Skip to main content

ജില്ലാ ആസൂത്രണ സമിതി 23 തദ്ദേശ സ്ഥാപനങ്ങളുടെ 2021-22 വാര്‍ഷിക പദ്ധതികള്‍ അംഗീകരിച്ചു

ജില്ലാ ആസൂത്രണ സമിതി യോഗം ജില്ലയിലെ 23 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍ ഉള്‍പ്പെടുത്തി അന്തിമമാക്കി സമര്‍പ്പിച്ച 2021-22 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. പത്തനംതിട്ട മുനിസിപ്പാലിറ്റിയുടെയും, മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളുടെയും, 19 ഗ്രാമപഞ്ചായത്തുകളുടെയും 2021-22 വാര്‍ഷിക പദ്ധതികള്‍ക്കാണ് ഓണ്‍ലൈനായി ചേര്‍ന്ന  ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്. ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ ആസൂത്രണ സമിതി  മെമ്പര്‍ സെക്രട്ടറിയുമായ ഡോ. ദിവ്യ എസ്. അയ്യര്‍ സന്നിഹിതയായിരുന്നു. പത്തനംതിട്ട മുനിസിപ്പാലിറ്റിക്കു പുറമേ പറക്കോട്, റാന്നി, പന്തളം ബ്ലോക്ക് പഞ്ചായത്തുകളുടെയും
വടശേരിക്കര, ചിറ്റാര്‍, മലയാലപ്പുഴ, മൈലപ്ര, നാറാണംമൂഴി, പെരിങ്ങര, അയിരൂര്‍, അരുവാപുലം, പ്രമാടം, കോഴഞ്ചേരി, കുളനട, റാന്നി അങ്ങാടി, വള്ളിക്കോട്, വെച്ചൂച്ചിറ, ഓമല്ലൂര്‍, കല്ലൂപ്പാറ, റാന്നി പഴവങ്ങാടി, മല്ലപ്പുഴശേരി, തുമ്പമണ്‍ എന്നീ  ഗ്രാമ പഞ്ചായത്തുകളുടെയും വാര്‍ഷിക പദ്ധതികള്‍ക്കാണ്് അംഗീകാരം ലഭിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുമ്പോള്‍ പരിഷ്‌കരിച്ച പദ്ധതിരേഖ സമര്‍പ്പിക്കുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ വനിതഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുക്കുന്ന പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ ആസൂത്രണ സമിതി  മെമ്പര്‍ സെക്രട്ടറിയുമായ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍ദേശിച്ചു.
ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്നതിനാലും, ഇവ തദ്ദേശ സ്ഥാപന തലങ്ങളില്‍ നടപ്പാക്കുന്നതിന് നേതൃത്വം നല്‍കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരായതിനാലും, എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരും ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ പങ്കെടുക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. ജില്ലാ ആസൂത്രണ സമിതി യോഗം ചേരുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിച്ചെങ്കില്‍ മാത്രമേ ഇതു പരിശോധിച്ച് ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ സമര്‍പ്പിക്കുന്നതിന് സാധിക്കുകയുള്ളു. അതിനാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൂട്ടി പദ്ധതികളും അനുബന്ധ രേഖകളും ജില്ലാ പ്ലാനിംഗ് ഓഫീസില്‍ സമര്‍പ്പിക്കണമെന്നും യോഗം നിര്‍ദേശിച്ചു. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ആസൂത്രണ സമിതി കെട്ടിട നിര്‍മാണ പൂര്‍ത്തീകരണത്തിനായി തുക വകയിരുത്തിയിട്ടുണ്ട്. ജില്ലാ ആസൂത്രണ സമിതിയുടെ അടുത്ത യോഗം സെപ്റ്റംബര്‍ മൂന്നിന് ഉച്ചകഴിഞ്ഞ് 2.30ന് ചേരും.
യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date