്‍ ഒഴിവ്

കേരളവനിതാ കമ്മീഷനില്‍ ഒഴിവുള്ള ഒരു സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയില്‍ സര്‍ക്കാര്‍ തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിത കമ്മീഷന്‍, പി എം ജി, പട്ടം പാലസ് പി ഒ, തിരുവനന്തപുരം-695004 എന്ന വിലാസത്തില്‍ സെപ്തംബര്‍ 10നകം ലഭിക്കണം.

'കണ്ണൂര്‍ കാഴ്ചകള്‍' വീഡിയോ നിര്‍മ്മാണ മത്സരം; തീയ്യതി നീട്ടി

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഹയര്‍സെക്കണ്ടറി, കോളേജ് വിദ്യാര്‍ഥികള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമായി നടത്തുന്ന 'കണ്ണൂര്‍ കാഴ്ചകള്‍' വീഡിയോ നിര്‍മ്മാണ മത്സരത്തില്‍ എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി നീട്ടി. സെപ്തംബര്‍ ഏഴ് ആണ് അവസാന തീയ്യതി. ഹയര്‍സെക്കണ്ടറി- കോളേജ് വിദ്യാര്‍ഥികള്‍ക്ക് ടീമുകളായോ വ്യക്തിഗതമായോ മത്സരത്തില്‍ പങ്കെടുക്കാം.
കുട്ടികള്‍ അവരവരുടെ ദേശത്തെ പ്രാദേശിക ടൂറിസം വികസന സാധ്യതയുള്ളതോ ചരിത്രപ്രാധാന്യമുള്ളതോ ആയ സ്ഥലത്തെക്കുറിച്ചാവണം വീഡിയോ സ്റ്റോറി  ചിത്രീകരിക്കേണ്ടത.് വിദ്യാര്‍ഥികള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പ്രത്യേകമായാണ് മത്സരം. വീഡിയോ രണ്ടു മിനിറ്റില്‍ കൂടരുത്. വിദ്യാര്‍ഥികള്‍ നിര്‍മ്മിക്കുന്ന ആദ്യ മൂന്ന് മികച്ച വീഡിയോകള്‍ക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലായി യഥാക്രമം 5000, 2500, 1500 രൂപ വീതം സമ്മാനം നല്‍കും. സര്‍ട്ടിഫിക്കറ്റും പുരസ്‌കാരവുമുണ്ടാകും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഗ്രാമ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും പ്രത്യേകമായാണ് മത്സരം. പഞ്ചായത്തുകളും നഗരസഭകളും അവയുടെ പരിധിയിലെ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാന്‍ സാധ്യതയുള്ളതോ ചരിത്രപ്രധാന്യമുള്ളതോ ആയ ഒരു കേന്ദ്രത്തെ കുറിച്ചാണ് വീഡിയോ ചിത്രീകരണം നടത്തേണ്ടത്. വീഡിയോ രണ്ട് മിനിട്ടില്‍ കൂടരുത്. ഈ വിഭാഗങ്ങളിലേയും മികച്ച മൂന്നു വീഡിയോകള്‍ക്ക് പുരസ്‌ക്കാരം നല്‍കും.
ഫുള്‍ എച്ച് ഡിയില്‍ എം പി 4 ഫോര്‍മാറ്റിലാണ് വീഡിയോ ചിത്രീകരിക്കേണ്ടത്. വീഡിയോ സ്റ്റോറികള്‍ kannurprdcontest@gmail.com ലേക്ക് അയക്കണം. വീഡിയോടൊപ്പം ചിത്രീകരിച്ച ടീമിന്റെ പേരുവിവരങ്ങള്‍, ഫോണ്‍ നമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര്, ചിത്രീകരിച്ച സ്ഥലം സംബന്ധിച്ച ചെറുകുറിപ്പ് എന്നിവ മെയിലില്‍ ഉള്‍പ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങള്‍ സെക്രട്ടറിയുടെ സാക്ഷ്യപത്രം സ്‌കാന്‍ ചെയ്തയക്കണം. ഈ വീഡിയോകള്‍ സര്‍ക്കാറിന്റെ പ്രചാരണ പരിപാടികള്‍ക്ക് ഉപയോഗിക്കുന്നതാണ്. പകര്‍പ്പവകാശം പി.ആര്‍ ഡിയില്‍ നിക്ഷിപ്തമായിരിക്കും. ഫോണ്‍: 0497 2700231.

അഭിമുഖം സെപ്തംബര്‍ ഒന്നിന്

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ്(എന്‍സിഎ-എസ്ടി)(കാറ്റഗറി നം.302/2017) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം സെപ്തംബര്‍ ഒന്നിന് രാവിലെ 8.30ന് പി എസ് സി കോഴിക്കോട് ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂ മെമ്മോ പ്രൊഫൈലില്‍ നിന്നും എടുത്ത് വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, കമ്മീഷന്‍ നിര്‍ദ്ദേശിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും ക്വാറന്റൈനില്‍ അല്ലായെന്ന് വ്യക്തമാക്കുന്ന രേഖയും(സെല്‍ഫ് ഡിക്ലറേഷന്‍ / ഔദ്യോഗിക രേഖ) എന്നിവ സഹിതം ഹാജരാകണം.

കണ്‍സള്‍ട്ടന്റ് കരാര്‍ നിയമനം

പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ഇവാലുവേഷന്‍ ആന്റ് മോണിറ്ററിംഗ് വകുപ്പില്‍ കണ്‍സള്‍ട്ടന്റ് (എം ഐ എസ്) തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷകള്‍ ആഗസ്ത് 31 ന് വൈകിട്ട് അഞ്ചുമണിക്കകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ വെബ്‌സൈറ്റ് www.cmdkerala.net സന്ദര്‍ശിക്കുക.

ക്ഷീരസംഘത്തില്‍ അംഗത്വമില്ലാത്ത കര്‍ഷകര്‍ക്കും ക്ഷേമനിധിയില്‍ ചേരാം

സംസ്ഥാനത്തെ മുഴുവന്‍ ക്ഷീരകര്‍ഷകരെയും ക്ഷീരകര്‍ഷക ക്ഷേമനിധിയില്‍ ചേര്‍ക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. ക്ഷീരസംഘങ്ങളില്‍ അംഗത്വമില്ലാത്ത കര്‍ഷകരെയും ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക്, ഫോട്ടോ എന്നിവ സഹിതം ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അംഗത്വ ഫീസായി നൂറു രൂപ അടയ്ക്കണം. ക്ഷേമനിധിയില്‍ അംഗത്വമെടുത്തശേഷം വര്‍ഷം 500 ലിറ്റര്‍ പാലെങ്കിലും അഞ്ചു വര്‍ഷം ക്ഷീരസംഘങ്ങളില്‍ നല്‍കിയാല്‍ 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ പെന്‍ഷന്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് ക്ഷീരസഹകരണ സംഘങ്ങളിലോ, ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന ഓഫീസുകളുമായോ ബന്ധപ്പെടുക. ഈ നടപടികളുടെ സംസ്ഥാനതല ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വ്വഹിച്ചു.

date