Skip to main content

അശരണരായ സ്ത്രീകള്‍ക്ക് ആശ്രയമാകാന്‍ ശരണ്യ പദ്ധതി

 

വിവാഹമോചിതരും  തൊഴില്‍രഹിതരുമായ സ്ത്രീകള്‍ക്ക് ആശ്രയമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ശരണ്യ സ്വയംതൊഴില്‍ പദ്ധതി. പദ്ധതിയിലൂടെ നിരവധി വനിതകളാണ്  സ്വയം തൊഴിലിലൂടെ ഉപജീവനം കണ്ടെത്തുന്നത്.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ വിധവകള്‍, വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ ഭര്‍ത്താവിനെ കാണാതാവുകയോ  ചെയ്തവര്‍, 30 വയസ്സു കഴിഞ്ഞ അവിവാഹിതര്‍, പട്ടികവര്‍ഗ്ഗത്തിലെ അവിവാഹിതരായ അമ്മമാര്‍, ഭിന്നശേഷിക്കാരായ വനിതകള്‍, ശയ്യാവലംബരും നിത്യ രോഗികളുമായ ഭര്‍ത്താക്കന്മാരുള്ള സ്ത്രീകള്‍ എന്നിവര്‍ക്കായാണ് പദ്ധതി നടപ്പിലാക്കുന്നത്.

പരമാവധി 50,000 രൂപ വരെയാണ് പലിശരഹിത വായ്പ അനുവദിക്കുന്നത്. പ്രൊജക്റ്റ് പരിശോധിച്ച് ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തില്‍ ഒരു ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.

വായ്പാ തുകയുടെ 50%, പരമാവധി 25000 രൂപ സബ്സിഡിയായി അനുവദിക്കും. സംരംഭം നല്ല രീതിയില്‍ നടത്തിക്കൊണ്ടു പോവുകയും ആദ്യ വായ്പയുടെ 50% എങ്കിലും തിരിച്ചടക്കുകയും ചെയ്യുന്നവര്‍ക്ക്  സംരംഭം വിപുലീകരിക്കുന്നതിന്  കുറഞ്ഞ പലിശ നിരക്കില്‍ തുടര്‍ വായ്പ അനുവദിക്കും.  പ്രായപരിധി 18 നും 55 നും മദ്ധ്യേ ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ കവിയരുത്.

ബിരുദധാരികള്‍,  പ്രൊഫഷണല്‍, സാങ്കേതിക യോഗ്യതയുള്ളവര്‍, വ്യാവസായിക പരിശീലന വകുപ്പ് പരമ്പരാഗത തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രവൃത്തി കാര്യക്ഷമത സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, ഐടിഐ, ഐടിസി എന്നിവയില്‍നിന്ന് വിവിധ ട്രേഡുകളില്‍ പരിശീലന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.

അര്‍ഹരായവര്‍ വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍ക്കൊപ്പം അവിവാഹിത അല്ലെങ്കില്‍ ഭര്‍ത്താവ് മരണപ്പെട്ടെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതം ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസില്‍ അപേക്ഷ നല്‍കാം. ശരണ്യ ഒരു തുടര്‍പദ്ധതിയായതിനാല്‍ എത് സമയത്തും അപേക്ഷ നല്‍കാവുന്നതാണ്. പദ്ധതിയില്‍ സഹായം ലഭിക്കുന്നവര്‍ക്ക് തുടര്‍ന്ന് തൊഴില്‍രഹിതവേതനം ലഭിക്കുകയല്ലെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0491-2505204.

date