Skip to main content

മണ്ഡല അടിസ്ഥാനത്തില്‍ നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണം: മന്ത്രി വീണാ ജോര്‍ജ്

മണ്ഡല അടിസ്ഥാനത്തില്‍ നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയില്‍ മണ്‍സൂണ്‍ കാലത്തെ തയാറെടുപ്പുകള്‍ വിലയിരുത്താന്‍ ഓണ്‍ലൈനായി ചേര്‍ന്ന  അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജില്ലയില്‍ വെള്ളപ്പൊക്ക സാധ്യതകള്‍ കാണുന്നു. അവയ്ക്ക് ഒരു ദീര്‍ഘകാല പരിഹാരമായി മണ്ഡല അടിസ്ഥാനത്തില്‍ നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണം. അവ ഏകീകരിച്ച് ജില്ലയുടെ മാസ്റ്റര്‍ പ്ലാനും തയാറാക്കുന്നത് ഉചിതമായിരിക്കും. നദികളുടെ തീരസംരക്ഷണത്തിന്റെ ഭാഗമായി ചെടികള്‍ വച്ചുപിടിപ്പിക്കണം. വള്‍നറബിള്‍ ഏരിയകളില്‍ ജനങ്ങള്‍ വാക്‌സിന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി പറഞ്ഞു.
തിരുവല്ല മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ വെള്ളം ഒഴുകി പോകുന്നതിനു തടസമായ  കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് അഡ്വ. മാത്യു ടി.തോമസ് എംഎല്‍എ പറഞ്ഞു. അപ്പര്‍ക്കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് ഒരു പ്രധാന കാരണം കയറുന്ന വെള്ളത്തിന് ഒഴുകിപ്പോകുവാന്‍ സ്ഥലമില്ലാത്തതാണ്. വെള്ളം കയറി ഇറങ്ങിപ്പോകുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോവിഡ് കാലമായതിനാല്‍ ക്യാമ്പുകളുടെ എണ്ണം പരമാവധി കൂട്ടി ക്യാമ്പുകളിലെ ആളുകളുടെ എണ്ണം കുറയ്ക്കണമെന്നും എംഎല്‍എ പറഞ്ഞു.
മണ്‍സൂണ്‍ കാല സാഹചര്യങ്ങള്‍ കൃത്യമായും സമയബന്ധിതമായും ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മണ്‍സൂണ്‍ കാലമുന്നൊരുക്കം മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്നും എംഎല്‍എ പറഞ്ഞു.
അണക്കെട്ടുകളില്‍  എക്കല്‍, മണ്ണ് എന്നിവ അടിഞ്ഞുകൂടുന്നത് പ്രളയത്തിന് കാരണമായി പറയപ്പെടുന്നുണ്ടെന്നും നിശ്ചിതമായ ഇടവേളകളില്‍ അവ നീക്കം ചെയ്ത് ആഴം കൂട്ടാനുള്ള ശ്രമം നടത്തണമെന്നും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. മണ്ഡലത്തിലെ ജല നിര്‍ഗമന മാര്‍ഗങ്ങള്‍, നീര്‍ച്ചാലുകള്‍ എന്നിവ ശുചിയാക്കണം. നദീതീരത്തെ കൈയേറ്റങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ റീ സര്‍വേ നടത്തി ഒഴിപ്പിക്കണമെന്നും മഴ ഭൂപടം നിര്‍മിക്കണമെന്നും എംഎല്‍എ പറഞ്ഞു.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഫ്‌ളഡ് ആക്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചു. പഞ്ചായത്ത് അടിസ്ഥാനത്തില്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമുകള്‍ ഉണ്ടാവും. ആറ് താലൂക്കുകളിലായി 584 ക്യാമ്പുകള്‍ തുടങ്ങുന്നതിന് പദ്ധതി തയാറാക്കിയിട്ടുണ്ട്. അവയുടെ എണ്ണം കൂട്ടുന്നതിന് നിര്‍ദേശം നല്‍കിയതായും കളക്ടര്‍ പറഞ്ഞു. ദുരന്തനിവാരണം ഡെപ്യുട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, തഹസീല്‍ദാര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date